IndiaLatest

വന്ദേഭാരത് ദൗത്യം : പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ബദല്‍ സാദ്ധ്യതകള്‍ തേടുന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ അമേരിക്കയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍.വിമാനസര്‍വീസുകള്‍ നടത്തുന്നതിന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ അപേക്ഷകള്‍ പരിശോധിച്ചുവരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി വിമാനസര്‍വീസുകള്‍ നടത്തുന്നതിന് മറ്റ് സാദ്ധ്യതകള്‍ ആരായുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളുമായി യോജിച്ചുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന്റെ സാദ്ധ്യതയാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ അമേരിക്കയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്നായിരുന്നു അമേരിക്കയുടെ നിര്‍ദേശം. 30 ദിവസം മുമ്പ് എയര്‍ ഇന്ത്യ അപേക്ഷ നല്‍കിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍കൂര്‍ അനുമതിയില്ലെങ്കില്‍ അടുത്തമാസം 22 മുതല്‍ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ അനുവദിക്കില്ല.സമാനമായ സര്‍വീസുകള്‍ നടത്താന്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

കഴിഞ്ഞ മാസം 26-ന് അമേരിക്കന്‍ വിമാനകമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യക്ക് സമാനമായി ചാര്‍ട്ടേഡ് സര്‍വീസ് നടത്താനായി ഇന്ത്യയുടെ വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു. യു.എസ്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ വിമാനകമ്പനികള്‍ക്ക് എയര്‍ ഇന്ത്യ നടത്തുന്നതിന് സമാനമായ സര്‍വീസുകള്‍ നടത്താന്‍ അനുമതി തേടിയിട്ടുണ്ട്. ഈ അപേക്ഷകള്‍ പരിശോധിച്ച്‌ വരികയാണെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button