KeralaLatest

തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് 10 ദിവസത്തേക്ക് നിയന്ത്രണം

“Manju”

തിരുവനന്തപുരം• കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് 10 ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മേയറും വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.

പച്ചക്കറി പഴവർഗങ്ങൾ വിൽക്കുന്ന കടകൾ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും മാളുകളും സൂപ്പർ മാർക്കറ്റുകളും തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലും പ്രവർത്തിക്കും. ഹോം ഡെലിവറി ശക്തിപ്പെടുത്താൻ ഇവരോട് ആവശ്യപ്പെട്ടു. പലചരക്ക് കടകൾക്കും ഇതര കടകൾക്കും ഒന്നിടവിട്ട ദിവസങ്ങളിലും മാംസം വിൽക്കുന്ന കടകൾ രാവിലെ 11 മണിവരെയും പ്രവർത്തിക്കാം. കോഴി ഇറച്ചികടകൾ ഒന്നിടവിട്ട തീയതികളിൽ തുറക്കും. മത്സ്യവിൽപനയ്ക്ക് 50% ആളുകൾക്ക് എത്താം. കോൺട്രാക്ടർമാർ ഇവർക്ക് ടോക്കൺ നൽകണം.

ആൾകൂട്ടം മാർക്കറ്റിൽ എത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മേയർ പറഞ്ഞു. നഗരസഭ ജീവനക്കാരും പൊലീസും ചാല, പാളയം മാർക്കറ്റുകളിലെ പ്രവേശന കവാടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. ഓട്ടോറിക്ഷയിലും ടാക്സിയിലും കയറുന്ന ആളുകൾ വാഹനത്തിന്റെ നമ്പരും ഡ്രൈവറുടെ പേരും മൊബൈൽ നമ്പരും കുറിച്ചെടുക്കണമെന്ന് ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ നിർദേശം.

സ്വകാര്യ, സർക്കാർ ആശുപത്രികളിൽ സന്ദർശകരെ നിരോധിച്ചിട്ടുണ്ട്. രോഗിയോടൊപ്പം ഒരു സഹായിയാകാം. രാഷ്ട്രീയപാർട്ടികളുടെ സമരങ്ങളിൽ പത്തുപേരിൽ കൂടുതൽ ആളുകൾ പാടില്ല. കല്യാണത്തിന് 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കൂ. മന്ത്രിമാരും എംഎൽഎമാരും വിവാഹ, മരണാനന്തര ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കും. സർക്കാർ പരിപാടികളിൽ ഇരുപതില്‍ അധികംപേർ പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്.

നഗരത്തിലെ ചന്തകൾ തുറന്ന സാഹചര്യത്തിൽ ഗ്രാമങ്ങളിലെ ചന്തകളും നിയന്ത്രണങ്ങളോടെ തുറക്കും. അതിർത്തികളിലും തീരദേശത്തും പരിശോധനകൾ ശക്തമാക്കും. നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾ അടയ്ക്കും.

Related Articles

Back to top button