KeralaLatest

ആഭ്യന്തര സഞ്ചാരികളെ കാത്ത് കോവളം

“Manju”

സിന്ധുമോള്‍ ആര്‍

 

കോവളം: കൊവിഡ് 19 പിടിമുറുക്കിയതോടെ ആളൊഴിഞ്ഞ കോവളം വിനോദ സഞ്ചാരകേന്ദ്രത്തിന് ഇനി പ്രതീക്ഷ ആഭ്യന്തര സഞ്ചാരികള്‍ മാത്രം. വിദേശികളുടെ ബുക്കിംഗുകള്‍ കൂട്ടത്തോടെ കാന്‍സല്‍ ചെയ്തതും കൊവിഡ് രോഗവ്യാപനത്തിന്റെ തോത് അതിവേഗം വര്‍ദ്ധിക്കുന്നതും കോവളം തീരത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന വിദേശികളില്‍ ഭൂരിഭാഗവും മടങ്ങിപ്പോയി. അതിനാല്‍ തന്നെ ആഭ്യന്തര സഞ്ചാരികളില്‍ മാത്രമാണ് ഇവിടത്തെ കച്ചവടക്കാരുടെയും ഹോട്ടലുകളുടെയും പ്രതീക്ഷ. രോഗവ്യാപനത്തില്‍ ശമനമുണ്ടായാല്‍ മാത്രമേ ആഭ്യന്തര സഞ്ചാരികളും എത്തി തുടങ്ങുകയുള്ളു.

കാലവര്‍ഷമെത്തിയതും ടൂറിസത്തിന് തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ ഇന്ന് മുതല്‍ റസ്റ്റോറന്റുകള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും കോവളം ബീച്ചിലെ സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കുമെന്ന് കെ.ടി.പി.ഡി.സി രക്ഷാധികാരി കോവളം ടി.എന്‍. സുരേഷ് പറഞ്ഞു. കൊവിഡ് 19 കാരണം വലിയ നഷ്ടമാണ് കടയുടമകള്‍ കണക്കുകൂട്ടുന്നത്. പലരും റസ്റ്റോറന്റുകളും കടമുറികളും വാടകയ്‌ക്കെടുത്താണ് നടത്തുന്നത്. വാടക ഉള്‍പ്പെടെ വന്‍ തുകയാണ് ഉടമസ്ഥര്‍ക്ക് ഒരു വര്‍ഷം നല്‍കേണ്ടത്. ഇതെല്ലാം വിദേശികളുടെ വരവനുസരിച്ചാണ് ഇവര്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം താളംതെറ്റി. കൊവിഡ് 19 ഭീതി അലയടിച്ചതോടെ കോവളം ടൂറിസം മേഖല മുഴുവനായും സ്തംഭിച്ചിരിക്കുകയാണ്.

വിദേശത്തുനിന്നുള്ള ടൂറിസം ബിസിനസ് പഴയനിലയിലേക്ക് വരാന്‍ ഒന്നു രണ്ടുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് നിഗമനം. സ്തംഭനത്തിലായ കേരളത്തിലെ ടൂറിസം മേഖലയെ രക്ഷപ്പെടുത്താന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റുപോലെ നടക്കേണ്ട പല അന്താരാഷ്ട്ര ടൂറിസം പരിപാടികളും മാറ്റിയിരിക്കുകയാണെന്നും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

Related Articles

Back to top button