KeralaLatest

ജോൺ എബ്രഹാം -ചലച്ചിത്ര രംഗത്തെ ഒറ്റയാൻ

“Manju”

ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രസംവിധായകരിൽ ഒരാളാണ് ജോൺ എബ്രഹാം .തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശോഭിച്ച ജോൺ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലർത്തിവന്നു. കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി.

മലയാള ചലച്ചിത്ര രംഗത്തെ, അല്ല ഇന്ത്യയിലെ ചലച്ചിത്ര രംഗത്തെ ഒറ്റയാനാണ് ജോണ്‍ . 50 വയസ്സുകൊണ്ട് അദ്ദേഹം സിനിമയുടെ വേറിട്ടുള്ള ചില കാഴ്ചകള്‍ അവശേഷിപ്പിച്ചാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. 1987 മേയ് 31-ന് കോഴിക്കോട്ട് ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണ് ജോൺ അന്തരിച്ചു. മിഠായി തെരുവിലുള്ള ഒരു ചെറിയ ഹോട്ടലിന്‍റെ രണ്ടാം നിലയില്‍ നിന്ന് ജോണ്‍ എബ്രഹാം വീണുപോവുകയാണുണ്ടായത്


തികച്ചും മൗലികമായ സൃഷ്ടികളായിരുന്നു ജോണ്‍ എബ്രഹാമിന്‍റേത്. സിനിമയായിരുന്നു ജോണിന് എല്ലാമെല്ലാം. ചലച്ചിത്ര ആഖ്യാനത്തിന് മാത്രമല്ല ചലച്ചിത്ര ആസ്വാദനത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ആധുനിക സിനിമയുടെ വക്താവായിരിക്കുമ്പോഴും അവ ജനകീയമാക്കാന്‍ ജോണ്‍ എബ്രഹാമിന് കഴിഞ്ഞിരുന്നു. അമ്മ അറിയാന്‍ എന്ന ചിത്രം തന്നെ ഇതിനുദാഹരണം.

ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചു . അങ്ങനെ ജോണ്‍ എബ്രഹാം ഇന്ത്യയിലെ അറിയപ്പെടുന്ന ചലച്ചിത്ര കാവ്യകാരനായി. ജനകീയ സിനിമയുടെ പിതാവായി.നിരന്തരമായ അന്വേഷണത്തിലൂടെ, അതിലൂടെ കണ്ടെത്തിയ ജീവിതത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരത്തിലൂടെ അദ്ദേഹം ചലച്ചിത്ര അവതരണത്തിന് പുതിയ ഭാഷ്യം നല്‍കി.

കുട്ടനാട്ടിലെ ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11-ന് കുന്നംകുളത്ത് ജനനം. കുട്ടനാട്ടിൽ വച്ച് പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റൺ സ്‌കൂളിലും എം.ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചു .തിരുവല്ല മാർത്തോമ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ദർവാസ് യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്ര മീമാംസയിൽ ബിരുദാനന്തരബിരുദത്തിന് ചേർന്നെങ്കിലും പൂർത്തീകരിച്ചില്ല. 1962-ൽ കോയമ്പത്തൂരിലെ എൽ.ഐ.സി ഓഫീസിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തു .എന്നാൽ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വർഷത്തിന് ശേഷം ജോലി രാജി വച്ച് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.

സംവിധാനത്തിനും തിരക്കഥാ രചനയ്ക്കും ഒന്നാം റാങ്കോടെയാണ് ജോണ്‍ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്തു വന്നത്. ‘പ്രിയ’ എന്ന അര മണിക്കൂര്‍ നീളമുള്ള സിനിമയായിരുന്നു ഡിപ്ളോമയ്ക്ക് വേണ്ടി ജോണ്‍ സംവിധാനം ചെയ്ത ചിത്രം

ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ കീഴിലും പഠിച്ചു. ഫിലിം ഡിവിഷനു വേണ്ടി ഹിമാലയത്തെ കുറിച്ചുള്ള ഡോക്യുമെന്‍ററി അദ്ദേഹം സംവിധാനം ചെയ്തു. മണി കൗളിന്‍റെ ഉസ്കീ റോട്ടീ എന്ന ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചു.ഈ ചിത്രത്തിൽ ജോൺ ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചു.

ജോണിന്‍റെ ആദ്യത്തെ മലയാള സിനിമ രാഷ്ട്രീയ പ്രമേയം ഉള്‍ക്കൊള്ളുന്നതായിരുന്നുവിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കുറിച്ചായിരുന്നു ഈ സിനിമയുടെ ഇതിവൃത്തം.അടൂര്‍ ഭാസിയെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയ ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍ ജോണിന്‍റെ മൗലിക പ്രതിഭ തെളിയുന്ന ചിത്രമാണ്.സംഗീത സംവിധായകന്‍ എം.ബി.ശ്രീനിവാസനെ നായകനാക്കി എടുത്ത അഗ്രഹാരത്തിലെ കഴുത എന്ന തമിഴ് ചിത്രം ധീരമായൊരു പരീക്ഷണമായിരുന്നു.

ഋത്വിക് ഘട്ടക് ജോണിന്റെ സിനിമകളെ ആഴത്തിൽ സ്വാധീനിച്ചു. സാധാരണക്കാരന്റെ സിനിമ എന്നും ജോൺ എബ്രഹാമിന്റെ സ്വപ്നമായിരുന്നു. തനിക്ക് ഒരു ക്യാമറ മാത്രമേയുള്ളെങ്കിലും അതുമായി ജനങ്ങൾക്കിടയിലൂടെ നടന്ന് സിനിമ നിർമ്മിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന സമാന്തര സിനിമാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.

ഒഡേസ്സയുടെ ശ്രമഫലമായി ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് അമ്മ അറിയാൻ നിർമ്മിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമ പൊതുസ്ഥലങ്ങളിൽ പ്രദർശി‍പ്പിക്കുകയും ചെയ്ത്, “ജനങ്ങളുടെ സിനിമ” എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഒരളവു വരെ സാക്ഷാത്കരിക്കപ്പെട്ടു.

ഒരു കാലഘട്ടത്തിൽ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർക്കാനും, ചോരയിലൂടെ സ്‌ഥിതിസമത്വവാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്‌ത നക്‌സലിസത്തിന്റെ അനന്തരഫലമായിരുന്നു ‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രം.

അഗ്രഹാരത്തിൽ കഴുതൈ (തമിഴ്)- സംവിധായകനുള്ള സംസ്ഥാന അവാർഡും, പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും , ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ -സംവിധാനത്തിനുള്ള പ്രത്യേക അവാർഡും , അമ്മ അറിയാൻ- ‍ബർലിൻ ചലച്ചിത്രോത്സവത്തിൽ സ്‌പെഷ്യൽ ജൂറി അവാർഡും നേടി

Related Articles

Back to top button