KeralaLatest

മഴക്കാലരോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം

“Manju”

 

മഴക്കാലത്ത് ജലത്തിലൂടെയും വായുവിലൂടെയും ഒക്കെ ഉള്ള രോഗാണുപ്പകര്‍ച്ച മൂലം പലവിധ സാംക്രമിക രോഗങ്ങള്‍ കൂടിയ തോതില്‍ കാണപ്പെടുന്നു.
മഴക്കാലരോഗങ്ങള്‍ വരാതിരിക്കാനുള്ള തയാറെടുപ്പുകളാണ് ആദ്യം വേണ്ടത്. പ്രാണിജന്യരോഗങ്ങള്‍, ജലജന്യരോഗങ്ങള്‍ എന്നിങ്ങനെ രണ്ട് തരത്തില്‍ മഴക്കാല രോഗങ്ങളെ തരംതിരിക്കാം.

നമ്മുടെ നാട്ടില്‍ പടരുന്ന അധികം രോഗങ്ങളും ആഹാരത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ പടരുന്നവയാണ്. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈ വൃത്തിയായി കഴുകണം. ഭക്ഷണപദാര്‍ഥത്തില്‍ ഒരിക്കലും ഈച്ചയോ മറ്റു പ്രാണികളോ വന്നിരിക്കാവുന്ന അവസ്ഥ ഉണ്ടാക്കരുത്. വലിയ പാത്രത്തില്‍ നിന്ന് കൈയിട്ട് വെള്ളം എടുക്കരുത്.. അങ്ങനെയങ്ങനെ വൃത്തിക്കാര്യങ്ങളില്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്.

വീടും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രാണിജന്യരോഗങ്ങള്‍ പടരാതിരിക്കാന്‍ ആകെ ചെയ്യാവുന്ന കാര്യം. ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ അടിഭാഗം, വാട്ടര്‍ട്ടാങ്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളമില്ലെന്നുറപ്പു വരുത്തണം. കഴിവതും ചെളിവെള്ളം കാലില്‍പ്പറ്റാതെ ശ്രദ്ധിച്ചും മറ്റും എലിപ്പനി വരാതെ സൂക്ഷിക്കാം.

വെള്ളം ആരോഗ്യകരമായി സംഭരിച്ചുനിര്‍ത്താനുള്ള തയാറെടുപ്പ്, വെള്ളത്തില്‍ കൊതുകുകള്‍ വളരുന്നില്ലെന്ന് ഉറപ്പു വരുത്തുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ആരോഗ്യകരമായി ആഹാര പാനീയ കൈകാര്യം ചെയ്യുക. രോഗം വന്നാലുടനെ ചികിത്സ തേടുക എന്നതാണ് ആകെ ചെയ്യാവുന്ന കാര്യം. ചികിത്സ തേടാതിരിക്കുന്തോറും രോഗം കൂടുതല്‍ മാരകമാവുമെന്നതു മാത്രമാണ് ഫലം

രോഗങ്ങള്‍ തടയാന്‍ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം .മറക്കാതെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും പരിസരവൃത്തിയിലും ഒരു പോലെ ശ്രദ്ധ ചെലുത്തുക.
ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും, മലവിസര്‍ജനത്തിന് ശേഷവും, ഭക്ഷണം പാചകം ചെയ്യുന്നതിന് മുന്‍പും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
പഴങ്ങള്‍, പച്ചക്കറികള്‍ ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുക.
ആഹാരം വൃത്തിയായി പാകം ചെയ്ത് മാത്രം കഴിക്കുക, ഇടവേളകളില്‍ മൂടി വെക്കുക, പഴകിയതും തുറന്നുവച്ചിരിക്കുന്നതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കാതിരിക്കുക.
തിളച്ച വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. വെള്ളം അഞ്ചു മിനുട്ടോളം വെട്ടി തിളപ്പിക്കണം. തിളച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ച് ഉപയോഗിക്കാന്‍ പാടില്ല.
കുടിവെള്ള സ്രോതസുകള്‍ ബ്ലീച്ചിംഗ് പൗഡര്‍, ക്‌ളോറിന്‍ ഗുളികകള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുക. പൊതുടാപ്പുകളിലൂടെ ശുദ്ധജലം ലഭിച്ചില്ലെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം.
വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
തുറസായ സ്ഥലത്ത് മലവിസര്‍ജനം ചെയ്യാതിരിക്കുക.
പഴകിയ ഭക്ഷണവും മാലിന്യവും അലക്ഷ്യമായി വലിച്ചെറിയരുത്.

കൊതുകിന്റെ പ്രജനനം തടയാന്‍ : വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കണം.ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഉള്ള ‘ഡ്രൈ ഡേ ആചരണം’ (കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍) നടത്തുന്നത് ശീലമാക്കുക.
മഴവെള്ളമോ മറ്റു ശുദ്ധജലമോ കെട്ടിനില്‍ക്കുന്ന പാത്രങ്ങള്‍, ചിരട്ട, കുപ്പി, കപ്പ്, ആട്ടുകല്ല്, ടയര്‍, മരപ്പൊത്ത്, ഫ്രിഡ്ജിനു പിന്നിലെ ട്രേ മുതലായവയില്‍ വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുക. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ക്ക് പെറ്റ് പെരുകാന്‍ ഒരു സ്പൂണ്‍ വെള്ളം പോലും വേണ്ട

കൊതുക് കടിക്കാതെ ഇരിക്കാന്‍ വ്യക്തിഗത പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക. അതായത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീര ഭാഗം പരമാവധി മറയ്ക്കുന്ന വസ്ത്രം ധരിക്കുക, പുറത്തു കാണുന്ന ഭാഗങ്ങളില്‍ കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങള്‍ പുരട്ടുക. കൊതുകുവല ഉപയോഗിക്കുക. ജനല്‍, മറ്റു ദ്വാരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊതുകു കടക്കാത്ത വല അടിക്കുക.

എലിപ്പനി പ്രതിരോധിക്കാന്‍ കെട്ടി കിടക്കുന്ന മലിനജലവുമായുള്ള സമ്പര്‍ക്കം കഴിയുന്നതും ഒഴിവാക്കുക. എന്നാല്‍ വയലുകളിലും മറ്റു കൃഷിയിടങ്ങളിലും ഓടകളിലും ജോലി ചെയ്യേണ്ടി വരുന്നവര്‍ കൈയുറ, റബ്ബര്‍ ബൂട്ട് എന്നിവ ഉപയോഗിക്കുക. മുറിവുകള്‍ കൃത്യമായി ബാന്‍ഡേജ് കൊണ്ട് മറയ്ക്കുക, ജോലിക്ക് ശേഷം തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കൈകാലുകള്‍ വൃത്തിയാക്കുക.

എലിവിഷം, എലിപ്പെട്ടി, നാടന്‍ എലിക്കെണികള്‍ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക.സ്വയം ചികില്‍സ അപകടകരമാണ്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടനെ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

Related Articles

Check Also
Close
Back to top button