InternationalLatest

ആമസോൺ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കും

“Manju”

ആമസോൺ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് . ദേശീയ മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബെംഗളൂരു, മൈസൂർ, ഹുബ്ലി എന്നിവിടങ്ങളിലെ ചെറിയ സ്റ്റോറുകൾക്ക് ലഭ്യമായിരുന്ന സേവനം അവസാനിപ്പിക്കുകയാണെന്ന് ആമസോൺ തിങ്കളാഴ്ചയാണ് അറിയിച്ചത്. കിരാന സ്റ്റോറുകൾ, ഫാർമസികൾ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ എന്നിവയെയാണ് ഇത് കാര്യമായി ബാധിക്കുക.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് മറ്റ് രണ്ട് സർവീസ് കൂടി ആമസോൺ നിർത്തിയിരുന്നു. ഫുഡ് ഡെലിവറി, ഓൺലൈൻ ലേണിങ് പ്ലാറ്റ്‌ഫോം അക്കാഡമി എന്നിവയാണ് പൂട്ടുമെന്ന് അറിയിച്ചിരിക്കുന്ന മറ്റു രണ്ട് സർവീസുകൾ. ഇതോടെ ഇന്ത്യയിൽ ഏകദേശം 10,000 പേർക്ക് ജോലി പോകുമെന്നാണ് കരുതുന്നത്. അടുത്ത വർഷം കമ്പനി കൂടുതൽ പിരിച്ചുവിടലുകൾ നടത്തുമെന്ന് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജാസിയും അറിയിച്ചിരുന്നു.

വൻ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആമസോണ്‍ ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ടുപോകുകയാണ്. കൂട്ട പിരിച്ചുവിടലിന് പിന്നാലെ ചില രാജ്യങ്ങളിലെ സജീവമല്ലാത്ത, ലാഭകരമല്ലാത്ത സര്‍വീസുകളെല്ലാം അവസാനിപ്പിക്കാനാണ് ആമസോണിന്റെ നീക്കം. ഇന്ത്യയിൽ ഡിസംബർ 29 മുതൽ മൊത്തവ്യാപാര ബിസിനസ് നിർത്തുമെന്നാണ് സൂചന.

Related Articles

Back to top button