KeralaLatest

കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ പരിശോധിപ്പിക്കാനുള്ള സർക്കാർ തീരുമാനം നല്ലതല്ല : സൈബർ വിദഗ്ധർ

“Manju”

തിരുവനന്തപുരം• കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ പൊലീസിനെകൊണ്ട് പരിശോധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സൈബർ വിദഗ്ധർ. സിഡിആർ (കോൾ ഡീറ്റൈൽസ് റെക്കോഡർ) കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ അനുസരിച്ചായിരിക്കും ഗുണദോഷങ്ങൾ. ഒരു വ്യക്തിയുടെ ഫോൺകോൾ സംബന്ധിച്ച കാര്യങ്ങളെല്ലാം സിഡിആറിലൂടെ അറിയാൻ കഴിയും. മൊബൈൽ രേഖകൾ തെറ്റായ രീതിയിൽ ഉപയോഗിക്കാനിടയുള്ള ഉദ്യോഗസ്ഥരുടെ കയ്യിൽ സിഡിആർ ലഭിച്ചാൽ ആ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ചോര്‍ന്നേക്കാം.

ഒരു കേസിൽ പൊലീസ് സംശയിക്കുന്നവരുടേയോ, കോൾ വിവരങ്ങൾ ലഭിക്കാൻ ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്നവരുടേയോ മൊബൈൽ നമ്പരുകളും കോവിഡ് രോഗികളുടെ മറവിൽ വിവര ശേഖരണത്തിനായി മൊബൈൽ ഫോൺ കമ്പനികൾക്ക് കൈമാറാനിടയുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് താഴെയുള്ള ഉദ്യോഗസ്ഥരുടെ ‘വ്യക്തി താൽപര്യങ്ങൾ’ മനസിലാകണമെന്നില്ല. കോവിഡ് നിയന്ത്രണത്തിനായി ഒരു വ്യക്തിയുടെ സിഡിആർ എടുത്താൽ ആയാളുടെ സമ്പർക്കപ്പട്ടിക കണ്ടെത്താൻ കഴിയണമെന്നില്ലെന്ന് സൈബർ രംഗത്തുള്ളവർ പറയുന്നു.

ഒരു വ്യക്തി മൊബൈലുമായി പോയ സ്ഥലങ്ങൾ കൃത്യമായി അറിയാൻ കഴിയുമെങ്കിലും സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ ആ വ്യക്തിതന്നെ വെളിപ്പെടുത്തേണ്ടിവരും. നേരിട്ടു സമ്പർക്കം പുലർത്തുന്നവരുമായി ഫോണിൽ എപ്പോഴും സംസാരിക്കേണ്ടതില്ലാത്തതിനാൽ ആരെയൊക്കെ ഫോണ്‍ വിളിച്ചു, ഏതൊക്കെ നമ്പരിൽനിന്ന് ഫോൺ വന്നു എന്നതും പ്രസക്തമല്ല. നിരീക്ഷണത്തിലുള്ള വ്യക്തി ഫോൺ വീട്ടിൽവച്ച് പുറത്തിറങ്ങിയാലും ഫോൺപരിശോധന ഗുണം ചെയ്യില്ല. പഴയ മോഡൽ ഫോൺ ഉപയോഗിക്കുന്നവരുടെ ജിപിഎസ് ലൊക്കേഷൻ കണ്ടെത്താനാകാത്തതും പരിശോധനയ്ക്കു തിരിച്ചടിയാണ്.

ഒരു മൊബൈൽ നമ്പർ ഉപയോഗിക്കുന്ന ആളിനെ ആരൊക്കെ വിളിച്ചു, അവർ ആരെയൊക്കെ വിളിച്ചു, എവിടെനിന്നെല്ലാം എസ്എംഎസ് വന്നു, ആർക്കൊക്കെ എസ്എംഎസ് അയച്ചു തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാനാണ് പൊലീസ് സാധാരണ സിഡിആർ പരിശോധിക്കുന്നത്. വിളിച്ച സമയം, തീയതി, ടവർ, കോളിന്റെ ദൈർഘ്യം, ഐഎംഇഐ നമ്പർ, സിം ഐഡി, ഇൻകമിങ് കോളാണോ ഔട്ട്ഗോയിങ് കോളാണോ തുടങ്ങിയ കാര്യങ്ങളെല്ലാം സിഡിആറിലുണ്ടാകും. ഒരാൾ നിൽക്കുന്ന സ്ഥലം മൊബൈൽ രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നതിനെ ടവർ ലൊക്കേഷൻ പരിശോധിക്കുന്നു എന്നാണ് സാധാരണ പറയുന്നതെങ്കിലും ഈ പരിശോധനയിൽ സാധാരണ കാര്യമായ പ്രയോജനം ലഭിക്കാറില്ല.

