KeralaLatest

ഫോക് ലോർ യുവപ്രതിഭ പുരസ്ക്കാരം ജയകുമാറിന്, പുള്ളുവൻ പാട്ടിന് അംഗീകാരം

“Manju”

മാവേലിക്കര- കലാകുടുംബത്തിലേക്ക് വീണ്ടും പുരസ്കാരം. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുള്ളുവൻ പാട്ടിന്റെ പാരമ്പര്യ അവകാശികളായ കടവൂർ ഉണിച്ചിരേത്ത് കുടുംബാംഗമായ ജി.എസ് ജയകുമാറിന് ഫോക്ലോർ യുവപ്രതിഭ പുരസ്ക്കാരം ലഭിച്ചു. കാൽ നൂറ്റാണ്ട് കാലമായി നാഗകളമെഴുത്തും പുള്ളുവൻ പാട്ടും ജീവത ചര്യയാക്കിയ ജയകുമാറിന് പിതാവും പുള്ളുവൻ പാട്ട് ആചാര്യനുമായ മാവേലിക്കര കെ.ഗോപിനാഥൻ നിന്നാണ് പാരമ്പ്യര്യമായി കലാരൂപം പകർന്നുലഭിച്ചത്. 2013ൽ കെ.ഗോപിനാഥന് ഫോക് ലോർ ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു.

ചെട്ടികുളങ്ങര ക്ഷേത്ര അവകാശികളായ 13 കരകളിലെ ഏക പുള്ളുവ കുടുംബമാണ് ഉണിച്ചിരേത്ത്. കടവൂർ ഹൈന്ദവ കരയോഗം സെക്രട്ടറിയാണ് ജി.എസ് ജയകുമാർ. കേരളത്തിന് അകത്തും പുറത്തും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 1993ൽ ഡൽഹിയിൽ സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത തമസോമ ജ്യോതിർഗമയ എന്ന പരിപാടിയിൽ പുള്ളുവൻ പാട്ടും നാഗകളമെഴുത്തും നടത്തിയിരുന്നു. 96ൽ ടൂറിസം വകുപ്പിന്റെ കലോത്സവത്തിൽ വിശാലമായ നാഗക്കളവും 2000ൽ ഫോക്ക് ലാന്റിന്റെ പരിപാടിയിൽ എഷ്ടനാഗക്കളവും 2002ൽ മലബാർ മേളയിൽ സർപ്പംപാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചു. 2005ൽ ഭോപ്പാലിൽ നടന്ന ഫെസ്റ്റിവൽ ഓഫ് സാക്രേഡ് ഗ്രോവ്സിൽ കളമെഴുത്തും സർപ്പംപാട്ടും അവതരിപ്പിച്ചതും ജയകുമാറാണ്.

സാംസ്കാരിക വകുപ്പിന്റെ വജ്യ ജൂബിലി ഫെലോഷിപ്, കിർത്താഡ്സിന്റെ നാടൻ കലാമേള പുരസ്കാരം, ഫോക് ലാന്റ് അനുഷ്ഠാന കലാപുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ജയകുമാറിനെ തേടി എത്തിയിട്ടുണ്ട്. ആൾ ഇന്ത്യ റേഡിയോ ബി.ഗ്രേഡ് ആർറ്റിസ്റ്റ് ആണ്. പുള്ളുവൻ സമിതി സംസ്ഥാന ട്രഷററാണ്. അന്യംനിന്നു പോകുന്ന ഈ കലാരൂപം പുതിയ തലമുറയെ പഠിപ്പിക്കുന്നതിനായി ശ്രീനാഗരാജാ കലാവേദി രൂപീകരിച്ച് കൂടുതൽ കലാകാരൻമാരിലേക്ക് കലാരൂപം എത്തിക്കുകയാണ് ഇപ്പോൾ ജയകുമാർ.

നാൽപ്പത് വർഷമായി കലാരൂപം അവതരിപ്പിക്കുന്ന സുഭദ്രാ ഗോപിനാഥാണ് മാതാവ്. ഭാര്യ- ശാലിനി. ജഗദീശ്വർ, ജഗൽപ്രഭ എന്നിവരാണ് മക്കൾ.

Related Articles

Back to top button