Latest

ജഡ്ജി മുത്വലാഖ് ചൊല്ലി; കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ

“Manju”

കൊച്ചി: പാലക്കാട് ജില്ലാ സെക്ഷൻസ് കോടതിയിലെ ജഡ്ജിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ. സുപ്രീം കോടതി വിധി ലംഘിച്ച് മുത്വലാഖ് ചൊല്ലിയെന്ന പരാതിയുമായാണ് ജഡ്ജി കലാം ബി പാഷയ്‌ക്കെതിരെ ഭാര്യ രംഗത്തെത്തിയിരിക്കുന്നത്.

കലാം പാഷയുടെ സഹോദരനായ റിട്ട. ജസ്റ്റിസ് കെമാൽ പാഷ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇവർ ആരോപിക്കുന്നു. സഹോദരനുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയില്ലെങ്കിൽ ഭവിഷ്യത്ത് വലുതായിരിക്കുമെന്ന് പറഞ്ഞാണ് കെമാൽ പാഷ ഭീഷണപ്പെടുത്തിയതെന്നും ഇവർ പറയുന്നത്.

2018 മാർച്ച് ഒന്നാം തീയതിയാണ് മുത്വലാഖ് ചൊല്ലിയതായി കലാം പാഷ കത്ത് നൽകിയത്. തലാക്ക് ചൊല്ലിയുള്ള കത്തിൽ 2018 മാർച്ച് 1 എന്ന തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് അച്ചടി പിശക് സംഭവിച്ചതാണെന്നും 2018 മാർച്ച് 1 എന്നത് 2017 മാർച്ച് 1 എന്ന തിരുത്തണമെന്നും ആവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നൽകിയെന്ന് പരാതിക്കാരി പറഞ്ഞു. സുപ്രീം കോടതി മുത്വലാഖ് നിരോധിക്കുന്നതിന് മുൻപുള്ള തീയതി രേഖപ്പെടുത്തി നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാനായാണ് കാലാം പാഷ ഇത് ചെയ്തതെന്നും പരാതിക്കാരി ആരോപിക്കുന്നു.

2017 ഓഗസ്റ്റിലാണ് സുപ്രീം കോടതി മുത്വലാഖ് നിരോധിച്ചത്. പിന്നീട് മുത്വലാഖ് ക്രിമിനൽ കുറ്റമായുള്ള നിയമവും പാസായി. ഇതിന് ശേഷമാണ് കലാം പാഷ ഭാര്യയെ മൊഴി ചൊല്ലിയതെങ്കിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും. അതേസമയം പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കെമാൽ പാഷ നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒത്തു തീർപ്പ് ചർച്ചയിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു.

Related Articles

Back to top button