KeralaLatest

കൊവിഡ് പ്രതിരോധം: നിര്‍ദേശം ലംഘിക്കുന്നവരെ പിടിക്കാന്‍ എറണാകുളത്ത് സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്‍ഫോഴ്സ്മെന്റ് ടീം

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കല്‍ അടക്കം ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടിക്കാന്‍ എറണാകുളത്ത് സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്‍ഫോഴ്സ്മെന്റ് ടീം രൂപീകരിക്കുന്നു. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്‍ഫോഴ്സ്മെന്റ് ടീം രൂപീകരിക്കണമെന്ന് കലക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കി. പഞ്ചായത്ത് തല ഉദ്യോഗസ്ഥരും രണ്ട് വോളണ്ടിയര്‍മാരും ടീമില്‍ ഉണ്ടാവണം. ടീമിന്റെ രൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നേതൃത്വം നല്‍കണം. ടീമിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആര്‍ ആര്‍ ടി ടീമിനായിരിക്കും. ആര്‍ ആര്‍ ടി യോഗത്തില്‍ വില്ലേജ് ഓഫീസറും എസ് ഐ ,എസ് എച്ച്‌ ഒ പങ്കെടുക്കണം

എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും കൂട്ടം കൂടി നില്‍ക്കുന്നില്ലെന്നും ഉറപ്പാക്കണം എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കൈ കഴുകാന്‍ ഉള്ള സംവിധാനമോ ഹാന്‍ഡ് സാനിറ്റൈസറുകളോ ഉണ്ടെന്ന് ഉറപ്പാക്കണം. സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പുറത്തു നിന്നു വരുന്നവരും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാത്തവര്‍ പൊതു സ്ഥലങ്ങളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ആളുകള്‍ പൊതു സ്ഥലങ്ങളില്‍ തുപ്പുന്നില്ലെന്നും വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം ആവശ്യമില്ലാതെ ആളുകള്‍ വീടിന് പുറത്തിറങ്ങുന്നില്ലെന്നും പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കണം.അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുകയോ നിയമ ലംഘനം നടത്തുകയോ ചെയ്താല്‍ കോവിഡ് 19ജാഗ്രത പോര്‍ട്ടലില്‍ പബ്ലിക് സര്‍വീസ് ടാബിന് കീഴില്‍ ചിത്രം സഹിതം നിയമ ലംഘനം പോസ്റ്റ് ചെയ്യണം.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്‍ഫോഴ്സ്മെന്റ് ടീമിന്റെ പ്രവര്‍ത്തനം തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരുടെ ചുമതല ആയിരിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വീഴ്ച വരുത്തുന്നില്ലെന്ന് ഉറപ്പാക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥനെ ടീമില്‍ ഉള്‍പ്പെടുത്തണം.താലൂക്ക് തല നോഡല്‍ ഓഫീസര്‍മാരായ സബ് കലക്ടര്‍, മുവാറ്റുപുഴ ആര്‍ ഡി ഒ, ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവര്‍ അവരുടെ താലൂക്കുകളില്‍ നിയമ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പാക്കണം പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയോ മറ്റു ഉദ്യോഗസ്ഥരെയോ ചുമതലപെടുത്താം. ഈ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി പിഴ ഈടാക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി.

Related Articles

Back to top button