കോഴിക്കോട്: ദിവസേന ലക്ഷക്കണക്കിന് രൂപ മറിയുന്ന സമാന്തര ലോട്ടറി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും സജീവമാകുന്നു.
കേരള ലോട്ടറി നറുക്കെടുപ്പിലെ വിജയ നമ്പറിന്റെ അവസാന മൂന്നക്കം മുന്‍കൂട്ടി എഴുതിവാങ്ങിയാണ് സമാന്തര ലോട്ടറി തട്ടിപ്പ്. നമ്ബര്‍ എഴുതിവാങ്ങി ഒരു ടിക്കറ്റിന് പത്തുരൂപ കണക്കാക്കി ‘അദൃശ്യ ടിക്കറ്റ്’വില്പന നടത്തുകയാണ് സംഘം ചെയ്യുന്നത്. ഒരു നമ്ബറില്‍ 50 ടിക്കറ്റ് വരെ വാങ്ങുന്നവരുണ്ട്.
സംസ്ഥാന ലോട്ടറി നറുക്കെടുപ്പിന്റെ വിജയ നമ്പറിന്റെ അവസാന മൂന്നക്കവും നേരേത്ത എഴുതി നല്കിയ മൂന്ന് നമ്ബറും ഒന്നായിവന്നാല്‍ ടിക്കറ്റ് ഒന്നിന് 5,000 രൂപ തോതില്‍ സമ്മാനം നല്‍കുകയാണ് ചെയ്യുന്നത്. ടിക്കറ്റ് നമ്പറുകള്‍ നേരത്തേ വാട്സ് ആപ് ചെയ്യുകയും ആവശ്യമായ ടിക്കറ്റിന്റെ എണ്ണം കണക്കാക്കി ഓരോ ടിക്കറ്റിനും പത്തുരൂപ തോതില്‍ പണം ഗൂഗിള്‍ പേ വഴി സംഘത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ഒരുമിച്ചിരുന്നോ ഓഫിസ് തുറന്നോ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ആരൊക്കെയാണ് ടിക്കറ്റ് വാങ്ങുന്നത്, ആരാണ് സമാന്തര ലോട്ടറിയുടെ നടത്തിപ്പുകാര്‍ എന്നതൊന്നും അധികപേരും അറിയില്ല.
പതിനായിരക്കണക്കിന് രൂപയാണ് ഓരോ ദിവസവും തട്ടിപ്പുസംഘങ്ങള്‍ക്ക് ലാഭമായി കിട്ടുന്നത്. എ-ബോര്‍ഡ്, ബി-ബോര്‍ഡ്, സി -ബോര്‍ഡ് എന്നപേരിലും സംഘം തട്ടിപ്പു നടത്തുന്നതായി ലോട്ടറി വ്യാപാരികള്‍ പറയുന്നു. പന്നിയങ്കര, കുന്ദമംഗലം, ചേവായൂര്‍, കസബ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സമാന്തര ലോട്ടറി വില്പനയുമായി ബന്ധപ്പെട്ട് കേസുകളുണ്ട്. കസബ പൊലീസ് അടുത്തിടെയാണ് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് രണ്ടുപേരെ അറസ്റ്റുെചയ്തത്. പെട്ടെന്ന് ജാമ്യം ലഭിക്കുന്ന കുറ്റമായതിനാല്‍ ഇത്തരക്കാര്‍ ഈ രംഗത്തുനിന്ന് പൂര്‍ണമായും ഒഴിഞ്ഞുപോവില്ല. സമാന്തര ലോട്ടറി കേസില്‍ അറസ്റ്റിലായവരില്നിന്നായി ഒന്നരവര്‍ഷത്തിനിടെ പത്തുലക്ഷത്തോളം രൂപയാണ് പൊലീസ് പിടികൂടിയത്.
ലോട്ടറി വ്യാപാരികളിലെ വിരലിലെണ്ണാവുന്ന ചിലരുടെ ഒത്താശയും തട്ടിപ്പു സംഘങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് സൂചന. ജി.എസ്.ടി വന്നതിനുപിന്നാലെയാണ് സമാന്തരലോട്ടറി മുമ്പില്ലാത്തവിധം വ്യാപിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന പലരും സമാന്തരലോട്ടറിക്കുപിന്നാലെ പോകുന്നതോടെ സര്‍ക്കാറിന് വലിയ നികുതിവരുമാനമാണ് നഷ്ടമാകുന്നത്.