KeralaLatest

ഇന്ന് അന്താരാഷ്ട്ര പുകയില വിരുദ്ധദിനം

“Manju”

 

ആർ ഗുരുദാസ്

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകത്തിലാകമാനം പുകയില എന്ന കരിമേഘത്തെ ഇല്ലാതാക്കാൻ അഹ്വാനം ചെയ്യുന്ന മഹത്തായ ദിനാമായാണ് ഇത് കണക്കാകുന്നത്.
പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയില ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നി ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന 1987 മുതൽ എല്ലാ വർഷവും മേയ് 31അന്താരാഷ്ട പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു
നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിക്കുന്ന ഈ മാദക ദ്രവ്യം ഇംഗ്ലീഷിൽ “ടോബാക്കോ” യെന്നും ഹിന്ദിയിൽ തംബാക്ക് എന്നും അറിയപ്പെടുന്നു. ആയുർ‌വേദത്തിലും ഹോമിയോപ്പതിയിലും പുകയിലയെ മരുന്നായി ഉപയോഗിക്കുന്നുണ്ടെങ്കിലും മനുഷ്യന്റെ ജീവനു തന്നെ ഭീഷണിയാകുന്ന ഒന്നിലധികം രോഗങ്ങൾക്ക് പുകയിലയും പുകയില ഉത്പന്നങ്ങളും കാരണമാകുന്നു. പുകയിലച്ചെടിയുടെ ഇലയാണ് പുകയില എന്നറിയപ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന ലഹരിവസ്തുവിന് ഉപഭോക്താവിനെ വീണ്ടും അതിലേക്ക് ആകർഷിക്കാനുള്ള കഴിവുണ്ട്.
മറ്റു ലഹരി വസ്തുക്കളിൽ നിന്നും വിഭിന്നമായി ഈ ലഹരി ഉപയോഗിക്കുന്നതിന്‌ മതത്തിന്റേയും സമൂഹത്തിന്റേയും പിൻബലം കൂടി ഉണ്ടായിരുന്നു.
പുകയിലയുടെ നിരന്തരമായ ഉപയോഗം അർബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. ശ്വാസകോശങ്ങളെ ഇല്ലാതാക്കുന്ന ഈ വിപത്ത് പക്ഷാഘാതത്തിനും ഞരമ്പ് രോഗങ്ങൾക്കും വഴിവയ്ക്കുന്നുവെന്ന് മനസ്സിലാക്കി തുടങ്ങിയത് 1990 കളിലാണ്. അതോടെ തുടക്കത്തിൽ നല്ല പ്രോത്സാഹനം കിട്ടിപ്പോന്ന പുകയില വ്യാപാരം സർക്കാർ തലത്തിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാക്കി തുടങ്ങി. അന്താരാഷ്ട കമ്പനികളുടെ വമ്പിച്ച വരുമാന മാർഗ്ഗമായ പുകയിലയും പുകയില ഉൽപ്പന്നങ്ങൾ വഴിയും ഇന്ന് ലോകത്ത് നടക്കുന്നത്‌ കോടിക്കണക്കിന്‌ ഡോളറിന്റെ ഇടപാടുകളാണ്‌ .

യൂറോപ്പിൽ നിന്നും യാത്രമദ്ധ്യേ ക്രിസ്റ്റഫർ കൊളംബസ്സും സംഘവും അമേരിക്കൻ വൻകരയിലേക്ക് എത്തുന്നതോടെയാണു പുകയിലയെക്കുറിച്ച് ബാഹ്യലോകം അറിയുന്നത്. ക്യൂബയിലെത്തിയ കൊളംബസ് സംഘം അവിടത്തെ ജനങ്ങൾ ഒരു ചെടിയുടെ ഇല ചുരുട്ടി കത്തിച്ച് അതിന്റെ പുക ശ്വസിച്ചു നടക്കുന്നതു കാണാനിടയായി. ഈ ഇലയ്ക്ക് തത്കാലത്തേക്ക് ഉന്മേഷവും ഊർജ്ജവും പകർന്നുനൽകാൻ കഴിയുന്നുണ്ടെന്നു മനസ്സിലാക്കിയതോടെ അവരും പുകയില ഉപയോഗിക്കുകയും അതവർ തങ്ങളുടെ നാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.പതിനാറാം നൂറ്റാണ്ടോടെ ഇത് ലോകമെമ്പാടും പ്രചാരത്തിലായി.
പുക വലിക്കാനും ചവച്ചും പൊടിരൂപത്തിൽ മൂക്കിലേക്കു വലിച്ചും ആളുകൾ പതിനേഴാം നൂറ്റാണ്ടോടെ ഇന്ത്യയിലും പുകയില കൃഷി ചെയ്യാൻ തുടങ്ങി.
ലോകജനസംഖ്യയിൽ 1.1 ബില്യൺ ആളുകളാണ് പുകവലിക്കുന്നത് ഓരോ എട്ടു സെക്കറ്റിലും ഒരാൾ വീതം ഇത് മൂലം മരിക്കുന്നു ഈ വിധത്തിൽ പോയാൽ 2025 ആകുമ്പോൾ 1.6 ബില്യൺ ആളുകൾക്ക് ഇതുമുലം മരണം സംഭവിക്കുമെന്ന് ബന്ധപ്പെട്ട പഠനങ്ങൾ വ്യക്തമാക്കുന്നു.
“ശ്വാസകോശം സ്പോന്ജ് പോലെയാണ് വായു വലിച്ചെടുക്കാനായി രൂപപ്പെടുത്തിയത് ചിലർ സിഗരറ്റ് പുകവലിക്കാനായി അതുപയോഗിക്കുന്നു…………. ”
പുകയിലക്കെതിരെ തീയറ്ററുകളിൽ മുഴങ്ങി കേട്ട ഘനഗാംഭീര്യമായ ആ ശബ്ദം കേൾക്കാത്തവരായി ആരുമില്ല… മാധ്യമപ്രവർത്തകനും ആകാശവാണി മലയാളം വിഭാഗം മേധാവിയുമായിരുന്ന എസ്. ഗോപൻ നായർ.

