KeralaLatestThiruvananthapuram

തിരുവനന്തപുരം തീരദേശ മേഖലകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ബാങ്കുകൾ തുറക്കും

“Manju”

തിരുവനന്തപുരം: സമ്പർക്കരോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇടവ മുതൽ പൊഴിയൂർ വരെയുള്ള തീരദേശ മേഖലയെ മൂന്നായി തിരിച്ച് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.

തീരദേശത്തെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഓഗസ്റ്റ് ആറാം തീയതി വരെ നീട്ടുകയും ചെയ്തിരുന്നു. തീരദേശ മേഖലകളിൽ മൊബൈൽ എ.ടി.എമ്മുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും എ.ടി.എം കാർഡ് ഇല്ലാത്തവരാണ് ഭൂരിഭാഗം ആളുകളും.

ഈ സാഹചര്യത്തിലാണ് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയത്. എന്നാൽ, ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാവുവെന്നും കർശന നിർദേശമുണ്ട്.

അതേസമയം, ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതപ്പെടുത്താനും ജില്ലാ കളക്ടർ നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

പ്രതിരോധപ്രവർത്തങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 5,000 പരിശോധന കിറ്റുകളും 3,000 പി.പി.ഇ കിറ്റുകളും 500 ഫേസ് ഷീൽഡുകളും ഉടൻ ജില്ലാ ഭരണകൂടത്തിന് കൈ മാറുമെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു.

Related Articles

Back to top button