KeralaLatest

വൈദ്യുതി ലൈൻ പൊട്ടിവീണ് അമ്മായിയമ്മയും മരുമകളും മരിച്ചു,

“Manju”

 

അനൂപ്

മാവേലിക്കര: ബുധനൂരിൽ വീട്ടിന് മുന്നിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേ​റ്റ് അമ്മായിമ്മയും മരുമകളും മരിച്ചു. കടമ്പൂർ ഒന്നാം വാർഡിൽ പടനശേരിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഓമന (65), മകൻ സജിയുടെ ഭാര്യ ഉഷാ മോഹൻ (മഞ്ജു-32) എന്നിവരാണ് മരിച്ചത്. മഞ്ജുവിന്റെ മകൻ ഏഴു വയസുകാരനായ സൂര്യനാണ് (സഞ്ചയ് സജി) രക്ഷപ്പെട്ടത്.

ഇന്നലെ രാവിലെ പത്തിന് അയൽ വീടിന്റെ പരിസരത്ത് നിന്ന തേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത ലൈനിൽ വീണാണ് അപകടം സംഭവിച്ചത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മകൻ സൂര്യൻ വീടിന്റെ വെളിയിലേക്ക് ഓടി ലൈനിൽ തട്ടി തെറിച്ചു വീഴുന്നത് കണ്ട ഓമന കുട്ടിയെ രക്ഷപ്പെടുത്താനായി ഓടിയെത്തി ലൈനിൽ തട്ടി ഷോക്കേ​റ്റു വീണു. അലർച്ചകേട്ട് വീടിനുള്ളിലായിരുന്ന മഞ്ജു പുറത്തേക്കു വന്നു ഇരുവരെയും രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ഷോക്കേ​റ്റത്.

നാട്ടുകാർ കെ.എസ്.ഇ.ബിയിൽ അറിയച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് നേരിയ അനക്കമുണ്ടായിരുന്ന കുട്ടിയെയും മ​റ്റ് രണ്ടു പേരെയും നാട്ടുകാർ പരുമല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയും മഞ്ജുവും മരിച്ചിരുന്നു. സംഭവത്തിൽ മാന്നാർ പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്​റ്റുമോർട്ടത്തിന് ശേഷം മാവേലിക്കര മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ നടത്തും. മഞ്ജു കുടുംബശ്രീ യൂണി​റ്റ് പ്രസിഡന്റാണ്.

Related Articles

Back to top button