IndiaLatest

24 മണിക്കൂറിൽ 8000ത്തിലധികം രോഗികൾ; ജർമനിയെ മറികടന്ന്‌ ഇന്ത്യ എട്ടാം സ്ഥാനത്ത്

“Manju”

 

ന്യൂഡൽഹി• ലോകത്ത് കോവിഡ് രോഗം ഏറ്റവും മോശമായി ബാധിച്ച പത്തു രാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കയറി ഇന്ത്യ. ലോകത്തെ കോവിഡ് കണക്കുകൾ രേഖപ്പെടുത്തുന്ന വേൾഡോമീറ്റേഴ്സിന്റെ കണക്കു പ്രകാരമാണ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ജർമനിയെ മറികടന്ന് എട്ടാം സ്ഥാനത്ത് എത്തിയത്. ഇന്ത്യയിൽ ഇതുവരെ 1,86,186 പേർക്കു രോഗംബാധിച്ചെന്നാണ് വേൾഡോ മീറ്റേഴ്സിന്റെ കണക്കുകൾ പറയുന്നത്. ജർമനിയിലാകട്ടെ 1,83,332 കോവിഡ് രോഗബാധിതരാണുള്ളത്.

കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യ തുർക്കിയെ മറികടന്ന് ലോകത്ത് ഒൻപതാം സ്ഥാനത്തെത്തിയിരുന്നു. ഇപ്പോൾ 1,88,625 കേസുകളുമായി ഫ്രാൻസാണ് ഇന്ത്യക്കു തൊട്ടുമുന്നിലുള്ളത്. പ്രതിദിന കോവിഡ‍് പരിശോധന ശരാശരി ഒരു ലക്ഷമായി ഉയർത്തിയതിനു പിന്നാലെ, രാജ്യത്തു രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 1,82,143 കോവിഡ് രോഗികളാണ് ഇന്ത്യയിൽ ഉള്ളത്. ഇതിൽ 89,995 പേരാണ് ചികിത്സയിലുള്ളത്. 86,984 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 5164 പേർക്കു ജീവഹാനിയും സംഭവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം 8000ലധികം രോഗികൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്.

ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ബംഗാളിൽ 371 കേസുകളും ഡൽഹിയിൽ 1295 കേസുകളുമാണ് ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,844 ആയി.

രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 24 മണിക്കൂറിൽ ആയിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 21,184 പേർക്കാണ് ഇവിടെ ഇതുവരെ രോഗം സ്ഥരീകരിച്ചത് എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഘട്ടം ഘട്ടമായി ലോക്ഡൗൺ പിൻവലിക്കുമ്പോൾ രാജ്യത്ത് രോഗികളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നത് ആശങ്കയുയർത്തുന്നുണ്ട്.

Related Articles

Back to top button