AlappuzhaKeralaLatest

സ്വകാര്യ ബസ്സ് ഓട്ടം; കനത്ത നഷ്ടം

“Manju”

സിന്ധുമോള്‍ ആര്‍

ആലപ്പുഴ: ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഓട്ടം ആരംഭിച്ചെങ്കിലും ഉടമകളുടെ പോക്കറ്റ് ചോരുന്നതിനാല്‍ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിറുത്തുന്നു. ഇത് സമരമല്ലെന്നും നഷ്ടം സഹിച്ച്‌ വണ്ടിയോടാനാവത്തതിനാല്‍ സര്‍വീസ് അവസാനിപ്പിക്കുകയാണെന്നും ബസ് ഉടമകള്‍ പറയുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറമേ, കൂട്ടിയ ബസ് ചാര്‍ജ് പിന്‍വലിച്ചതാണ് സ്വകാര്യ ബസ് മേഖലയ്ക്ക് തിരിച്ചടിയായത്. രണ്ട് മാസത്തെ ലോക്ക് ഡൗണിനു ശേഷം വലിയ തുക മുടക്കിയാണ് ബസുകള്‍ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കിയത്. യാത്രക്കാര്‍ കുറവായതിനാല്‍ ഭൂരിഭാഗം ബസുകളും ആദ്യ ആഴ്ച തന്നെ ഓട്ടം അവസാനിപ്പിച്ചിരുന്നു. ആലപ്പുഴ, കായംകുളം, ഹരിപ്പാട്, മാവേലിക്കര, ചേര്‍ത്തല, തീരദേശ റൂട്ടുകളിലുമായി 450 ഓളം സ്വകാര്യ ബസുകളാണുള്ളത്. നിലവില്‍ 50 എണ്ണം പോലും നിരത്തിലറങ്ങുന്നില്ല.

തീരദേശ റൂട്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതില്‍പ്പിന്നെ സ്വകാര്യ ബസുകള്‍ ഓടിയിട്ടില്ല. യാത്രക്കാര്‍ ഇല്ലാതായതോടെ പ്രതിദിനം 5000 രൂപയുടെ വരെ നഷ്ടമാണ് ഓരോ ബസും നേരിടുന്നത്. ഡീസല്‍ കാശ് പോലും മുതലാകുന്നില്ലത്രെ. ദിവസവേതനത്തിന് നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കാന്‍ ബസുടമകള്‍ക്കും സാധിക്കാത്ത സ്ഥിതിയാണ്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്ന് വ്യത്യസ്തമായി സ്വകാര്യ ബസുകളില്‍ ഇരുവശങ്ങളിലും രണ്ട്പേര്‍ക്ക് വീതം ഇരിക്കാവുന്ന സീറ്റുകളാണ്. സീറ്റുകളുടെ ആകെ എണ്ണവും കുറവാണ്. സാമൂഹിക അകലം പാലിച്ച്‌ കുറച്ച്‌ പേരെയെങ്കിലും നിറുത്തിക്കൊണ്ടുപോകാന്‍ സാധിച്ചാല്‍ നഷ്ടം കുറയ്ക്കാനാവുമെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ രോഗത്തെ ഭയന്ന് ബസ് യാത്രയ്ക്ക് പലരും എത്തുന്നുമില്ല. മിനിമം നിരക്ക് 12 രൂപയെങ്കിലുമാക്കാതെ പിടിച്ചു നില്‍ക്കാനാവില്ല. ഇത് സമരമല്ല. മറ്റ് മാര്‍ഗമില്ലാതെ സര്‍വീസ് നിറുത്തുകയാണ്.

Related Articles

Back to top button