KeralaLatestThiruvananthapuram

കൊറോണ വ്യാജപ്രചരണങ്ങളിൽ കുടുങ്ങരുത്

“Manju”

ജ്യോതിനാഥ് കെ പി

വട്ടപ്പാറ എസ് യു ടി ആശുപത്രിയിൽ കഴിയുന്ന കോവിഡ് രോഗികളെ തെറ്റിദ്ധരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു. വർഗീയ സംഘടനകളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച മുതൽ നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് രോഗബാധിതർക്കായി ഒരുക്കിയിട്ടുള്ളത്. നിലവിൽ 149 പേരാണ് എസ് യു ടി ആശുപത്രിയിൽ കഴിയുന്നത്. അതിൽ 13 കുട്ടികളുമുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം രണ്ട് ബ്ലോക്കുകളിലായാണ് അവർക്കാവശ്യമായ കിടക്കകളും റൂമുകളും തയ്യാറാക്കിയിട്ടുള്ളത്.

പോഷക മൂല്യങ്ങൾ അടങ്ങുന്ന ഭക്ഷണമാണ് ലഭ്യമാക്കുന്നത്. രാവിലെ 7 ന് ചായയും പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് 12ന് മുട്ട , പച്ചക്കറി ഉൾപ്പെടുന്ന ഊണ് , വൈകിട്ട് 3ന് ചായയും സ്നാക്സും രാത്രി 7.30 ന് അത്താഴം എന്നിങ്ങനെയാണ് ഒരുക്കിയിട്ടുള്ളത്.ഇതു കൂടാതെ കുട്ടികൾക്ക് ആവശ്യമായ കേക്ക് ,ബി സ്ക്കറ്റ് , പഴങ്ങൾ എന്നിവയുമുണ്ട്. മിനറൽ വാട്ടറിന് പുറമേ ചൂടുവെള്ളം ആവശ്യമുള്ളവർക്ക് അതും ലഭ്യമാക്കുന്നു. അടിസ്ഥാന ആവശ്യങ്ങളായ ബെഡ് ഷീറ്റുകൾ , ബ്രഷ് , പേസ്റ്റ് , സോപ്പ് , മുതൽ സ്ത്രീകൾക്കായുള്ള സാനിട്ടറി നാപ്കിൻ ഉൾപ്പെടെയുള്ളവ ലഭ്യമാക്കിയിട്ടുണ്ട്.

കുട്ടികൾക്കായി പ്രത്യേകം ഫുഡ് മെനുവും പരിചരണ സൗകര്യങ്ങളും ലഭ്യമാണ്. മാസ്കുകൾ ഉൾപ്പെടെയുള്ളവ ആരോഗ്യ പ്രവർത്തകരും നൽകി വരുന്നു. ദൈനം ദിനം രോഗബാധിതർക്കാവശ്യമായ എല്ലാ അവശ്യ സാധനങ്ങളും നിലവിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട് . ദൈനംദിന ആവശ്യങ്ങൾക്കു പുറമെയുള്ള വസ്ത്രങ്ങൾ , ചെരുപ്പ് തുടങ്ങിയ ആവശ്യങ്ങൾ രോഗബാധിതർ നിലവിൽ ഉന്നയിച്ച് വരുകയാണ്. അത് വാങ്ങി നൽകുന്നതിനുള്ള പരിമിതികൾ ജില്ലാ ഭരണകൂടത്തെയും ധരിപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ ഇൻസിഡന്റ് കമാൻഡറുടെ എല്ലാ നിർദ്ദേശവും യഥാസമയം തന്നെ നഗരസഭ നിർവ്വഹിക്കുകയാണ്.വസ്തുതകൾ ഇതായിരിക്കെ രോഗബാധിതരെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ചൊവ്വാഴ്ച എസ്ഡിപിഐയുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചത് ഇതിന്റെ ഭാഗമാണ്. ഇത്തരം വ്യാജ പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്നും വർഗീയ വേർതിരിവുകളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അഭ്യർത്ഥിച്ചു.

Related Articles

Back to top button