LatestThiruvananthapuram

ശബരിമലയിൽ യുവതീപ്രവേശനം നടക്കാൻ പാടില്ലായിരുന്നെന്ന് കടകംപള്ളി

“Manju”

തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശനത്തിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ശബരിമലയിൽ നടന്ന സംഭവങ്ങൾ ഒരിക്കലും നടക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഇനിയുള്ള എല്ലാ തീരുമാനങ്ങളും ഭക്തരുമായി ചർച്ച നടത്തിയ ശേഷം മാത്രമേ സ്വീകരിക്കു എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

2018 ലെ ശബരിമല പ്രവേശനം യഥാർത്ഥത്തിൽ കേരളത്തെ സംബന്ധിച്ച് ഒരു അടഞ്ഞ അദ്ധ്യായമാണ്. അതിൽ എല്ലാവരും ഖേദിക്കുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെ തങ്ങൾക്കും വിഷമമുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നതെന്ന് കടകംപള്ളി കൂട്ടിച്ചേർത്തു.

ശബരിമലയിലെ ഭാവി തീരുമാനങ്ങൾ സംബന്ധിച്ച് സർക്കാർ നേരത്തെ നടപടി സ്വീകരിച്ചുകഴിഞ്ഞു. സുപ്രീം കോടതി വിധി എന്തുതന്നെയായാലും ഭക്തരുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തിയ ശേഷം മാത്രമേ ഇനി തീരുമാനമെടുക്കു. അന്നെടുത്ത കേസുകൾ പിൻവലിക്കാനും സർക്കാർ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ മന്ത്രിമാർക്ക് മനഃസ്ഥാപമുണ്ടാകാൻ തുടങ്ങിയിരിക്കുകയാണ്. സി പി എം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാർത്ഥി കൂടിയായ കടകംപള്ളി സമ്മതിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രശ്‌നം സി പി എമ്മിന് വലിയ തിരിച്ചടിയായിരുന്നു. അത് നിയമസഭാ തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന് തെളിഞ്ഞതോടെയാണ് ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. സുപ്രീം കോടതി വിശാല ബെഞ്ചിന്റെ വിധി എന്തു തന്നെയാണെങ്കലും ഭക്തരുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ഇനി തീരുമാനമെടുക്കു എന്നും സർക്കാർ അറിയിച്ചിരിക്കുകയാണ്.

Related Articles

Back to top button