EntertainmentKeralaLatest

രണ്ട് വര്‍ഷക്കാലം സൂക്ഷിച്ചു, പക്ഷെ കൊറോണ വിട്ടില്ല – കണ്ണന്‍ സാഗര്‍

“Manju”

മലയാള സിനിമ – ടെലിവിഷന്‍ രംഗത്ത് സജീവമായ നടനാണ് കണ്ണന്‍ സാഗര്‍. വ്യത്യസ്ഥത കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്ന നടനാണ് അദ്ദേഹം. മുന്‍കരുതലുകള്‍ ഏറെ എടുത്തിട്ടും കൊവിഡ് തന്നെ പിടികൂടിയതിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ പറഞ്ഞിരിക്കുകയാണ് താരം. കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ അഞ്ച് ദിവസമായി താന്‍ കൊറോണയ്ക്ക് കീഴ്പ്പെട്ടിരിക്കുകയാണന്നും നടന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
“രണ്ടു വര്‍ഷകാലം സൂക്ഷിച്ചു, ലിറ്റര്‍ കണക്കിന് സാനിറ്റൈസര്‍ ഉപയോഗിച്ചും, ഒന്നല്ല രണ്ടു മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും ഞാന്‍ കൊറോണയെ പുശ്ചിച്ചു, ആത്മ ധൈര്യത്തോടെ ഞെളിഞ്ഞിരുന്നു. പക്ഷേ, എന്നെ വിട്ടില്ല.. പിടികൂടി.., ശരീരംവേദന, ശ്വാസം മുട്ടല്‍, തലവേദന, ഇടവിട്ടുള്ള പനി, മണവും, രുച്ചിയും എപ്പഴോ നഷ്ടപ്പെട്ടു, ശരീരം വലിഞ്ഞു മുറുകുന്നപോലെ, ഉറക്കം തീരെയില്ല കൂടെ ചങ്ക് തകരുന്ന ചുമയും. കൊറോണ എന്നെ അവന്റെ കൈകളില്‍ ഇട്ടു താണ്ഡവമാടുന്നു, വയ്യ ഈ രോഗം നിസാരമല്ല, അവന്‍ പിടിമുറുക്കിയാല്‍ അനങ്ങാന്‍ പോലും പറ്റില്ല. വീട്ടുകാരുടെ ആധി അവരെ സെയിഫ് ആക്കാന്‍ ശ്രമിക്കുന്നുണ്ട്, എനിക്ക് ഭക്ഷണം കൊണ്ടു തരുബോഴും എന്റെ പാത്രം വെച്ചിട്ട് ഞാന്‍ മാറിപ്പോകും അതിലേക്കു ആഹാരം ഇട്ടുതന്നു ഭാര്യ ഒരു ചോദ്യം,”കുറവുണ്ടോ “ഉണ്ടെന്നല്ലാതെ എന്തുപറയാന്‍, ഇച്ചിരി ഭക്ഷണം കഴിക്കാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും സമയം ഞാന്‍ എടുത്തിട്ടില്ല, മൂന്നോ നാലോ പിടിഅകത്താക്കി പാത്രം മാറ്റിവെക്കും, സുഹൃത്തുക്കളും ബന്ധുക്കളും ഫോണ്‍ വഴി ഓടിപ്പോകുന്ന ഫ്ളൈറ്റിലെ പൈലറ്റിനു നിര്‍ദ്ദേശം കൊടുക്കുന്നപോലെ വിളിവരും, സത്യത്തില്‍ സംസാരിക്കാന്‍ കൂടിവയ്യ, പലചിന്തകളും മനസില്‍ ഓടിവരും, ഞാന്‍ ശരിക്കും ഇന്നാണ് ഒന്ന് ശ്വാസം വിട്ടു തുടങ്ങിയത്.
മദ്യപാനവും, പുകവലിയും മറ്റു ലഹരികള്‍ ഒന്നും ഉപയോഗിക്കാതെ ഇരുന്നതിനാലും, ഒരു ഡോസ് കോവീ ഷീല്‍ഡ് വാക്സിന്‍ എടുത്തതു കൊണ്ടും നന്നായി എന്നാണ് ഡോക്ടറിന്റെ അഭിപ്രായം. ഈ രോഗം ഉദ്ദേശിക്കുന്നതിലും വളരെ വലുതാണ്, കൈ തൊഴുതു പറയുകയാണ് പ്രിയപ്പെട്ടവര്‍ ശ്രദ്ധിക്കണം, ഏതു സമയം എന്ത് ബുദ്ധിമുട്ട് എന്നു പറയാന്‍ വയ്യാത്ത അവസ്ഥ, ഞാന്‍ ഇത് എഴുതി ഇടുന്നതിന് തന്നെ കുറഞ്ഞത് രണ്ടു മണിക്കൂര്‍ എടുത്തു.
ടേക്ക് കെയര്‍..”

Related Articles

Back to top button