KeralaLatest

കേരളത്തിന്‍റെ നെല്ലറകള്‍ നിറച്ചു കൊണ്ട് ചെങ്ങന്നൂരിന്‍റെ നെല്ലും

“Manju”

അജിത് ജി. പിള്ള

കഴിഞ്ഞ കാലഘട്ടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ചെങ്ങന്നൂരിലെ പാടശേഖരങ്ങള്‍ സജീവമായ നെല്‍കൃഷിയിലാണ്. വിസ്മൃതിയിലായ ഞാറ്റുപാട്ടിന്‍റേയും കൊയ്തു പാട്ടിന്‍റേയും കാലം വീണ്ടും ചെങ്ങന്നൂരിലെ പാടശേഖരങ്ങളില്‍ വന്നെത്തുന്നു. അസ്തമയ സൂര്യന്‍റെ തലോടലില്‍ പാടശേഖരങ്ങളിലെ സ്വര്‍ണ്ണത്തിന്‍റെ തിളക്കമുള്ള കതിരുകള്‍ കാറ്റത്ത് നൃത്തമാടുന്ന ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടേയും കാലമിതാ ചെങ്ങന്നൂരില്‍ എത്തുന്നു.

35 വര്‍ഷങ്ങള്‍ക്കു ശേഷം വിവിധ പാടശേഖരങ്ങള്‍ ഇപ്രാവശ്യം ചെങ്ങന്നൂരിന്‍റെ എം.എല്‍.എ. സജി ചെറിയാന്‍റെ നേതൃത്വത്തിൽ സമൃദ്ധി പദ്ധതിയിലൂടെ സജീവമായി നെല്‍കൃഷി ചെയ്ത് സമൃദ്ധമായ വിളവുണ്ടാക്കി. നിരാശയിലായ കര്‍ഷക സമൂഹത്തിന് ആത്മവിശ്വാസം നിറച്ചുകൊണ്ട് മിക്കവാറും എല്ലാ പാടശേഖരങ്ങളിലും നല്ല വിളവുള്ള നെല്‍കൃഷിയും സമൃദ്ധി പദ്ധതിയിലൂടെ നല്കി. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ25 വര്‍ഷം തരിശ് കിടന്നിരുന്ന ആലക്കോട് പാടം, ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ പച്ചിലവേലി, കാരിക്കോണം, എഴുമുളം, കീറ്റുകോണം പാടങ്ങള്‍, പുലിയൂര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളായി തരിശ് കിടന്നിരുന്ന കൊട്ടാരത്തില്‍പ്പടി -നെടുമംഗലം പാടം, 20 വര്‍ഷം തരിശ് നിലമായിരുന്ന ഉഴാട് പാടം, മുളക്കുഴ ഗ്രാമപഞ്ചായത്തിലെ 25 വര്‍ഷങ്ങളായി തരിശ് നിലമായിട്ടുള്ള ഊരിക്കടവ്-നീര്‍വിളാകം – കല്ലൂര്‍ക്കടവ് പാടം, ആലായില്‍ 35 വര്‍ഷക്കാലം തരിശ് നിലമായിരുന്ന പുല്ലാംതാഴം പാടം, കണ്ണമ്പള്ളി -ചാലുംപാട്, മാമ്പ്ര തെക്ക്-വടക്ക് പാടശേഖരങ്ങള്‍,ചെറിയാനാട് പൂമാട്ടിച്ചിറ പാടം എന്നിവടങ്ങളില്‍ സമൃദ്ധമായി നെല്‍കൃഷി ഉണ്ടായി. ചെങ്ങന്നൂരിലെ ആകെ തരിശായിട്ടുള്ള 1016 ഹെക്ടര്‍ നിലങ്ങളില്‍ 522 ഹെക്ടര്‍ നിലങ്ങള്‍ ഈ പ്രാവശ്യം കൃഷി ചെയ്തു. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആകെ 1986 ഹെക്ടര്‍ പാടങ്ങളാണ് ഇപ്രാവശ്യ നെല്‍കൃഷി ചെയ്തത്. മൊത്തം വിളവ് ഏകദേശം 12000 ടണ്‍ നെല്ലുല്പാദിപ്പിക്കുവാന്‍ കഴിഞ്ഞു. ഉത്പാദിപ്പിച്ച 12000 ടണ്‍ നെല്ലില്‍ 2492 ടണ്‍ നെല്ല് ഇപ്രാവശ്യം തരിശ് നിലങ്ങള്‍ കൃഷി ചെയ്തിലൂടെ ഉത്പാദിപ്പിച്ചതാണ്. ഇനിയും കുറേ പാടശേഖരങ്ങള്‍ കൂടി കൃഷി ചെയ്യുവാനുണ്ട്. സമൃദ്ധിയിലൂടെ നിര്‍ദ്ദേശിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിവകുപ്പ് മന്ത്രി 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ചെങ്ങന്നൂരിന്‍റെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട അതിപുരാതനമായ ഇല്ലിമല മൂഴിക്കല്‍ തോടിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് 3 കോടി രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കൃഷിക്കാര്‍ പാടശേഖര സമിതികള്‍ മുഖാന്തിരം ആവിശ്യപ്പെട്ടിട്ടുള്ള മോട്ടറുകള്‍, പറ, എഞ്ചിന്‍തറ, മുഴുവന്‍ നല്കാനുള്ള സംവിധാനം ആയിട്ടുണ്ട്. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ പാടശേഖരങ്ങളും നല്ല രീതിയില്‍ നെല്‍കൃഷി ചെയ്യുന്നതിന് എല്ലാ കൃഷിക്കാര്‍ക്കും ആത്മവിശ്വാസം ലഭിക്കുന്ന തരത്തിലുള്ള എല്ലാ നടപടികളും സമൃദ്ധി പദ്ധതി സ്വീകരിച്ചിട്ടുണ്ട്. തരിശു പാടങ്ങള്‍ ചെങ്ങന്നൂരില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിനോടൊപ്പം നെല്‍കൃഷിക്കാര്‍ക്ക് ആത്മവിശ്വാസവും പ്രത്യക്ഷമാകുന്നു.

Related Articles

Back to top button