Uncategorized

ഇന്ന് കര്‍ക്കിടക വാവ്; വീടുകളില്‍ തന്നെ ചടങ്ങുകള്‍ നടത്താന്‍ നിര്‍ദ്ദേശം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഇന്ന് കര്‍ക്കിടക വാവ് ബലി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ കര്‍ക്കിടക വാവുബലി ജനങ്ങള്‍ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്തണമെന്നാണ് നിര്‍ദ്ദേശം. ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാ തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിര്‍ത്തിവെയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവുബലി ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലുവ മണപ്പുറം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഇത്തവണ കര്‍ക്കടക വാവുബലിച്ചടങ്ങുകള്‍ ഇല്ല. പകരം വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ചു വീടുകളില്‍ തന്നെ ബലിയിടാനാണ് ആചാര്യന്മാരുടെ നിര്‍ദ്ദേശം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഈ വര്‍ഷത്തെ കര്‍ക്കിട വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കിയതായി നേരത്തേ അറിയിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം. ബലിതര്‍പ്പണത്തിന് ആളുകള്‍ കൂട്ടമായി എത്തിയാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നതിനാലാണ് ചടങ്ങുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ഹൈറേഞ്ചിലെ പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രം, ചെറായിക്കല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമടക്കം പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഇന്ന് പതിവുപൂജകള്‍ മാത്രം. അയ്യപ്പന്‍കോവില്‍ ക്ഷേത്ര പരിസരത്ത് ബലിതര്‍പ്പണം നടത്തി ഇടുക്കി ജലാശയത്തില്‍ സ്‌നാനം ചെയ്യാന്‍ ആയിരങ്ങളാണ് മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ എത്തിയിരുന്നത്. ശിവരാത്രി കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ പിതൃബലി തര്‍പ്പണം നടത്തുന്നത് കര്‍ക്കിടക വാവിനാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാന വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം പേര്‍ ഇവിടെ എത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചോടെ ആരംഭിച്ചിരുന്ന തര്‍പ്പണ ചടങ്ങുകള്‍ ഉച്ചകഴിഞ്ഞാണ് അവസാനിച്ചിരുന്നത്. ഒരേസമയം അഞ്ഞൂറിലധികം പേര്‍ക്ക് പിതൃബലി തര്‍പ്പണത്തിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു. കുടുംബസമേതം ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച്‌ അന്നദാനത്തിലും പങ്കെടുത്താണ് വിശ്വാസികള്‍ മടങ്ങിയിരുന്നത്.

ഇന്ന് രാവിലെ മുതല്‍ പിതൃമോക്ഷ പ്രാപ്തിക്കായി ക്ഷേത്രത്തില്‍ പിതൃനമസ്‌കാരവും തിലകഹവനവും നടക്കും. ടോക്കണ്‍ അനുസരിച്ച്‌ പത്തുപേര്‍ക്ക് വീതം ഒരേസമയം ദര്‍ശനത്തിനു സൗകര്യമൊരുക്കിയിട്ടുണ്ട്. 2018ലെ പ്രളയത്തില്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ക്ഷേത്രം വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. വള്ളത്തിലും ചങ്ങാടത്തിലുമായാണ് മേല്‍ശാന്തിയും ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നത്. തുടര്‍ന്ന് അന്നത്തെ കര്‍ക്കിടക വാവ് ദിനത്തില്‍ തീരത്തെ പുല്‍മേട്ടിലാണ് ബലി തര്‍പ്പണ ചടങ്ങുകള്‍ നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷവും ക്ഷേത്രം വെള്ളത്താല്‍ ചുറ്റപ്പെട്ടിരുന്നു

Related Articles

Back to top button