KeralaLatest

കള്ളനെന്ന് മുദ്രകുത്തി അപമാനിച്ചില്ലേ! മോഷണകുറ്റം ആരോപിച്ച് പോലീസ് പിടികൂടി കോടതി മോചിപ്പിച്ച ഡ്രൈവര്‍ ജീവനൊടുക്കി

“Manju”

അഞ്ചല്‍: കള്ളനെന്നു മുദ്രകുത്തി അപമാനിച്ച രതീഷ് (38)ജീവനൊടുക്കി. മോഷണക്കേസില്‍ കള്ളനെന്നും മുദ്രകുത്തി പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചല്‍ അഗത്യക്കോട് രതീഷ് ഭവനില്‍ രതീഷാണ് ജീവനൊടുക്കിയത്.

പോലീസിന്റെ ശാരീരിക പീഡനങ്ങളില്‍ ആരോഗ്യവും കേസ് നടത്തിയപ്പോള്‍ കുടുംബത്തിന്റെ സാമ്പത്തിക നിലയും നഷ്ടമായതിന്റെ മനോവിഷമം താങ്ങാനായില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. രശ്മിയാണ് രതീഷിന്റെ ഭാര്യ, മക്കള്‍ കാര്‍ത്തിക, വൈഗ.

2014 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു രതീഷ്. ടൗണിലെ മെഡിക്കല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയെന്ന് ആരോപിച്ച് പോലീസ് രതീഷിനെ അറസ്റ്റു ചെയ്തു. പോലീസിന്റെ മര്‍ദ്ദനം മൂലം രതീഷ് സെല്ലില്‍ തളര്‍ന്നു വീണതായി അന്നു വിവരം പുറത്തുവന്നിരുന്നു. തട്ടിക്കൂട്ടിയതെളിവുകള്‍ ഹാജരാക്കി കോടതിയില്‍ നല്‍കി റിമാന്‍ഡ് ചെയ്തു. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായ ഓട്ടോറിക്ഷ സ്‌റേറഷനില്‍ തുരുമ്പെടുത്തു നശിച്ചു. അപമാന ഭാരം കുടുംബത്തെ തളര്‍ത്തി.

ഇതിനിടയില്‍ 2020 ല്‍ തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസില്‍ പിടികൂടിയപ്പോള്‍ അഞ്ചല്‍ ടൗണിലെ മെഡിക്കല്‍ ഷോപ്പില്‍ മോഷണം നടത്തിയതിനെ കുറിച്ച് വെളിപ്പെടുത്തി. ഇതോടെ രതീഷിനെ കോടതി മോചിപ്പിച്ചു. അപ്പോഴേക്കും കസ്റ്റഡി കാലത്തെ ശാരീരിക പീഡനങ്ങള്‍ രതീഷിനെ മാനസികവും ശാരീരികവുമായി തകര്‍ത്തിരുന്നു. മോഷണ കേസില്‍ പ്രതിയായതിന് ശേഷം രതീഷിന് കാര്യമായ ജോലിയൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ സാമ്പത്തിക നില ആകെ തകിടം മറിഞ്ഞു. കള്ളക്കേസില്‍ കുടുക്കിയ പോലീസുകാര്‍ക്ക് എതിരെ വകുപ്പ് തല അന്വേഷണവും മറ്റും നടക്കുന്നുണ്ട്.രതീഷ് കോടതിയില്‍ നല്‍കിയ കേസും തീര്‍പ്പായിട്ടില്ല.

Related Articles

Back to top button