International

കാട്ടുതീയിൽ കാര്‍ അകപ്പെട്ടു: 13കാരനും മുത്തശിയും വെന്തുമരിച്ചു, മടിയില്‍ പ്രിയപ്പെട്ട നായക്കുട്ടി

“Manju”

ഒറിഗോൺ• കലിഫോർണിയയിൽ വൻനാശം വിതച്ച കാട്ടുതീ ഭീകരതയുടെ ദൈന്യദൃശ്യമായി ഒരു പതിമൂന്നുകാരനും മുത്തശ്ശിയും നായയും. കാട്ടുതീ ഉഗ്രതാണ്ഡവമാടിയ വെസ്റ്റ് കോസ്റ്റിലെ ഒറിഗോണിൽനിന്നാണു നൊമ്പരപ്പെടുത്തുന്ന കാഴ്ച. ഒറിഗോണിലെ മരിയൻ കൗണ്ടിയിലാണു കാട്ടുതീയിൽ അകപ്പെട്ടു പതിമൂന്നുകാരൻ വ്യറ്റ് ടോഫ്, മുത്തശ്ശി പെഗ്ഗി മോസോ (71) എന്നിവർ മരിച്ചത്. കാറിനു തീപിടിച്ചായിരുന്നു അപകടം. മുത്തശ്ശിയും പേരക്കുട്ടിയും കാറിനകത്തായിരുന്നു. മൃതദേഹം കണ്ടെത്തുമ്പേള്‍ വ്യറ്റിന്റെ മടിയില്‍ വെന്തുമരിച്ച അവസ്ഥയില്‍ നായക്കുട്ടിയും ഉണ്ടായിരുന്നു.

ഇവരെ രക്ഷിക്കാൻ മോസോയുടെ മകൾ എയ്ഞ്ചല ശ്രമിച്ചെങ്കിലും വിഫലമായി. രക്ഷപ്പെട്ടെങ്കിലും എയഞ്ചലയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഭർത്താവും ടോഫിന്റെ പിതാവുമായ ക്രിസും ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടുതീയിൽനിന്നു രക്ഷതേടി മറ്റൊരു സ്ഥലത്തേക്കു പോകാനായി വീട്ടുസാധനങ്ങൾ മാറ്റാൻ ട്രെയിലറുമായി വരികയായിരുന്നു ക്രിസ് ടോഫ്.

അപ്പോഴേക്കും വീടിനു പരിസരത്തെല്ലാം തീ പടർന്നിരുന്നു. ഭാര്യയെയും മകനെയും തിരയാൻ തുടങ്ങിയപ്പോഴാണു വഴിയിലൂടെ തീരൂപം നടന്നുവരുന്നതു കണ്ടത്. ഇവരെ ക്രിസിന് ആദ്യം മനസ്സിലായില്ലെന്നാണു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നത്. ദേഹമാസകലം പൊള്ളിയിരുന്ന അവർ പറഞ്ഞു, ഞാൻ നിങ്ങളുടെ ഭാര്യ ഏയ്ഞ്ചലയാണ് !

മകനെയും ഭാര്യാമാതാവിനെയും ക്രിസ് തിരയാൻ തുടങ്ങി. രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. വ്യറ്റ് ടോഫിനെ കാറിലാണു കണ്ടെത്തിയത്. തീ വരുന്നതു കണ്ടു പേടിച്ചു കാറിൽ കയറിതാണെന്നാണു കരുതുന്നത്. കാറിനുള്ളിൽത്തന്നെ ഉണ്ടായിരുന്ന മോസോയും മരിച്ച നിലയിലായിരുന്നു.

തീയിൽ പെടാതിരിക്കാൻ പ്രിയപ്പെട്ട നായയെ മടിയിലെടുത്തു മുത്തശ്ശിയെയും കൂട്ടി ടോഫ് കാറിൽക്കയറി വാതിലടയ്ക്കുകയായിരുന്നു. മൂന്നു ജീവനുകളും പക്ഷേ വെന്തുമരിച്ചു. മീൻപിടിത്തവും വിഡിയോ ഗെയിമും ഇഷ്ടപ്പെട്ടിരുന്ന മിടുക്കൻ കുട്ടിയായിരുന്നു ടോഫ് എന്നു കുടുംബ വക്താവ് പറഞ്ഞു. കലിഫോർണിയയിൽ ഓഗസ്റ്റ് മുതലുള്ള കാട്ടുതീയിൽ ഇരുപതോളം പേർക്കാണു ജീവൻ നഷ്ടമായത്.

Related Articles

Back to top button