KeralaKozhikodeLatest

വടകര അഴിയൂരില്‍ വീണ്ടും കോവിഡ്; നാലു പേര്‍ക്ക് രോഗബാധ

“Manju”

വി.എം.സുരേഷ് കുമാർ

വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നാലുപേരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. നേരത്തെ സെന്റര്‍ മുക്കാളിയില്‍ പഴക്കുല വ്യാപാരം നടത്തുന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത ആളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ പെട്ടവരാണ് ഇവര്‍. ഇതുമായി ബന്ധപ്പെട്ടു 68 ആളുകളുടെ സ്രവ പരിശോധനയില്‍ 64 പേരുടെ ഫലം വന്നിട്ടും നാലു പേരുടെ ഫലം വ്യക്തമായിരുന്നില്ല. ഒടുവില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഫലം പോസിറ്റീവ് ആണെന്ന വിവരം ലഭിച്ചത്.

ഇവരുമായി ബന്ധപ്പെടുന്ന ചോമ്പാല്‍ ബീച്ച് റോഡ്, എരിക്കുംച്ചാല്‍ റോഡ്, നടുച്ചാല്‍ റോഡ് എന്നിവ ശനിയാഴ്ച രാവിലെ പോലീസ് അടച്ചിരുന്നു. ഇതു കണ്ടു നാലുപേരുടെ ഫലം പോസിറ്റീവ് ആണെന്ന ശ്രുതി പരന്നിരുന്നു. എന്നാല്‍ ഫലം ലഭിച്ചില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാത്രിയോടെ ഫലം പുറത്തു വരികയായിരുന്നു.

അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന 68 പേരുടെ സ്രവ പരിശോധയില്‍ 64 പേരുടെ ഫലം വന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും നാലുപേരുടെ ഫലം വൈകിച്ചത് ആരോഗ്യവകുപ്പിന്റ കുറ്റകരമായ അനാസ്ഥയാണെന്ന് അഴിയൂര്‍ പഞ്ചായത്ത് ജനകീയ മുന്നണി യോഗം അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ചയാണ് 68 പേരുടെ സ്രവ പരിശോധന നടന്നത്. ചെയര്‍മാന്‍ കെ. അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.ബാബുരാജ്, ഇ.ടി. അയ്യൂബ്, കെ.ഭാസ്‌കരന്‍, പ്രദീപ് ചോമ്പാല, വി.കെ.അനില്‍കുമാര്‍, സി. സുഗതന്‍, എം.ഇസ്മായില്‍, ഹാരിസ് മുക്കാളി, കെ.പി.രവീന്ദ്രന്‍, വി.പി.പ്രകാശന്‍,, കെ.പി.വിജയന്‍, കാസിം നല്ലോളി, കെ.കെ.ഷെറിന്‍ പ്രസംഗിച്ചു.

Related Articles

Back to top button