KeralaLatest

മനസ്സില്ലാത്ത മടക്കം മരണത്തിലേക്ക്

“Manju”

പറവൂര്‍ : മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പംനിന്ന്‌ അവന് കൊതിതീര്‍ന്നിരുന്നില്ല. അപ്പോഴാണ്  അമ്മവന്ന് വീട്ടിലേക്ക് വിളിക്കുന്നത്.  മടിച്ച് മടിച്ച് മുത്തശ്ശനേയും മുത്തശ്ശിയേയും തിരിഞ്ഞ് തിരിഞ്ഞ് നോക്കി അവന്‍ വിഷമത്തോടെ പടിയിറങ്ങി.  അത്‌ ആ നാലുവയസ്സുകാരന്റെ അവസാനയാത്രയായി. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പംനിന്ന്‌ കൊതിതീരാതെയാണ്‌ അനുപം കൃഷ്ണഎന്ന ആ നാലുവയസ്സുകാരന്റെ യാത്ര. അങ്കണവാടിയില്‍ പോകുന്നുണ്ടായിരുന്ന കുട്ടി രണ്ടുദിവസംമുമ്പാണ് കോട്ടുവള്ളി കൊടവക്കാട്ടുള്ള അമ്മയുടെ വീട്ടിലെത്തിയത്. എന്നാല്‍, ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ പുത്തന്‍വേലിക്കരയിലെ വീട്ടിലേക്ക് കൊണ്ടുവരാന്‍ അമ്മ രേഷ്മ തന്റെ മാതാപിതാക്കളായ പ്രദീപിനോടും രേഖയോടും പറഞ്ഞു. രണ്ടുദിവസം അങ്കണവാടി അവധിയായതിനാല്‍ തിരിച്ചുപോകാന്‍ മടിച്ച കുട്ടി അവസാനം നിര്‍ബന്ധത്തിന് വഴങ്ങിയാണ് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം യാത്രതിരിച്ചത്.

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനുമുകളിലേക്ക്‌ വഴിയരികിലെ തണല്‍മരം വീഴുകയായിരുന്നു. അതിന്റെ അടിയില്‍പ്പെട്ട ഇവരെ ഓടിക്കൂടിയ നാട്ടുകാരാണ്‌ പുറത്തെടുത്തത്. ഇവരെ, ആദ്യം പ്രവേശിപ്പിച്ച പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ശര്‍മ എന്നിവര്‍ സന്ദര്‍ശിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. വാരിയെല്ല്‌ ഒടിഞ്ഞ്‌ ശ്വാസകോശത്തില്‍ തുളച്ചുകയറിയതായാണ്‌ എറണാകുളം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ പരിശോധനയില്‍ കണ്ടത്‌. രേഖയും പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലുണ്ട്‌.

മരത്തിന്റെ അടിഭാഗം ദ്രവിച്ച്‌ പൊള്ളയായ നിലയിലാണ്. ഇലകള്‍ നിറഞ്ഞ മരമായതിനാല്‍ പുറമേനിന്ന് നോക്കിയാല്‍ അപകടാവസ്ഥ മനസ്സിലാകുമായിരുന്നില്ല. അടിയില്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കാറുണ്ടായിരുന്നു. മരം അപകടാവസ്ഥയിലാണെന്ന പരാതി കിട്ടിയിരുന്നില്ലെന്ന് പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button