KeralaLatest

ഇന്ന് വായന ദിനം; വായന പക്ഷാചരത്തിനു തുടക്കം

“Manju”

വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി സംസ്ഥാനത്ത് ആചരിക്കുന്നത്. ഒരാഴ്ചത്തെ ദേശീയ വായന ദിനാചരവും ഇന്ന് തുടങ്ങുന്നു .ഗ്രന്ഥശാലകളുടെ കൂട്ടായ്മയായ കേരള ഗ്രന്ഥശാലാ സംഘത്തിനുവേണ്ടി പി എന്‍ പണിക്കര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെ വലുതായിരുന്നു. വായനയുടെ ഗൗരവവും ആവശ്യകതയും വിദ്യാലയങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യം തന്നെയാണ് ഓരോ വര്‍ഷവും സ്‌കൂള്‍ തുറന്ന് മൂന്നാമത്തെ ആഴ്ച വായനവാരം കൊണ്ടാടാന്‍ കാരണം.

സ്കൂൾ തുറക്കാത്തതുകൊണ്ട് ഓൺലൈൻ ക്ലാസ്‌ കഴിഞ്ഞ് വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് 20 മുതൽ 24 വരെയുള്ള ദിവസങ്ങൾ ഉപയോഗിക്കണം.വായനപക്ഷത്തിൽ ഒരാൾ അഞ്ച്‌ പുസ്തകമെങ്കിലും വായിക്കുമെന്നതിന് ഉറപ്പുണ്ടാക്കണം. കൊറോണക്കാലത്ത് പുസ്തകങ്ങളാകട്ടെ ഓരോരുത്തരുടെയും ചങ്ങാതികൾ.

ജൂണ്‍ 19 മലയാളികളെ സംബന്ധിച്ച് വെറുമൊരു ദിനം അല്ല, ഇന്ന് നാം അന്തസ്സോടെ ഉയര്‍ത്തിക്കാട്ടുന്ന സമ്പൂര്ണ സാക്ഷരതയും, മലയാളിയെ വായനയുടെ പ്രാധാന്യവും അതുവഴി അത്ഭുത ലോകത്തിലേക്കും കൈപിടിച്ചെത്തിക്കാന്‍ ശ്രമിച്ച മഹത് വ്യക്തികളുടെ ത്യാഗത്തിന്റെ ദിനംകൂടിയാണ്. അത്തരത്തില്‍ പ്രഥമ സ്മരണീയനായ വ്യക്തിയാണ് പുതുവായില്‍ നാരായണപണിക്കര്‍ എന്ന പി.എന്‍.പണിക്കര്‍.

കേരളത്തിലെ നിരക്ഷരത തുടച്ചുനീക്കാന്‍ ആദ്യം മുന്‍കൈയെടുത്തതും പി.എന്‍. പണിക്കരാണ്. ഇതിനായി കേരള അനൗപചാരിക വിദ്യാഭ്യാസ സമിതിയായ കാന്‍ ഫെഡ് (കേരള അസോസിയേഷന്‍ ഫോര്‍ നോന്ഫോര്മല്‍ എജുക്കേഷന്‍ ആന്‍ഡ്‌ ഡെവലപ്പ്മെന്റ്‍) രൂപീകരിച്ചു. കാന്‍ഫെഡിന്‍റെ നേതൃത്വത്തില്‍ വായനശാലകളിലൂടെയും ക്ലബുകളിലൂടെയും സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. എഴുത്തു പഠിച്ച് കരുത്തരാകുക, വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാകുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കേരളത്തിനു നല്‍കിയതും അദ്ദേഹമാണ്.

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ ഈ അക്ഷരങ്ങളില്‍കൂടിയും പുസ്തകങ്ങളുടെ ഓര്‍മ്മ പുതുക്കുന്നത് കാലഘട്ടത്തിന്‍റെ അനിവാര്യതയാകാം. വായനയ്ക്ക് പുതിയ മുഖങ്ങള്‍ വരികയും പുസ്തകങ്ങള്‍ക്ക് പകരക്കാരുണ്ടാകുകയും ചെയ്തെങ്കിലും വായനയ്ക്കോ വായനാദിനത്തിനോ പ്രാധാന്യം കുറയുന്നില്ല.

പക്ഷെ പുസ്തകവായന ഇപ്പോൾ കുറഞ്ഞിരിക്കുന്നു . വായന പ്രോത്സാഹിപ്പിക്കാനായായി പ്രസിദ്ധീകരണാലയങ്ങൾ ഇന്ന് വമ്പൻ ഇളവുകൾ പ്രാധ്യാപിച്ചിട്ടുണ്ട്. ഡിജിറ്റൽ വായനയ്‌ക്ക്‌ കരുത്തുപകർന്നാണ്‌‌ കോവിഡ്‌ കാലത്ത്‌ വായന ദിനമെത്തുന്നത്‌.ഡിജിറ്റൽ വായനയുടെ നേട്ടം പണലാഭംതന്നെയാണ്‌. താളുകൾമറിച്ചും വിരലുകൾതൊട്ടും പുസ്‌തകം മടക്കിവച്ചുമെല്ലാമുള്ള വായനാസുഖം ഇ വായനയിൽ കിട്ടില്ലെങ്കിലും പഴയ തലമുറയുൾപ്പെടെ ഡിജിറ്റൽ യുഗത്തിലേക്ക്‌ ചുവടുമാറി.

