KeralaLatest

ഷംന കേസ് പുതിയ വഴിത്തിരിവിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന. ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ വാടാനപ്പള്ളി സ്വദേശിയായ സ്ത്രീയെയും ജൂണ്‍ 20ന് ഷംനയുടെ വീട്ടിലെത്തിയ നിര്‍മ്മാതാവിനെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യും.

പരാതിക്കാരായ മോഡലുകള്‍ തങ്ങളെ വഞ്ചിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ അറസ്റ്റ് ഇന്നുണ്ടാകും. വിവാഹതട്ടിപ്പിനായി പ്രതികള്‍ ഷംനയുടെ വീട്ടില്‍ പോയി വന്ന ശേഷം ഒരു നിര്‍മ്മാതാവ് വീട്ടില്‍ വന്നെന്ന ഷംന പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ജൂണ്‍ 20നാണ് ഈ നി‍ര്‍മ്മാതാവ് ഷംനയുടെ വീട്ടിലെത്തിയത്. ഷംന ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞത്. ഇതേ തുട‍ര്‍ന്ന് വീട്ടുകാ‍ര്‍ നടിയെ ബന്ധപ്പെട്ടപ്പോള്‍ ഒരു നിര്‍മ്മാതാവിനേയും താന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ഷംന പറഞ്ഞത്.

വീട്ടുകാ‍ര്‍ ഇക്കാര്യം നി‍ര്‍മ്മാതാവിനോട് പറഞ്ഞപ്പോള്‍ കൈയിലുള്ള ഫോണ്‍ കാണിച്ച്‌ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് ഷംന തനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വന്നതെന്നും ഇയാള്‍ പറഞ്ഞു. പൊലീസിന് നല്‍കിയ മൊഴിയില്‍ ഷംന ഇക്കാര്യം പറയുകയും ഇതേക്കുറിച്ച്‌ അന്വേഷണം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനിച്ചത്.

നി‍ര്‍മ്മാതാവിനെ ഷംനയെന്ന പേരില്‍ മാറ്റാരെങ്കിലും സമീപിച്ചിരിക്കാനുള്ള സാദ്ധ്യതയും പൊലീസിന് മുന്നിലുണ്ട്. ഇക്കാര്യത്തില്‍ ഇയാളുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമെ ചിത്രം വ്യക്തമാകൂ എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

Related Articles

Back to top button