Kozhikode

വാതിൽ തകർത്ത് വീട്ടമ്മയുടെ മാല കവർന്നു : ഒരാൾ പിടിയിൽ

“Manju”

വി.എം.സുരേഷ്കുമാർ

വടകര: പയ്യോളിയിൽ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കയറിയ കവര്‍ച്ചാ സംഘം ഉറങ്ങിക്കിടക്കുന്ന വീട്ടമ്മയുടെ കഴുത്തിലണിഞ്ഞ രണ്ടര പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന്‍ മണിക്ക് പെരുമാള്‍പുരം ഹൈസ്കൂളിന് സമീപം അഞ്ചുകുടി വടക്കയില്‍ നാരായണന്റെ ഭാര്യ സീത (53) യുടെ കഴുത്തിലണിഞ്ഞ സ്വര്‍ണ്ണമാലയാണ് മൂന്നംഗ സംഘം കവര്‍ന്നത്.

താഴത്തെ കിടപ്പ് മുറിയില്‍ ഒറ്റയ്ക്ക് കിടക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്ന്‍ മാല മുറിച്ചെടുക്കുകയായിരുന്നു. ഉറക്കം ഞെട്ടിയ വീട്ടമ്മ മോഷ്ടാവിനെ പിന്തുടര്‍ന്നപ്പോഴാണ് വീടിന്റെ പുറക് വശത്ത് ബര്‍മുഡയണിഞ്ഞു കാത്തുനില്‍ക്കുകയായിരുന്ന രണ്ട് പേരെ കൂടി കണ്ടത്. അകത്ത് കയറി മാല കൈക്കലാക്കിയ മോഷ്ടാവ് ഇവര്‍ക്ക് സ്വര്‍ണ്ണമാല എറിഞ്ഞു കൊടുക്കുന്നതും വീട്ടമ്മ കണ്ടിരുന്നു. മാല കിട്ടിയതോടെ വീട്ടിന്റെ മുന്‍വശത്തുള്ള റോഡ് വഴി സംഘം രക്ഷപ്പെടുകയായിരുന്നു.

ഇതിനിടയില്‍ വീട്ടമയുടെ നിലവിളി കേട്ട് മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്ന ബാങ്ക് ജീവനക്കാരനായ മകന്‍ അഖിലും ഭാര്യയും അയല്‍വാസികളും എത്തിയെങ്കിലും കവര്‍ച്ചാസംഘം രക്ഷപ്പെട്ടിരുന്നു. വീടിന്റെ പുറക് വശത്തെ വാതില്‍ ഇളക്കിമാറ്റി ചുറ്റുമതിലില്‍ ചാരി വെച്ച നിലയിലായിരുന്നു.

ഉടന്‍ തന്നെ സംഭവം പയ്യോളി പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് ഒരാളെ പിടികൂടിയത്. പുറക്കാട് പള്ളിക്കര ഭാഗത്ത് നിന്ന്‍ ദേശീയപാതയിലേക്ക് വരുന്ന മൂന്ന്‍ പേര്‍ കയറിയ ബൈക്ക് എതിര്‍ദിശയില്‍ വരുന്ന പോലീസ് ജീപ്പിനെ കണ്ട് വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുറകിലുള്ള രണ്ട് പേര്‍ തെറിച്ച് വീഴുകയായിരുന്നു. ഇതില്‍ ഒരാളെയാണ് പട്രോളിങ് സംഘത്തില്‍ ഉണ്ടായിരുന്ന എഎസ്ഐ വി.പി. അനില്‍കുമാര്‍, എഎസ്ഐ പി.ബിജു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. മോഷണം നടന്ന്‍ പതിനഞ്ച് മിനിറ്റിനുള്ളിലാണ് ഇയാള്‍ പിടിയിലായത്.

കണ്ണൂര്‍ ശിവപുരം ലീഷ്മാലയത്തില്‍ ലിജിന്‍ (39) ആണ് പോലീസ് പിടിയിലായത്. മാല നഷ്ടപ്പെട്ട വീട്ടമ്മ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പോലീസ് രക്ഷപ്പെട്ടവര്‍ക്കായുള്ള അന്വേഷണത്തിലാണ്. അതേ സമയം പരിസരത്തെ നാലോളം വീടുകളില്‍ സംഘം മോഷണത്തിന് ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. വിരലടയാള വിദഗ്ദ്ധരും പോലീസ് നായയും സ്ഥലത്തെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പയ്യോളി സിഐ എം.പി ആസാദ് അറിയിച്ചു.

 

Related Articles

Back to top button