ഈ പുകയില വിരുദ്ധ ദിനത്തിൽ അദ്ദേഹത്തിന്റെ ശബ്ദശകലങ്ങൾ നമുക്കൊരു ഓർമ്മപ്പെടുത്തലാണ്. സിഗരറ്റ് പുക വലിച്ചു വലിച്ചു കത്തുന്ന മനുഷ്യർക്കുള്ള ഓർമ്മപ്പെടുത്തൽ….. യുവജനങ്ങൾക്കായുള്ള ഓർമപ്പെടുത്തൽ……
ആരാണു സന്തോഷമാഗ്രഹിക്കാത്തതു പക്ഷേ വലിയ വില കൊടുക്കേണ്ടിവന്നാലോ…. കൊടുക്കേണ്ടി വരും വില മാത്രമല്ല സ്വന്തം ജീവനും നമ്മളെ സ്നേഹിക്കുന്നവരുടെ കണ്ണുനീരും…..
കടയിൽ നിന്നും വില കൊടുത്ത് സിഗരറ്റ് വാങ്ങി ചുണ്ടിൽ വെച്ചു കത്തിച്ചു നടുവിന് കയ്യും കുത്തി അഹങ്കാരത്തോടെ ആസ്വദിച്ചു വലിക്കുന്ന നമ്മൾ ഓർക്കുന്നില്ല ജീവന്റെ വില കൊടുത്താണ് വിഷപ്പുക വാങ്ങി വലിക്കുന്നതെന്ന്…..…
അതുതന്നെയാണ് RCC യിലും വിവിധ ക്യാൻസർ ചികിത്സാകേന്ദ്രങ്ങളിലും നമ്മൾ കാണുന്നത്. ജീവിതകാലം അധ്വാനിച്ച് ഉണ്ടാക്കിയ സമ്പത്തുകൊണ്ട് നമ്മൾ വലിച്ചു തള്ളിയ പുകയ്ക് പകരം ക്യാൻസർ ബാധിച്ച ശരീരകോശങ്ങളിലെ ജീവൻ പിടിച്ചു നിർത്താൻ സമ്പത്തു തേടുന്ന ആളുകളെ….…
അവരുടെ കുടുംബത്തിന്റെ കഷ്ടപാടിന്റെ യാതനകളെ, ദുരിതങ്ങളെ ……
ഒരുപക്ഷേ പ്രളയവും ഭുകമ്പവും കൊറോണ എന്ന മഹമാരിയുമൊക്കെ നമ്മളെ തേടിയെത്തുന്നതിനുമുൻപു തന്നെ പുകയില എന്ന മഹാവിപത്ത് നമ്മളെ വേട്ടയാടി തുടങ്ങിയതാണ്
ഇതൊന്നും കാണാതെ പോകരുത്. വലിച്ചു വിടുന്ന പുകയ്ക് പകരം എത്രയോ മനോഹരമായ പ്രഭാതങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും..…
അനേകായിരം കരഘോഷങ്ങൾ ഉള്ള എത്രയോ മൈതാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും അതിലുപരി എത്രയോ നിഷ്കളങ്കമായ പുഞ്ചിരികൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും………….…
ഒഴിവാക്കാം, നമുക്ക് വേണ്ടി,
നമ്മളെ സ്നേഹിക്കുന്നവർക്കുവേണ്ടി,
ലഹരിയുടെ കരാളഹസ്തങ്ങൾ പതിയാത്ത ഭാവി തലമുറയ്ക്കുവേണ്ടി,
ചിന്തിക്കുക !

Related Articles

Back to top button