KeralaLatest

റോട്ടറി ക്ലബ് ആളുകള്‍ ഹൃദയത്തില്‍ ഏറ്റെടുത്ത പ്രസ്ഥാനം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”
തിരുവല്ല റോട്ടറിക്ലബ് ഇന്റര്‍ നാഷണല്‍ പ്രോഗ്രാം അമൃതോത്സത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംസാരിക്കുന്നു.

തിരുവല്ല : റോട്ടറി ക്ലബ് ഹൃദയത്തില്‍ ആളുകള്‍ ഏറ്റെടുത്ത പ്രസ്ഥാനമാണെന്നും അതിലെ ചുമതലക്കാര്‍ തിരഞ്ഞെടുപ്പുകള്‍ സ്വയം നടത്തുന്നതല്ല. മറിച്ച് തങ്ങളെ നയിക്കുവാന്‍ പ്രാപ്തനാണ് എന്ന് തോന്നുന്നയാളിനെ സംഘത്തിലുള്ളവര്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നും ഇത് മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ജീവിക്കുവാന്‍ കൊതിച്ച് മരിച്ചവരും, മരിക്കുവാന്‍ കൊതിച്ച് ജീവിച്ചവരും ഉള്‍പ്പെട്ട ലോകമാണിത്. മറ്റാര്‍ക്കോ വേണ്ടി ജീവിച്ച് മരിച്ചവരുടെലോകം. ചിലരെ ലോകം കാണുന്നത് തോറ്റയാളുകളാണ്. എന്തിനും ഏതിനും കണക്കുചോദിക്കുന്നവരുടെ ഇടയിലാണ് നമ്മള്‍ ജീവിക്കുന്നത്. ചിലര്‍ കണക്കുപറഞ്ഞ് തുടങ്ങുമ്പോഴാണ് എഴുതിവെയ്കാന്‍ മറന്ന കണക്കുകളെ നമ്മള്‍ ഓര്‍ക്കുന്നത്. സ്നേഹിക്കുന്നവരുടെമുന്നില്‍ നാം കണക്കുകള്‍ മറക്കുന്നു. കൊടുത്ത് കൊടുത്ത് കടപ്പാടുകള്‍ ‍തീര്‍ത്ത് നമ്മള്‍ ഇല കൊഴിഞ്ഞ മരങ്ങളായി മാറും. ചില മനസ്സുകളില്‍ നമ്മള്‍ ജീവിക്കും. ചിലര്‍ പാവമായതിനാല്‍ പാവയായിപ്പോയവരാണ്. മരണക്കിടക്കിയില്‍പ്പോലും ഒരുമിച്ച് കിടക്കണമെന്ന് പറഞ്ഞവര്‍ പലരും രണ്ട് കട്ടിലുകളിലാണ് ഉറങ്ങുന്നത്. കാലത്തിന്റെ കണക്കുകൂട്ടലുകള്‍ എല്ലാ മുറിവുകളും മാറ്റും. വാങ്ങിയതിനേക്കാള്‍ കൊടുത്തതിന്റെ കണക്കുകള്‍ സൂക്ഷിക്കുന്ന ലോകത്ത്‍ സ്നേഹവും പരിഗണനയുമാണ് കണക്കുപറച്ചിലിനേക്കാള്‍ മൂല്യമെന്ന് തോന്നുമ്പോഴേക്കും നാമെല്ലാം വളരെ വൈകിക്കഴിയുമെന്നം സ്വാമി പറഞ്ഞു.

തിരുവല്ല റോട്ടറി ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷം അമൃതോത്സവം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ജില്ലാ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ റട്ടന്‍.പി.എ.ജി. ഡോ. ഗബ്രിയേല്‍ ജോണ്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍, മുന്‍ ദിവസത്തെ പ്രവര്‍ത്തനം റട്ട.കെ.ബാബുമോന്‍ അവതരിപ്പിച്ചു. ഡിസ്ട്രിക്ട് ട്രെയിനര്‍ റട്ടന്‍.കെ.പി. രാമചന്ദ്രന്‍ നായര്‍ അഭിസംബോധന ചെയ്തു. റോട്ടറി ക്ലബ് ചുമതലക്കാരായ ഡോ.ജോണ്‍ ഡാനിയേല്‍, ഇ.ആര്‍. കെ.എസ്. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കെ.കെ. ശൈലജ എം.എല്‍.എ. കൃഷി മന്ത്രി പി.പ്രസാദ് എന്നിവര്‍ വിവിധ ലക്കി ഡ്രോ എടുപ്പ് ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി മുന്‍ സീനിയര്‍ അഭിഭാഷകന്‍ ജസ്റ്റിസ് ആര്‍.ബസന്ത്, അസറ്റ് ഹോംസ് എം.ഡി. വി.സുനില്‍ കുമാര്‍, ഡോ.ജി. സുമിത്രന്‍, സുധി ജബ്ബാര്‍, വൈ കുമനന്‍ എന്നിവര്‍ സംസാരിച്ചു. റോട്ടറി ജില്ല കോണ്‍ഫറന്‍സ് സെക്രട്ടറി പി.എ.ജി. മുരുകന്‍ പാളയത്തില്‍ നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button