KeralaLatest

കോവിഡ് രോഗിയെ പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്തത്; ഗുരുതര വീഴ്ച

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: കുവൈറ്റില്‍ നിന്നെത്തിയ തിരുവനന്തപുരം ആലങ്കോട് സ്വദേശിയെ ക്വാറന്റൈനിലാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം. ഇയാള്‍ കോവിഡ് ലക്ഷണത്തോടെ എത്തിയിട്ടും ക്വാറന്റൈനിലാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ശനിയാഴ്ച കുവൈറ്റില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെയാണ് സ്രവം എടുത്തശേഷം മെഡിക്കല്‍ കോളേജില്‍ നിന്നു വീട്ടിലേക്കയച്ചത്. ഞായറാഴ്ച ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെയാണ് വന്‍ വീഴ്ച പുറത്തായത്. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. സ്വകാര്യവാഹനത്തിലാണ് വീട്ടിലേക്കുപോയത്. വിമാനത്താവളത്തില്‍ നിന്നു മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത കേസിലാണ് വീഴ്ച. കോവിഡ് സ്ഥിരീകരിച്ചശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരിച്ചെത്തിച്ചു. ആലങ്കോട് സ്വദേശിക്ക് കുവൈറ്റില്‍ വച്ചും കോവിഡ് ബാധിച്ച്‌ സുഖം പ്രാപിച്ചിരുന്നു.
ഇന്നലെ ജില്ലയില്‍ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 40, 54 വയസ്സുള്ള കാട്ടാക്കട സ്വദേശി, 42 വയസ്സുള്ള കരവാരം ആലങ്കോട് സ്വദേശി, 33 വയസ്സുള്ള ആനാട് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ കാട്ടാക്കട, കരവാരം സ്വദേശികള്‍ കുവൈറ്റില്‍ നിന്നും വ്യത്യസ്ത ദിവസങ്ങളില്‍ ജില്ലകളിലെത്തിയവരാണ്. ആനാട് സ്വദേശി പെയിന്റിംഗ് തൊഴിലാളിയാണ്. 28ന് മൂന്ന് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛര്‍ദിക്കുകയും അവശത ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തി. 27 ന് തമിഴ്നാട്ടില്‍ പോയിരുന്നു. പ്രാഥമിക പരിശോധനയില്‍ രോഗ സാധ്യത തോന്നിയതു കൊണ്ട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് രോഗമുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കുന്നതിനും സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
ജില്ലയില്‍ പുതുതായി 687പേര്‍ രോഗനിരീക്ഷണത്തിലുണ്ട്. 278 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി 9505 പേരാണ് വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 17 പേരെ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ വിവിധ ആശുപത്രികളില്‍ 112 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതിന് പുറമെ 61 സ്ഥാപനങ്ങളിലായി 1474 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് 142 സാമ്ബിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്. നേരത്തെ അയച്ച 120 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. 1880 വാഹനങ്ങളിലായി വന്ന 3451 പേരെ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വിധേയരാക്കി.

Related Articles

Back to top button