KeralaKozhikodeLatest

കളമൊഴിഞ്ഞ് 3000 ടൂറിസ്റ്റ് ബസുകള്‍

“Manju”

കോഴിക്കോട്: പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തെതുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടി മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനമാക്കിയതോടെ സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തിയത് 3000 ടൂറിസ്റ്റ് ബസുകള്‍‌.
ഇതില്‍ ഏറെ ബസുകളും പഴയ ഇരുമ്ബിന്റെ വിലയ്ക്ക് കണ്ടം ചെയ്തതാണ്. മറ്റുള്ളവ തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കു കുറഞ്ഞ വിലയ്ക്കു വില്‍ക്കുകയും ചെയ്തു. ഇത്രയും ബസുകള്‍ സര്‍വീസ് നിര്‍ത്തിയതു കാരണം വാഹന നികുതിയിനത്തില്‍ സംസ്ഥാന ഖജനാവിന് ഒരു വര്‍ഷം ഉണ്ടാവുന്നത് ശരാശരി 50 കോടിയുടെ നഷ്ടമാണ്.

കോവിഡ് കാലത്തിനു മുമ്പ് 12000 കോണ്‍ട്രാക്‌ട് കാര്യേജ് ബസുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്നത്. കോവിഡിനുശേഷം ടൂറിസം മേഖല മെച്ചപ്പെടുകയും സ്‌കൂളുകളും കോളജുകളുമെല്ലാം വിനോദയാത്രാ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് ഇടിത്തീയായി വടക്കഞ്ചേരിയില്‍ അപകടം സംഭവിച്ചത്. ഇതിനുശേഷം കോണ്‍ട്രാക്‌ട് കാര്യേജ് ബസുകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ കര്‍ശനമാക്കി.

ഏകീകൃത കളര്‍ നിര്‍ബന്ധമാക്കി. മ്യൂസിക് സംവിധാനങ്ങള്‍ എടുത്തുമാറ്റി.മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന ശക്തമായതോടെ ഏകീകൃത നിറത്തിലേക്കു ബസുകള്‍ മാറി. ഒന്നര ലക്ഷം രൂപയാണ് ഒരു ബസിനു കളര്‍ അടിക്കാന്‍ വേണ്ടിവന്നതെന്ന് ബസുടമകള്‍ പറയുന്നു. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു ബസുകള്‍ പൊളിച്ചുവില്‍ക്കാന്‍ തുടങ്ങിയത്.

കേരളാ കോണ്‍ട്രാക്‌ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റും കൊച്ചിയിലെ പ്രമുഖ കോണ്‍ട്രാക്‌ട് കാരിയര്‍ സര്‍വീസ് നടത്തുന്നയാളുമായ ബിനു ജോണിന് 26 കോണ്‍ട്രാക്‌ട് കാര്യേജുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ എട്ടു ബസുകള്‍ പഴയ ഇരുമ്ബുവിലയ്ക്കു വിറ്റു. അഞ്ചു ലക്ഷം വരെയുള്ള വിലയ്ക്കാണു വില്പന നടത്തിയത്. ഇതില്‍ ആറെണ്ണം ആന്ധ്രപ്രദേശിലേക്കാണു വിറ്റത്.2013-ല്‍ ഇറക്കിയ ബസും ഇരുമ്ബുവിലയ്ക്കു വിറ്റതില്‍ ഉള്‍പ്പെടും.

49 സീറ്റുള്ള ഒരു ബസിന് മൂന്നു മാസത്തേക്ക് 36,780 രൂപയാണു നികുതി. പുഷ്ബാക്ക് ബസാണെങ്കില്‍ ഒരു സീറ്റിന് ആയിരം രൂപ വച്ച്‌ 49,000 രൂപ നികുതി നല്‍കണം. ഒരു ടൂറിസ്റ്റ് ബസ് ശരാശരി ഒരു വര്‍ഷം രണ്ടു ലക്ഷത്തോളം രൂപ നികുതിയടയ്ക്കണം.

മൂവായിരം ബസുകള്‍ വച്ച്‌ നോക്കുമ്ബോള്‍ ഇത് കോടികള്‍ വരും. വിദ്യാലയങ്ങളില്‍നിന്നുള്ള വിനോദ യാത്രയ്ക്കു പോകുന്നതിന്റെ തലേന്ന് ബസുകള്‍ ആര്‍ടിഒ ഓഫീസില്‍ എത്തിച്ച്‌ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കണം. ഒരു ദിവസത്തേക്കാണു ഫിറ്റ്‌നസ് നല്‍കുക. ഒരു യാത്ര കഴിഞ്ഞ് എത്തിയാല്‍ അടുത്ത യാത്രയ്ക്കു മുമ്ബും ബസുകള്‍ ആര്‍ടി ഓഫീസില്‍ ഹാജരാക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുക്കണം.

Related Articles

Back to top button