KeralaLatestThiruvananthapuram

തിരുവനന്തപുരം പൗണ്ട്‌കടവില്‍ നിരീക്ഷണം ശക്തം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച വി.എസ്.എസ്.സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പ്രകാരം പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ളവരുടെ സ്രവ പരിശോധനയും നടപടികളും പുരോഗമിക്കുന്നതിനിടെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പൗണ്ട്കടവും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായി. പൗണ്ട്കടവും പരിസരവും കേന്ദ്രീകരിച്ചുള്ള പ്രൈമറി, സെക്കന്ററി കോണ്‍ടാക്ടുകളെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പൗണ്ട് കടവില്‍ അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളും ഇവിടെ ശക്തമാക്കിയിട്ടുണ്ട്. മുക്കോലയ്ക്കല്‍, തമ്പുരാന്‍നട, വേളി പാലം, സ്റ്റേഷന്‍ കടവ്, എന്നിവിടങ്ങളില്‍ നിന്ന് പൗണ്ട്കടവ് വാര്‍ഡിലേക്കുള്ള റോഡുകള്‍ അടച്ചു. 23 ന് കുളത്തൂരിലെ വിവാഹ വീട്ടില്‍ എത്തിയ ദമ്പതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം.

കുളത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 55 പേരുടെ സ്രവം പരിശോധിച്ചു. ആട്ടോക്കാരനില്‍ നിന്ന് രോഗം പകര്‍ന്ന സ്റ്റേഷനറി കടക്കാരന്റെയും കുടുംബത്തിന്റെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സ്രവ പരിശോധനാഫലം ഇന്ന് പുറത്ത് വരും. ആട്ടോ ഡ്രൈവറുടെയും വി.എസ്.എസ്.സി ജീവനക്കാരന്റെയും ആട്ടോ ഡ്രൈവറുടെ ബന്ധുവായ സ്റ്റേഷനറി വ്യാപാരിയുടെയും കുടുംബത്തിന്റെയും രോഗബാധയെ തുടര്‍ന്ന് നഗരത്തിലെ ആറ്റുകാല്‍, കുര്യാത്തി, കളിപ്പാന്‍കുളം, മണക്കാട് വാര്‍ഡുകള്‍ പൂര്‍ണമായും തൃക്കണ്ണാപുരം വാര്‍ഡിലെ ടാഗോര്‍ റോഡ്, വള്ളക്കടവ് വാര്‍ഡിലെ പുത്തന്‍പാലം മേഖലകളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുകയാണ്. ഇവിടങ്ങളില്‍ റോഡുകള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌ സീല്‍ ചെയ്ത പൊലീസ് യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

അനാവശ്യ യാത്രകളും കൂട്ടം കൂടലും ഒഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് പട്രോളിംഗും ശക്തമാക്കി. കൂടാതെ ഇവിടങ്ങളുമായി അടുപ്പമുള്ള ചാല, നെടുങ്കാട്, കാലടി, കമലേശ്വരം, അമ്പലത്തറ പ്രദേശങ്ങളെ പ്രത്യേക ശ്രദ്ധചെലുത്തേണ്ട മേഖലകളായി തിരിച്ച്‌ അവിടങ്ങളിലും പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിരീക്ഷണം ശക്തമാക്കി. നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, നിരത്തുകള്‍ എന്നിവിടങ്ങളിലെല്ലാം കൊവിഡ് പ്രോട്ടോക്കോള്‍ പരിശോധനയും ശക്തമായി തുടരുകയാണ്. പേരൂര്‍ക്കട, കുമരിച്ചന്ത മാര്‍ക്കറ്റുകളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന്‌ മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. ഇരുചന്തകളിലും മേയറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിലവിലെ സാഹചര്യത്തില്‍ ഇരു മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. എന്നാല്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ശക്തമായ നിരീക്ഷണം നടത്തും. ആള്‍ക്കൂട്ടം നിയന്ത്രണാതീതമാണെങ്കില്‍ ചാല, പാളയം മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയതിന് സമാനമായ ക്രമീകരണങ്ങള്‍ ഇവിടെയും നടപ്പാക്കുമെന്നും മേയര്‍ വെളിപ്പെടുത്തി. ജില്ലയിലെ കണ്ടെയ്ന്‍‌മെന്റ്‌ സോണിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കി. പരമാവധി വീടിന്‌ പുറത്തിറങ്ങരുത്.

ഗൃഹ സന്ദര്‍ശനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. ഒത്തുചേരല്‍ പാടില്ല. പനി അല്ലെങ്കില്‍ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം, ശരീരവേദന, തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍, തൊണ്ടവേദന , ശരീരവേദന, വയറിളക്കം , ഛര്‍ദി, ക്ഷീണം അനുഭവപ്പെട്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെയോ കണ്‍ട്രോള്‍ റൂം നമ്പറിലോ അറിയിക്കണം. റിവേഴ്സ് ക്വാറന്റൈന്റെ ഭാഗമായി പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, അസുഖബാധിതര്‍ എന്നിവര്‍ മറ്റംഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത വിധം വായു സഞ്ചാരമുള്ള ശുചിമുറി സൗകര്യമുള്ള മുറിയില്‍ കഴിയണം. രോഗലക്ഷണമുണ്ടെങ്കില്‍ 1077, 1056, 0471- 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button