InternationalLatest

ചൈനയിൽ ആകെ കൊറോണ കേസുകള്‍ 6,40,000ത്തിലധികമെന്ന് കണ്ടെത്തല്‍ : വിവരങ്ങള്‍ ചോര്‍ന്നു

“Manju”

ബീജിംഗ്: കൊറോണയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ചൈന ഉയര്‍ത്തിയ വാദങ്ങള്‍ പൊളിയുന്നു. ചൈനീസ് സൈനിക സര്‍വ്വകലാശാലയില്‍ നിന്നും കൊറോണയുമായി ബന്ധപ്പെട്ട് ചൈന മൂടിവെച്ചിരുന്ന വിവരങ്ങള്‍ ചോര്‍ന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 84,000ത്തോളം ആളുകള്‍ക്കാണ് രോഗം ബാധിച്ചതെന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ ഇതിന്റെ എട്ട് ഇരട്ടിയോളം ആളുകള്‍ക്ക് രോഗം ബാധിച്ചെന്നാണ് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

സൈനിക സര്‍വ്വകലാശാലയില്‍ നിന്നും ചോര്‍ന്ന വിവരങ്ങളില്‍ 6,40,000ത്തിലധികം ആളുകള്‍ക്കാണ് ചൈനയില്‍ രോഗം ബാധിച്ചതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ചങ്ഷയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയില്‍ നിന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ 230 നഗരങ്ങളില്‍ നിന്നും രോഗം ബാധിച്ച 6,40,000 ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

ഹോട്ടലുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, റെസ്റ്റോറന്റുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെല്ലാം കൊറോണ പടര്‍ന്നു പിടിച്ചിരുന്നു എന്നും അതിനാല്‍ തന്നെ കേസുകളുടെ എണ്ണം ഇപ്പോള്‍ ലഭിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതലാകാനാണ് സാധ്യതയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നേരത്തെ, ചൈനയിലെ മരണ സംഖ്യ 40,000 കവിഞ്ഞിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അമേരിക്കയുള്‍പ്പെടെ ചൈനക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരി വെക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Related Articles

Back to top button