ജിപിഎസ് ലൊക്കേഷൻ പരിശോധിക്കുമ്പോഴാണ് മൊബൈൽ ഇരിക്കുന്ന കൃത്യമായ സ്ഥലം അറിയാൻ കഴിയുക. ഇതിനു ലൊക്കേഷൻ ബട്ടൺ ഫോണിൽ ഓൺ ചെയ്തിരിക്കണം. ജിപിഎസ് വിവരങ്ങൾ ശേഖരിക്കുന്നതിനെ ഐപി ഡംപ് പരിശോധന എന്നാണ് പറയുക. ഉപഭോക്താവിന്റെ ഡാറ്റ, വൈഫൈ വിവരങ്ങൾ ഇതിലൂടെ ലഭിക്കും. ഒരു മൊബൈൽ ഉപഭോക്താവിന്റെ ഐഡന്റിറ്റി ആയ ഐപി ഉപയോഗിച്ചായിരിക്കും വിവരങ്ങൾ ശേഖരിക്കുക. നഗരത്തിൽ ഒരു നമ്പറിന്റെ ടവർ ലൊക്കേഷൻ നോക്കിയാൽ വ്യക്തി നിൽക്കുന്ന സ്ഥലവുമായി ഒരു കിലോമീറ്റർ വരെ വ്യത്യാസം വരാം.

നാട്ടിൻപുറത്ത് ഇത് 6 കിലോമീറ്റർ വരെയാകാം. എന്നാൽ ജിപിഎസ് ലൊക്കേഷനാണെങ്കിൽ കൃത്യമായ സ്ഥലം അറിയാൻ കഴിയും. ജിപിഎസ് ലൊക്കേഷൻ പരിശോധിക്കാൻ ഫോൺ വിളി രേഖകൾ വേണ്ടെന്നിരിക്കേ പൊലീസ് നടത്തുന്ന നീക്കം സംശയകരമാണെന്ന് വിദഗ്ധർ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് വ്യക്തി താൽപര്യങ്ങൾ വന്നാൽ കൂട്ടത്തോടെ ഫോൺരേഖകൾ ശേഖരിക്കുന്ന സാഹചര്യം ഉണ്ടാകാം. ഇന്റലിജൻസ് എഡിജിപിക്കും, പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കുമാണ് ഫോൺ രേഖകൾ ശേഖരിക്കേണ്ട ചുമതല.

ഇന്ത്യൻ ടെലഗ്രാഫ് ആക്ട് വകുപ്പ് 5(2) പ്രകാരം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭംഗം വരുന്ന സന്ദർഭത്തിലോ കുറ്റകൃത്യം തടയാനോ സർക്കാരിന്‍റെ അനുവാദത്തോടെ ഫോൺ ചോർത്താം. ഇന്ത്യൻ ടെലഗ്രാഫ് ഭേദഗതി ചട്ടം 2007 അനുസരിച്ച് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ് ഫോൺ നിരീക്ഷണത്തിനു അനുമതി നൽകാൻ അധികാരം. 60 ദിവസമാണ് കാലാവധി. അത്യാവശ്യഘട്ടങ്ങളിൽ ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കും ഇത് നിരീക്ഷിക്കാം. എന്നാൽ 3 ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയെ അറിയിച്ച് 7 ദിവസത്തിനകം ഉത്തരവ് നേടണം.

ആഭ്യന്തര സെക്രട്ടറി നൽകുന്ന ഉത്തരവ് ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ വിലയിരുത്തും. കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചായിരിക്കണം ഫോൺവിവരങ്ങൾ പരിശോധിക്കേണ്ടത്. ഇന്‍ഫർമേഷൻ ടെക്നോളജി നിയമത്തിൻറെ 69–ാം വകുപ്പനുസരിച്ച് സർക്കാരിന് ചില സാഹചര്യങ്ങളിൽ ന്യായമായ കാര്യങ്ങൾക്ക് വ്യക്തിഗത രേഖകൾ നിരീക്ഷിക്കാമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നിലവിലുണ്ട്. കോവിഡിന്റെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ഈ വർഷമാണ് ഉത്തരവിറങ്ങിയത്. 2011ലെ ഐടിചട്ടങ്ങൾ അനുസരിച്ച് ഏറ്റവും സ്വകാര്യമായ വിവരങ്ങൾ എടുക്കാൻ മാത്രമേ വ്യക്തിയുടെ അനുമതി ആവശ്യമുള്ളൂ. ഫോൺ നമ്പർ ആ ഗണത്തിൽ വരില്ല.

Related Articles

Back to top button