KeralaLatest

ഇന്‍സുലിന്‍ കുപ്പിയിലും മിനിയേച്ചര്‍

“Manju”

തൊടുപുഴ:ചിപ്പിക്കുള്ളിലെ മുത്തെന്ന പോലെ കുപ്പിക്കുള്ളിലെ മുത്തെന്ന് പറയാം ശ്രുതിയുടെ മിനിയേച്ചര്‍ കലാസൃഷ്ടികള്‍. പ്രമേഹരോഗിയായ അമ്മയുടെ ഒഴിഞ്ഞ ഇന്‍സുലിന്‍ കുപ്പിയിലാണ് ഈ വാദ്യ വിസ്‌മയം. ഇപ്പോള്‍ കൊവിഡ് വാക്സിന്റെ കുപ്പിയില്‍ മിനിയേച്ചറുകള്‍ നിര്‍മ്മിക്കുകയാണ്.തൊടുപുഴ കരിങ്കുന്നം പാമ്ബറയില്‍ ദിപിന്റെ ഭാര്യയായ ശ്രുതി (30) ആദ്യ ലോക്ക്ഡൗണ്‍ കാലത്താണ് ബോട്ടില്‍ ആര്‍ട്ടിലേക്ക് തിരിയുന്നത്. ഒരു സെന്റിമീറ്റര്‍ വ്യാസമുള്ള കുപ്പിയില്‍ ക്ലേ, പേപ്പര്‍, തെര്‍മോകോള്‍, റബര്‍ എന്നിവയില്‍ ടൂത്ത് പിക്ക് ഉപയോഗിച്ച്‌ മിനിയേച്ചര്‍ രൂപങ്ങളുണ്ടാക്കാനായിരുന്നു ശ്രമം. പരിശ്രമത്തിലൂടെ പുതുമയുള്ള രൂപങ്ങള്‍ തയ്യാറാക്കി. അങ്ങനെയാണ് 13 സംഗീത ഉപകരണങ്ങള്‍ ഒരു കുപ്പിയിലാക്കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് ദിപിന്‍ പ്രോത്സാഹിപ്പിച്ചാണ് ആദ്യം ഇന്ത്യന്‍ ബുക്ക് ഒഫ് റെക്കാ‌ര്‍ഡ്സിലേക്ക് അയച്ചത്. അതില്‍ അംഗീകാരം ലഭിച്ചു. പിന്നീട് ഏഷ്യ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കാര്‍ഡ്സും ശ്രുതിയെ തേടിയെത്തി.
സൃഷ്‌ടികളുടെ ചിത്രങ്ങള്‍ ‘യൂണീക് ക്രാഫ്‌റ്റ് സ്റ്റുഡിയോ’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ശ്രുതി പോസ്റ്റ് ചെയ്തത് ഹിറ്റായി. ചിത്രങ്ങള്‍ കണ്ട് നിരവധിപേരാണ് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം നല്‍കാനായി ഇവ വാങ്ങുന്നത്. കുപ്പികളില്‍ അമ്ബതിലേറെ മിനിയേച്ചറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്രുതി ആസാപ്പ് ട്രെയിനറാണ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കും തയ്യാറെടുക്കുന്നുണ്ട്. ഭര്‍ത്താവ് ദിപിന്‍ ഹോട്ടലുടമയാണ്. മക്കള്‍ ഒന്നര വയസുള്ള ശിവദവും മൂന്ന് വയസുള്ള ദക്ഷയും.
കുപ്പിയില്‍ 0.7 മില്ലി മീറ്റര്‍ വീതിയാണ് ഇന്‍സുലിന്‍ കുപ്പിയുടെ വാവട്ടത്തിനുള്ളത്. കലാരൂപം പൂര്‍ണമായി നിര്‍മിച്ച ശേഷം ഉള്ളിലേക്ക് കടത്താനാവില്ല. ഉള്ളിലേക്ക് കടക്കാവുന്നത്രയും വലിപ്പത്തിലുള്ളത് കുപ്പിക്കുള്ളിലാക്കിയ ശേഷം ബാക്കി ഭാഗം നിര്‍മിച്ച്‌ ഒട്ടിച്ച്‌ ചേര്‍ക്കും. കുപ്പിക്കുള്ളില്‍ വച്ച്‌ രൂപമാറ്റവും വരുത്തും. ഇതിനായി ടൂത്ത് പിക്കോ സൂചിയോ ഉപയോഗിക്കും.

Related Articles

Back to top button