IndiaLatest

കൊറോണ പ്രതിരോധത്തിന് ഇന്ത്യ മാതൃകയാകുകയാണ്.

“Manju”

പ്രജീഷ് വള്ള്യായി

ഇന്ത്യയുടെ മരുന്നുകളും ലോകത്തിന് പ്രിയമായത്. എന്തിന് അമേരിക്ക പോലും ഇന്ത്യന്‍ മരുന്നുകള്‍ ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതിന് പിന്നാലെ ലോക രാഷ്ട്രങ്ങള്‍ സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തി. ഇന്ത്യയാകട്ടെ അഭ്യര്‍ത്ഥിച്ച എല്ലാ രാജ്യങ്ങള്‍ക്കും മരുന്നുകളും കോവിഡ് പ്രതിരോധ ഉപകരണങ്ങളും നല്‍കുകയും ചെയ്തു. അന്നൊക്കെ കളിയാക്കിയിരുന്ന പാകിസ്ഥാന്‍ വന്‍ പ്രതിസന്ധിയിലേക്ക് പോകുന്നതായി സൂചന.

കൊറോണ വൈറസ് കേസുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മരുന്നുകളുടെ ക്ഷാമം തടയുന്നതിനായി ഇന്ത്യന്‍ മരുന്നുകളും അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. ഇക്കണോമിക് ടൈംസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജീവന്‍ രക്ഷിക്കാനുള്ള പ്രധാന മരുന്നുകളും വിറ്റാമിനുകളും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ പട്ടികയില്‍ ക്ഷയം, പോളിയോ, ടെറ്റനസ് എന്നീ രോഗങ്ങള്‍ ചികിത്സിക്കുന്നതിന് ആവശ്യമായ മരുന്നുകളും ഉള്‍പ്പെടുന്നു. മാത്രമല്ല, ബി 1, ബി 2, ബി 6, ബി 12, ഡി 3, സിങ്ക് സള്‍ഫേറ്റ് മോണോ ഹൈഡ്രേറ്റ് എന്നിവയുള്‍പ്പെടെ നിരവധി വിറ്റാമിന്‍ മരുന്നുകളും ഇറക്കുമതി ചെയ്യാം.

മരുന്നിനെങ്കിലും ഇന്ത്യയെ പിണക്കരുതെന്ന് നേരത്തെ പാക്കിസ്ഥാനോട് മരുന്ന് നിര്‍മ്മാതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് രാജ്യത്തെ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് തടസ്സമാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്.

അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് സര്‍ക്കാര്‍ നിരോധിച്ചാല്‍ മരുന്ന് നിര്‍മ്മാണത്തില്‍ 50 ശതമാനത്തോളം രാജ്യത്ത് കുറവ് വരുമെന്ന് മരുന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചിരുന്നു.

കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളും ആശുപത്രിവാര്‍ഡുകളും മരുന്നുകളും ലഭ്യമാക്കേണ്ട ഈ സമയത്ത് ഇത്തരം തീരുമാനം തിരിച്ചടിയാകുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനിലെ 95 ശതമാനം മരുന്നുകളും നിര്‍മ്മിക്കുന്നത് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടാണ്. ഇതില്‍ 50 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണ് എന്നും പിപിഎംഎ മുന്‍ ചെയര്‍മാന്‍ ഡോ. കെയ്‌സര്‍ വഹീദ് പറഞ്ഞു. ചൈനയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് ബാക്കി ഭാഗങ്ങള്‍ വരിക. മരുന്നുകള്‍ ലഭ്യമാകാതെ വന്നാല്‍ പലവിധ രോഗങ്ങള്‍ക്കുള്ള ചികിത്സ രാജ്യത്ത് പ്രതിസന്ധിയിലാകുമെന്നും മരുന്ന് നിര്‍മ്മാണ കമ്പനികള്‍ അറിയിച്ചു.

നേരത്തെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് ഇന്ത്യയുമായുള്ള എല്ലാത്തരം വ്യാപാരവും നിര്‍ത്തിവയ്ക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പാകിസ്താനില്‍ കൊറോണ ബാധിതര്‍ ആകെ 35000 കടന്നിട്ടുണ്ട്. ഇതില്‍ 737 പേര്‍ മരിച്ചതായാണ് ഔദ്യോഗികമായി ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. ഇതിനിടെ പല പ്രവിശ്യകളും ലോക്ഡൗണ്‍ നിയന്ത്രണം ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ ദുരിതത്തിലായതിനാലാണ് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. ജോലി സ്ഥലങ്ങളിലും വ്യവസായ ശാലകളിലും നിയന്ത്രണങ്ങളോട് ആളുകള്‍ പ്രവര്‍ത്തിക്കുകയേ ഇനി മാര്‍ഗ്ഗമുള്ളു. മറ്റ് മാര്‍ഗ്ഗങ്ങള്‍ ഭരണകൂടത്തിന് മുന്നിലില്ല എന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.

പാകിസ്താനിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ ആശുപത്രികളിലെ കണക്കുകള്‍ മാത്രമാണ് പുറത്തുവിടുന്നത്. മറ്റ് ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും മരിക്കുന്നവരുടേയോ ചികിത്സയിലിരിക്കുന്നവരുടേയോ വിവരങ്ങളൊന്നും തന്നെ പുറത്തുവരാത്തതിനാല്‍ കൊറോണ സ്ഥിതിവിവര കണക്കില്‍ വലിയ അവ്യക്തത നിലനില്‍ക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.

 

Related Articles

Back to top button