IndiaKannurKeralaLatestMalappuramThiruvananthapuramThrissur

സംസ്ഥാനത്ത് എന്‍ജിനിയറിങ് കോളേജുകള്‍ക്ക് ആദ്യമായി സ്വയംഭരണ പദവി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് എന്‍ജിനിയറിങ് കോളേജുകള്‍ക്ക് സ്വയംഭരണപദവി ലഭിച്ചു. എന്‍ജിനിയറിങ് കോളേജുകള്‍ക്ക് ആദ്യമായാണിത് ലഭിക്കുന്നത്. കൊച്ചിയിലെ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, കോട്ടയത്തെ സെയ്ന്റ് ഗിറ്റ്സ് കോളേജ് ഓഫ് എന്‍ജിനിയറിങ്, തിരുവനന്തപുരത്ത് മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ക്കാണ് സ്വയംഭരണ പദവി ലഭിച്ചത്.

ഈ അക്കാദമികവര്‍ഷംമുതല്‍ പത്തുവര്‍ഷത്തേക്കാണ് യു.ജി.സി. സ്വയംഭരണപദവി അനുവദിച്ചത്. ഈ മൂന്നുകോളേജുകള്‍മാത്രമേ സംസ്ഥാനത്തുനിന്ന് അപേക്ഷിച്ചിരുന്നുള്ളൂ. സ്വയംഭരണപദവിക്ക് ഇടതുമുന്നണി തത്ത്വത്തില്‍ എതിരായിരുന്നെങ്കിലും പിന്നീട് നയത്തില്‍ മാറ്റംവന്നു. സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ കോളേജടക്കം 19 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് സ്വയംഭരണ പദവിയുണ്ട്.

സ്വയംഭരണപദവി ലഭിക്കുന്ന കോളേജുകള്‍ക്ക് സ്വന്തംനിലയില്‍ പാഠ്യപദ്ധതി രൂപവത്കരിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും. പരീക്ഷയും കോളേജ് തലത്തില്‍ത്തന്നെ. സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല നല്‍കും. എന്നാല്‍, അതില്‍ പഠിച്ച കോളേജിന്റെ പേര് രേഖപ്പെടുത്തും. സാധാരണ കോളേജുകളുടെ പേര് സര്‍വകലാശാലാ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താറില്ല.

സര്‍വകലാശാലയിലുള്ളതുപോലെത്തന്നെ സ്വയംഭരണ കോളേജുകളില്‍ അക്കാദമിക കൗണ്‍സിലും ബോര്‍ഡ് ഓഫ് സ്റ്റഡീസും പരീക്ഷാ കണ്‍ട്രോളറുമുണ്ടാകും. കരിക്കുലവും സിലബസും ഈ അക്കാദമികസമതികളാണ് രൂപവത്കരിക്കുക. സ്വന്തംനിലയില്‍ കോഴ്സുകള്‍ക്ക് രൂപംനല്‍കാനും സ്വയംഭരണ കോളേജുകള്‍ക്ക് കഴിയും.

Related Articles

Back to top button