സിന്ധുമോള്‍ ആര്
കോഴിക്കോട്: പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയതിനിടെ കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അറപ്പുഴയിലായിരുന്നു സംഭവം. ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തല്‍ ശബരിനാഥിന്റെ (14) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. അതേസമയം അറപ്പുഴ പുനത്തില്‍ ഷാജിയുടെ മകന് ഹരിനന്ദിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
ഇന്നലെ വൈകുന്നേരം കുടുംബശ്രീയുടെ പണം അടയ്ക്കാനായി ശബരിനാഥും ഹരിനന്ദനും വീട്ടുകാര്‍ പറഞ്ഞയച്ചത് പ്രകാരം വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ നേരെ പോയത് മീന്‍ പിടിക്കാനായിരുന്നു. കുട്ടികള്‍ പുഴയില്‍ മീന്‍ പിടിച്ചിരുന്നത് കണ്ടവരുണ്ടായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചുവരാതിരുന്നതോടെയാണ് ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചത്.