KeralaKottayamLatest

ശബരിമല വിമാനത്താവളം എന്ന സ്വപ്നത്തിനു ടേക്ക്ഓഫ്

“Manju”

കോട്ടയം • ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയതോടെ ശബരിമല വിമാനത്താവളം എന്ന സ്വപ്നത്തിനു ടേക്ക്ഓഫ്.

ഒരു വർഷത്തിനകം സ്ഥലമെടുപ്പ് പൂർത്തിയാക്കാമെന്നാണ് റവന്യു വകുപ്പിന്റെ പ്രതീക്ഷ. എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല കലക്ടർ എം. അഞ്ജനയ്ക്കാണ്.

സ്ഥലമെടുപ്പ് പൂർത്തിയായാൽ വിശദ പഠന റിപ്പോർട്ട് തയാറാക്കുന്നതിനുള്ള ശ്രമം ആരംഭിക്കും. തഹസിൽദാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനായിരിക്കും സ്ഥലമെടുപ്പ് ചുമതല.2 ഡപ്യുട്ടി തഹസിൽദാർ, 3 റവന്യു ഇൻസ്പെക്ടർ, 12 സർവേയർ, 8 ക്ലാർക്ക്, 12 ചെയിൻമാൻ എന്നിവരെ ഈ സംഘത്തിൽ നിയമിക്കണമെന്ന് കലക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡപ്യൂട്ടി കലക്ടർ മുഹമ്മദ് ഷാഫി ഭൂമി ഏറ്റെടുക്കലിനു മേൽനോട്ടം വഹിക്കും. അടുത്തയാഴ്ചയോടെ കലക്ടറേറ്റിൽ ഓഫിസ് പ്രവർത്തനം ആരംഭിക്കും.

സ്ഥലമെടുപ്പിനൊപ്പം റവന്യു വകുപ്പ് സാധ്യതാ പഠന റിപ്പോർട്ട് തയാറാക്കും. റവന്യു ഉദ്യോഗസ്ഥർക്കു പുറമേ സാമൂഹിക പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, പുനരധിവാസ വിദഗ്ധർ എന്നിവർ അടങ്ങുന്ന സമിതിയാണ് പഠന റിപ്പോർട്ട് തയാറാക്കുക.

ചെറുവള്ളിയിൽ നിർമിക്കുന്നത് രാജ്യാന്തര വിമാനത്താവളം എന്നു സൂചന. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രവാസികളുടെ സൗകര്യം കണക്കിലെടുത്താണ് രാജ്യാന്തര വിമാനത്താവളം നിർമിക്കുന്നത്. ശബരിമല തീർഥാടന ടൂറിസം, തേക്കടി, മൂന്നാർ, ഗവി ഉൾപ്പെടുന്ന ടൂറിസം, പ്രവാസികളിൽ നിന്നുള്ള വരുമാനം എന്നിവയാണ് ശബരിമല വിമാനത്താവളത്തിന്റെ ശക്തികൾ. കൂടാതെ ആഭ്യന്തര വ്യോമഗതാഗതത്തിനും ഉപയോഗിക്കാം.

Related Articles

Back to top button