KeralaLatest

പ്രധാനമന്ത്രിയ്ക്ക്  നന്ദി പറഞ്ഞ് പി.ടി ഉഷ

“Manju”

കോഴിക്കോട്: രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഒളിമ്പ്യന്‍ പി.ടി ഉഷ. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ അനുമോദനം പങ്കുവെച്ചുകൊണ്ടായിരുന്നു ഉഷയുടെ പ്രതികരണം.

‘സര്‍, അങ്ങയുടെ വാക്കുകള്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നു. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന് എന്റെ ആത്മാര്‍ത്ഥമായ നന്ദി. എന്നെ ഏല്‍പിച്ച ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയില്‍ എല്ലായ്‌പോഴും നിര്‍വ്വഹിക്കും. എല്ലാ ഇന്ത്യക്കാരുടെയും പുരോഗതിക്കായി പ്രവര്‍ത്തിക്കും. ജയ് ഹിന്ദ്’ അവര്‍ കുറിച്ചു.

ഇന്നലെയാണ് പിടി ഉഷയും സംഗീതസംവിധായകന്‍ ഇളയരാജയും ഉള്‍പ്പെടെ നാല് പേരെ രാജ്യസഭയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തത്. മനുഷ്യസ്നേഹിയും സാമൂഹിക പ്രവര്‍ത്തകനുമായ വീരേന്ദ്ര ഹെഗ്ഗഡെ, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ വി. വിജയേന്ദ്ര പ്രസാദ് എന്നിവരെയും ഇവര്‍ക്കൊപ്പം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

പിടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും സ്പോര്‍ട്സിലെ അവരുടെ നേട്ടങ്ങള്‍ ഏറെ അറിയപ്പെടുന്നതാണെന്നും പ്രധാനമന്ത്രി കുറിച്ചിരുന്നു. വളര്‍ന്നുവരുന്ന അത്ലറ്റുകള്‍ക്ക് വര്‍ഷങ്ങളായി മാര്‍ഗദര്‍ശനം നല്‍കുന്ന ഉഷയുടെ പ്രവര്‍ത്തനവും പ്രശംസനീയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ നാനാമേഖലകളില്‍ നിന്നും പി.ടി ഉഷയ്‌ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

Related Articles

Back to top button