IndiaKerala

പാമ്പിനെ കൊന്നാല്‍; നമ്മുടെ നിയമങ്ങള്‍ ഇങ്ങനെയാണ്

“Manju”

 

അഞ്ചലില്‍ ഉത്രയെ പാമ്പിനെകൊണ്ടു കടിപ്പിച്ചുകൊന്നവര്‍ക്കെതിരേ വന്യജീവി ആക്ട് പ്രകാരം കേസ്. അഞ്ചല്‍ എറത്ത്, ഏറംവെള്ളശ്ശേരില്‍ വീട്ടില്‍ ഉത്രയെ കരിമൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജിനും പാമ്പിനെ കൈമാറിയ പാമ്പുപിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സുരേഷും കുടുങ്ങും. ഉഗ്രവിഷമുള്ള കരിമൂര്‍ഖനെക്കൊണ്ടാണ് ഉത്രയെ കടിപ്പിച്ചു കൊന്നത്. ഉത്രയെ കൊന്നശേഷം പ്രതി സൂരജ് കരിമൂര്‍ഖനെ തല്ലിക്കൊല്ലുകയായിരുന്നു.

പാമ്പുകളെ പിടിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ലെന്നാണ് 1972 ലെ വന്യജീവി സംരക്ഷണ നിയമം വ്യക്തമാക്കുന്നത്. മൂര്‍ഖന്‍, അണലി, രാജവെമ്പാല, വളപുളപ്പന്‍, ചേര, കുരങ്ങന്‍, കാട്ടുപട്ടി എന്നിവ 1972 ലെ വന്യജീവി ആക്ട് പ്രകാരം ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുന്നവയാണ്. വന്യ ജീവി നിയമപ്രകാരം രാജവെമ്പാലയ്ക്കും നീര്‍ക്കോലിക്കും തുല്യപരിഗണനയാണ്.

ഈ പട്ടികയില്‍ വരുന്നവയെ കൊല്ലുകയോ കൈവശം വയ്ക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്താല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം 3 വര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ തടവും 25000 രൂപ പിഴയും ലഭിക്കും. ഇവയെ പിടികൂടണമെങ്കില്‍ വനംവകുപ്പില്‍ അറിയിച്ച് അനുമതി വാങ്ങണം. വിഷമില്ലാത്ത ചേരപോലുള്ള പാമ്പുകളെ പിടികൂടി കാട്ടില്‍കൊണ്ടുവിടാനും പാടില്ല. അവയെ അതു കഴിയുന്ന വാസയിടങ്ങളിലേക്കു വിടാന്‍ മാത്രമാണ് നിയമം അനുശാസിക്കുന്നത്.

പെരുമ്പാമ്പ്(നാലിനങ്ങള്‍), എഗ് ഈറ്റര്‍(വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന പാമ്പ്) എന്നിവ ഷെഡ്യൂള്‍ ഒന്നില്‍ വരുന്നവയാണ്. എറ്റവും വംശനാശഭീഷണി നേരിടുന്ന വര്‍ഗങ്ങളാണ് ഇതിലധികവും. മരപ്പട്ടി, ഈനാംപേച്ചി, മുതല, മാന്‍, പുലി, കരിമ്പുലി, കാട്ടുപോത്ത്, ചീറ്റപ്പുലി, വെരുക്, ഉടുമ്പ്, കൃഷ്ണമാന്‍, സിംഹവാലന്‍ കുരങ്ങ് എന്നിവ ഈ ഗണത്തില്‍പ്പെടുന്നു. ഇവയെ കൊന്നാലും ഏഴുവര്‍ഷംവരെ തടവും 25000 രൂപവരെ പിഴയും ലഭിക്കാം. തുടര്‍ച്ചയായി കുറ്റകൃത്യം നടത്തിയ പ്രതികള്‍ക്കാണ് ഏഴുവര്‍ഷം ശിക്ഷ ലഭിക്കുക. മറ്റുള്ളവര്‍ക്ക് ശിക്ഷാകാലാവധി കുറയും. കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നി ഷെഡ്യൂള്‍ മൂന്നില്‍വരുന്നതാണ്. ഇവയെ കൊന്നാല്‍ മൂന്നുവര്‍ഷംവരെയാണ് തടവുശിക്ഷ.

നിയമപ്രകാരം 50 രൂപക്ക് മേല്‍ വിലയുള്ള ഒരു ജീവിയെ കൊന്നാല്‍ ഐ.പി.സി. 429 പ്രകാരം അഞ്ചുവര്‍ഷം വരെ തടവും പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഐ.പി.സി. 428 പ്രകാരം, താരതമ്യേന വില കുറഞ്ഞ ജീവികളെ കൊല്ലുകയോ, അംഗഭംഗം വരുത്തുകയോ, ജീവിതം നരകതുല്യമാക്കുകയോ ചെയ്താല്‍ മൂന്നുവര്‍ഷം വരെ തടവും പിഴയും കിട്ടാം. ഒരു വളര്‍ത്തുമൃഗത്തെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്തതായ കേസില്‍ ഐ.പി.സി. 429 പ്രകാരം അഞ്ചുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഒരു കോഴിയെ എറിഞ്ഞ് കാലൊടിച്ചാല്‍ മുന്നുവര്‍ഷം വരെ തടവുശിക്ഷ കിട്ടാം.(ഐ.പി.സി 429). 1860 ലെ ഐ.പി.സി. നിയമമാണ് ഇക്കാര്യത്തില്‍ അവലംബിച്ചിട്ടുള്ളത്. പിന്നീട് നിയമത്തില്‍ മാറ്റമുണ്ടായിട്ടില്ല.

അന്ന് ആന, ഒട്ടകം, റഷ്യന്‍ കുതിര എന്നിവയ്ക്ക് 50 രൂപയ്ക്കു മുകളില്‍ വിലവരുന്നവയായിരുന്നു. യുദ്ധാവശ്യത്തിനായി കൊണ്ടുവരുന്ന ഇവയെ വിഷംകൊടുത്തും മറ്റും കൊന്നുകളയുന്നത് ശത്രുക്കള്‍ ചെയ്തിരുന്നു. ഇന്ത്യന്‍ കുതിരയ്ക്ക് അന്ന് പത്തുരൂപയായിരുന്നു വിലനിശ്ചയിച്ചിരുന്നത്. നിയമത്തില്‍ ഇതുവരെ മാറ്റം വരുത്താത്തതുകൊണ്ട് ഈ വിലപ്രകാരമാണ് കേസുകള്‍ രേഖപ്പെടുത്തുന്നത്. ഒരു വന്യജീവിയേയും നാട്ടുകാര്‍ക്ക് വേട്ടയാടാന്‍ അനുവാദമില്ല.

കേരളത്തില്‍ ഡി.എഫ്.ഒയുടെ അനുമതിയോടെ അക്രമകാരികളായ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാത്രം കൊല്ലാമെന്ന് അടുത്തിടെ ഉത്തരവ് ഇറങ്ങിയിരുന്നു. ഉത്ര സംവത്തിലെ പ്രതികള്‍ക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി എംഗല്‍സ് നായറാണ് വനം വിജിലന്‍സിന് പരാതി നല്‍കി.

Related Articles

Back to top button