KasaragodKeralaLatest

ലോക്ക്ഡൗണ്‍ മൂലം ജക്കാര്‍ത്തയില്‍ കുടുങ്ങി കാസര്‍കോട് സ്വദേശികള്‍

“Manju”

സിന്ധുമോള്‍ ആര്‍

കാസര്‍കോട്: ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയ മലയാളികള്‍ക്കൊപ്പം കാസര്‍കോട് സ്വദേശികളായ നിരവധി പേരും. ഭക്ഷണമോ താമസ സൗകര്യമോ ഇല്ലാതെ മൂന്നുമാസമായി നരകയാതനയില്‍. സന്ദര്‍ശക വിസയിലും ചെറിയ ജോലിക്കുമായി എത്തിയ മലയാളികള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ വലിയ ദുരിതത്തിലാണ്. കാസര്‍കോട് തളങ്കര സ്വദേശികളായ നവാസ്, സുബൈര്‍ എന്നിവര്‍ വാട്ട്‌സ് ആപ്പിലൂടെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ളവരും ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിലുള്ളവരും ഇവര്‍ക്കൊപ്പം നാട്ടിലേക്കെത്താന്‍ വഴി തേടുകയാണ്. ഇവരില്‍ 100 ഓളം മലയാളികളുണ്ട്.

ഇരുവരും മാസങ്ങള്‍ക്ക് മുമ്പാണ് ജോലിക്കായി ഇന്ത്യോനേഷ്യയില്‍ എത്തിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ അധികൃതര്‍ നിറുത്തിവച്ചിരുന്നു. പലരും നാട്ടില്‍ വരാനുള്ള തയ്യാറെടുപ്പിനിടയിലാണ് കൊവിഡ് 19 രോഗവ്യാപനമുണ്ടായത്. ഉടന്‍ ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതോടെ വലിയ പ്രതിസന്ധിയില്‍ പെടുകയായിരുന്നു. താമസ, ഭക്ഷണ സൗകര്യങ്ങളും കുറഞ്ഞതോടെ വലിയ ദുരിതത്തിലേക്ക് നീങ്ങി. ഇപ്പോള്‍ നാട്ടിലേക്ക് വരാന്‍ അവസരം ഒരുങ്ങിയിരുന്നു. പക്ഷെ ഇന്ത്യോനേഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ടു വിമാന സര്‍വീസുകളില്ല. ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഇതിനായി വേണ്ടി വരും. ഭക്ഷണം വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍.

ഒറ്റപ്പെട്ടവരെ ചേര്‍ത്ത് നിറുത്തി ‘ഇന്ത്യന്‍ സിറ്റിസണ്‍’ എന്ന പേരില്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യന്‍ എംബസിയുടെ നമ്ബറും ചേര്‍ത്തിട്ടുണ്ട്. കേരള സമാജം ഭാരവാഹികളും സഹായത്തിന് മുന്‍പന്തിയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് അടക്കം ഇ മെയില്‍ സന്ദേശം അയച്ചു കാത്തിരിക്കുകയാണ് ഇവര്‍. നാടണയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അതിനായി അധികൃതരുടെ കനിവ് തേടുകയാണ് നവാസ്, സുബൈര്‍ അടക്കമുള്ള മലയാളികള്‍.

Related Articles

Back to top button