Uncategorized

മദ്യപാനം കാന്‍സര്‍ സാധ്യത കൂട്ടുമെന്ന് ലോകാരോഗ്യസംഘടന

“Manju”

കുറച്ചൊക്കെ കുടിച്ചാലും കുഴപ്പമൊന്നുമില്ലെന്നത് ഒരു പഴമൊഴിയായി മാറുകയാണ്.  എന്നാല്‍ ഇത് ആരും കണ്ണുംപൂട്ടി വിശ്വസിക്കണ്ട. ആരോഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നാണ് ലോകാരോഗ്യസംഘടന നല്‍കുന്ന മുന്നറിയിപ്പ്. എത്ര അളവ് മദ്യം അകത്താക്കുന്നു എന്നതിലല്ല മറിച്ച്‌ ആല്‍‌ക്കഹോള്‍ അടങ്ങിയ ഏതൊരു പാനീയവും ആദ്യതുള്ളി കുടിക്കുന്നതില്‍ തുടങ്ങി ആരോഗ്യം പ്രശ്നമായി തുടങ്ങും എന്നാണ് ഡബ്യൂഎച്ച്‌ഓ പറയുന്നത്. എത്രയധികം കുടിക്കുന്നോ അത്ര‌ത്തോളം അപകടകരവും എത്ര കുറച്ച്‌ മദ്യപിക്കുന്നോ അത്ര സുരക്ഷിതവും എന്നുമാത്രമേ ഉറപ്പിച്ച്‌ പറയാന്‍ കഴിയൂ എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.

മദ്യപാനം കൂടുന്നതിനൊപ്പം കാന്‍സര്‍ സാധ്യതയും വര്‍ദ്ധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. അമിത മദ്യപാനം മൂലം യൂറോപ്പില്‍ ‌200 മില്യണ്‍ ആളുകള്‍ കാന്‍സര്‍ സാധ്യതാ പട്ടികയിലുണ്ടെന്നാണ് കണക്കുകള്‍. മിതമായി മദ്യം ഉപയോഗിക്കുന്നതുപോലും യൂറോപ്യന്‍ മേഖലയില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഴ്ച്ചയില്‍ 1.5ലിറ്ററില്‍ കുറവ് വൈനോ 3.5 ലിറ്ററില്‍ കുറച്ച്‌ ബിയറോ 450 മില്ലിലിറ്ററില്‍ കുറവ് സ്പിരിറ്റോ കഴിക്കുന്നതുപോലും ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

ആല്‍ക്കഹോള്‍ അടങ്ങിയ ഏത് പാനീയവും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഥനോള്‍ ശരീരത്തിലെത്തുമ്ബോള്‍ പല പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും അതുവഴി കാന്‍സര്‍ പിടിമുറുക്കുകയും ചെയ്യും. കുടലിലെ കാന്‍സറും സ്തനാര്‍ബുദവും അടക്കം ഏഴോളം കാന്‍സറുകള്‍ക്ക് മദ്യപാനം കാരണമാകും.

വൈന്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് നേരത്തേ മദ്യപാനവും കാന്‍സര്‍ സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമാണെന്നും ഭൂരിഭാഗം ആളുകളും ഇത് അറിയാതെ മദ്യം ഗുണം ചെയ്യുമെന്ന് കരുതുന്നവരാണെന്നും പഠനത്തില്‍ പറയുന്നു.

Related Articles

Back to top button