IndiaLatest

എടിഎം കൗണ്ടറില്‍ നിന്ന് 8.2 ലക്ഷം രൂപ കവര്‍ച്ച നടത്തി

“Manju”

ശ്രീജ.എസ്

ചെന്നൈ: അണുനശീകരണത്തിനെന്ന വ്യാജേന എത്തിയ ആള്‍ എടിഎമ്മില്‍നിന്ന് 8.2 ലക്ഷം രൂപ കവര്‍ന്നു. ചെന്നൈ എംഎംഡിഎ ഈസ്റ്റ്മെയിന്‍ റോഡിലെ ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നഗരത്തില്‍ പലയിടത്തും ശുചീകരണ തൊഴിലാളികള്‍ അണുനശീകരണ പ്രവൃത്തികള്‍ നടത്തുന്നുണ്ട്. ഇതിനിടെയാണ് ശുചീകരണ തൊഴിലാളിയെന്ന വ്യാജേന എത്തിയ ആള്‍ മോഷണം നടത്തിയത്.

ഓട്ടോറിക്ഷയില്‍ അണുനശീകരണത്തിനുള്ള ഉപകരണങ്ങളും ബാഗുമായും എത്തിയ ആള്‍ സുരക്ഷാ ജീവനക്കാരനോട് അനുവാദം ചോദിച്ചാണ് അകത്തുകയറിയത്. അണുനശീകരണം നടക്കുന്നതിനാല്‍ സുരക്ഷാ ജീവനക്കാരന്‍ കൗണ്ടറില്‍ നിന്ന് പുറത്തേക്കിറങ്ങി. ഇതിനിടെ ചില ഇടപാടുകാര്‍ എടിഎമ്മില്‍ എത്തിയെങ്കിലും അകത്തുള്ളത് ബാങ്ക് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പുറത്ത് കാത്തുനിന്നു.

എടിഎമ്മിലുണ്ടായിരുന്ന ആള്‍ മെഷീനിലെ ചെസ്റ്റ് തുറക്കാന്‍ ശ്രമിക്കുന്നത് ഒരു ഇടപാടുകാരന്‍ കണ്ടിരുന്നു. എന്നാല്‍ പുറത്ത് സുരക്ഷാ ജീവനക്കാരന്‍ ഉണ്ടായിരുന്നതിനാല്‍ മോഷണശ്രമം ആണിതെന്ന് ആരും കരുതിയില്ല. പത്തു മിനിറ്റിന് ശേഷം ബാഗും അണുനശീകരണ ഉപകരണവുമായി മോഷ്ടാവ് പുറത്തിറങ്ങി. തിരക്കിട്ട് നടന്ന ഇയാളെ കണ്ട് ഒരു ഇടപാടുകാരന് സംശയം തോന്നിയതോടെ സുരക്ഷാ ജീവനക്കാരന്‍ മോഷ്ടാവിനെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

സംഭവമറിഞ്ഞത്തിയ ബാങ്ക് മാനേജര്‍ എടിഎം പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി സ്ഥിരീകരിച്ചത്. മെഷീനുള്ളിലെ ചെസ്റ്റ് തുറന്നാണ് 8.2 ലക്ഷം രൂപ കവര്‍ന്നത്. താക്കോലും പാസ് വേര്‍ഡും ഉപയോഗിച്ചാണ് എടിഎം ചെസ്റ്റ് തുറന്നിരിക്കുന്നത് എന്നതിനാല്‍ ബാങ്കുമായി ബന്ധപ്പെട്ട ആര്‍ക്കോ കൃത്യത്തില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ..

Related Articles

Back to top button