ArticleKeralaLatest

മലയാളത്തിന്‍റെ ആക്ഷൻ സൂപ്പർ സ്റ്റാറിന് 61 -ാം പിറന്നാൾ

“Manju”

ആർ. ഗുരുദാസ്

രാജ്യസഭ എം. പിയും പ്രമുഖ ചലച്ചിത്ര നടനും തികഞ്ഞ മനുഷ്യ സ്നേഹിയുമായ സുരേഷ് ഗോപിക്ക് ജന്മദിനാശംസകൾ

എട്ടാമാത്തെ വയസ്സിൽ 1965-ൽ സത്യൻ നായകനായ “ഓടയിൽ നിന്ന്” എന്ന മലയാളചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് സുരേഷ്ഗോപി വെള്ളിത്തിരയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. മുതിർന്നതിനുശേഷം പഠനവും ജോലി തേടലും മറ്റുമായി നടന്നുവെങ്കിലും മനസ്സിൽ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അദേഹത്തെ വെള്ളിത്തിരയിലേക്കുള്ള പടവുകളിൽ വീണ്ടുമെത്തിച്ചു. 1986-ൽ മമ്മൂട്ടി നായകനായ ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന സിനിമയിൽ വില്ലനായി വന്ന് ജനശ്രദ്ധ നേടി.

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ ജീവിച്ച അദ്ദേഹം മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ടിൽ വില്ലനായും, രാജാവിന്റെ മകൻ എന്ന സിനിമയിൽ സഹനടനായും ശ്രദ്ധേയമായി. തുടക്കത്തിൽ വില്ലൻ കഥാപാത്രങ്ങൾ എറെ ലഭിച്ചുവെങ്കിലും 30ഓളം ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം 1992 ൽ അഭിനയിച്ച തലസ്ഥാനം എന്ന സിനിമ സുരേഷ് ഗോപിയുടെ സിനിമാജീവിതത്തിനു വഴിത്തിരിവായി. അതിനു ശേഷം നായക വേഷങ്ങൾ ലഭിക്കുവാൻ തുടങ്ങി

1994 മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച പോലിസ് ചിത്രമായ കമ്മീഷണർ എന്ന ചിത്രത്തിലെ ഭരത് ചന്ദ്രൻ ഐ.പി.എസ്. എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന പ്രകടനത്തോടെ സൂപ്പർ താരപദവിയിലേക്ക് ഉയർത്തപ്പെട്ടു. ഈ സിനിമയിലെ ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന ഡയലോഗ് ഏറെ കൈയടി നേടികൊടുത്തു.

ലോകപ്രശസ്തനായ നാടകകൃത്ത് വില്ല്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തെ ആസ്പദമാക്കി 1997-ൽ പുറത്തിറങ്ങിയ കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി

എകലവ്യൻ, മാഫിയ, ജനാധിപത്യം, കാശ്മീരം വാഴുന്നോർ, പത്രം തുടങ്ങിയ 200 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ, ലേലത്തിലെ സ്റ്റീഫൻ ചാക്കോച്ചി എന്നിവ അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളാണ്.

1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളത്തിലെ ആദ്യചിത്രമായ ഗുരു സിനിമയിലും അദ്ദേഹം സുപ്രധാന വേഷത്തിൽ അഭിനയിച്ചു.

11 വർഷം മുൻപ് ഇറങ്ങിയ കമ്മീഷണർ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പായി 2005-ൽ പുറത്തിറങ്ങിയ ഭരത്ചന്ദ്രൻ ഐ.പി.എസ്. എന്ന സിനിമ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. “നിങ്ങൾക്കും ആകാം കോടീശ്വരൻ” എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചുവരുന്നു. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചു.

കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തി, രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാമത്തെ മലയാളിയായി. 2016 ഏപ്രിൽ 27 ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി മുൻപാകെ അദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

2016 ഒക്ടോബറിൽ ഔദ്യോഗികമായി ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന അദ്ദേഹം 2019 ലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി.

സിനിമാ നടനെന്നതിലുപരി സംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും എന്നും സജീവമായി നിലകൊണ്ടു.

1959 ജൂൺ 26-ന് ചലച്ചിത്ര വിതരണക്കാരനായിരുന്ന ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മി അമ്മയുടെയും മകനായി ആലപ്പുഴയിൽ ജനിച്ച സുരേഷ് ഗോപി
കൊല്ലം ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കി. ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ഓഫ് ആർട്സ് ബിരുദവും അദ്ദേഹം നേടി.

Related Articles

Back to top button