പുസ്തകങ്ങൾ വാങ്ങുന്നതിന്റെ നാലിലൊന്നു ചെലവില്ല ഡിജിറ്റൽ വായനയ്‌ക്ക്. വിലക്കുറവിൽ പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കിയതോടെ വിൽപ്പനയേറിയെന്നും വിതരണക്കാർ പറയുന്നു. അതേസമപിഡിഎഫ്‌ ആയി സ്മാർട്ട്‌ഫോണിലും ടാബിലും നിരവധി പുസ്തകങ്ങൾ സൂക്ഷിക്കാമെന്നതാണ്‌ ആകർഷകം. പുസ്‌തകം കൊണ്ടുനടക്കുന്നതിന്റെ ആയാസമില്ല, എവിടെയും എപ്പോഴും വായിക്കാം. ഓൺലൈൻ വായനാ പ്ലാറ്റ്‌ഫോമായ ഇ റീഡർ, ഐ ബുക്‌സ്‌, ആമസോൺ കിൻഡിൽ എന്നീ ആപ്പുകളും വായനയുടെ മുഖംമാറ്റി. പതിനായിരക്കണക്കിന്‌ പുസ്തകങ്ങളാണ്‌ ഇവയിൽ സൂക്ഷിക്കാനാകുക

ജൂൺ 19 മുതൽ ജൂലൈ 7 വരെയുള്ള ദിവസങ്ങളിൽ ഈവർഷവും വായനപക്ഷമായി ആചരിക്കുന്നതിന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് –19 വ്യാപനത്തെ ചെറുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികൾക്കിടയിലും വായനയുടെ പ്രാധാന്യം ജനമനസ്സുകളിൽ ഉണർത്തേണ്ടതുണ്ട്.

വായിച്ചുവളരുക എന്ന സന്ദേശം മലയാളി മനസ്സുകളിൽ പടർത്തിയ കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപക സ്ഥാനീയനായ പി എൻ പണിക്കരുടെ ചരമദിനത്തിൽ (ജൂൺ 19) ആരംഭിച്ച് ആദ്യ പത്തുവർഷം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച ഐ വി ദാസിന്റെ ജന്മദിന (ജൂലൈ 7)ത്തിൽ സമാപിക്കുന്ന നിലയിലാണ് വായനപക്ഷ പരിപാടികൾ തയ്യാറാക്കിയിട്ടുള്ളത്.

തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന്റെ സംഘാടകനായി തുടങ്ങി, കേരള ഗ്രന്ഥശാലാ സംഘം നിലവിൽ വന്നതിനുശേഷം പിരിച്ചുവിടുന്നതുവരെ സെക്രട്ടറിയായി പ്രവർത്തിച്ച പി എൻ പണിക്കരുടെ കൂടെ അധ്യക്ഷപദവി അലങ്കരിച്ച പനമ്പിള്ളി ഗോവിന്ദമേനോൻ, ആർ ശങ്കർ, പി ടി ഭാസ്കരപ്പണിക്കർ, തായാട്ട് ശങ്കരൻ എന്നിവരും ഗ്രന്ഥാലോകത്തിന്റെ പത്രാധിപരായി പ്രവർത്തിച്ച എസ് ഗുപ്തൻനായർ, ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പുരോഗതിയിൽ വലിയ സംഭാവന ചെയ്ത ജോസഫ് മുണ്ടശ്ശേരി, പി ഗോവിന്ദപിള്ള എന്നിവരുൾപ്പെടെയുള്ള മറ്റു നേതാക്കളെയും അനുസ്മരിക്കേണ്ടതുണ്ട്.

വായിച്ചുവളരുക എന്ന സന്ദേശം ജനങ്ങളിലെത്തിച്ച പി.എന്‍. പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കര്‍മപരിപാടികളുടെ തുടര്‍ച്ചയായിട്ടുള്ള ഒരു പ്രവര്‍ത്തന ശൃംഖല വ്യാപകമാക്കുവാനും വായന ഒരു ശീലമാക്കാനും ലക്‍ഷ്യമിട്ടാണ് പരിപാടി.പുതു തലമുറയ്ക്ക് വായനയില്‍ കമ്പം കുറയുമ്പോഴും പലര്‍ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മയുടെ ഭാഗമാണ്. ജ്ഞാന, വിജ്ഞാന സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായന അങ്ങനെ വേഗം മറക്കാവുന്നതുമല്ലല്ലോ.

ലോക ക്ളാസിക്കുകള്‍ക്ക് ഇന്‍റര്‍നെറ്റ് രൂപങ്ങള്‍ വരുമ്പോഴും കൃതികള്‍ ഇന്‍റര്‍നെറ്റിലൂടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുമ്പോഴും എന്തിനെന്നറിയാതെ പുസ്തകങ്ങളിലേക്കൊരു മടക്കയാത്ര കാലം ആഗ്രഹിക്കുന്നുണ്ടാവാം. അച്ചടിച്ച അക്ഷരങ്ങളുടെ വിശ്വാസ്യതയും പാരമ്പര്യവും തറവാടിത്തവും അങ്ങനെ അല്ലാത്ത അക്ഷരങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഇതു വരെ സാധിക്കാത്തതിനാലാകാം അത്.

Related Articles

Back to top button