IndiaKeralaLatest

ശാന്തിഗിരിയിൽ സന്ന്യാസദീക്ഷാ വാര്‍ഷികം നാളെ

20 പേർ സന്ന്യാസിമാരാകും, ബ്രഹ്മചാരി സംഘത്തിൽ എൺപത് പേർ

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ പുതുതായി ഇരുപത് പേർ കൂടി സന്ന്യാസിമാരാകും. എൺപതോളം യുവതീയുവാക്കൾ ബ്രഹ്മചാരി സംഘത്തിലേക്ക് ചേരും. മുപ്പത്തിയെട്ടാമത് സന്ന്യാസദീക്ഷാ വാർഷികദിനമായ ഒക്ടോബർ 5 ന് ബുധനാഴ്ച ഗുരുസ്ഥാനീയ ശിഷ്യപൂജിത സഹകരണമന്ദിരത്തിൽ വെച്ച് പത്തൊൻപത് പേർക്ക് ദീക്ഷ നൽകും. ഇതിൽ ഒരാൾ ജർമ്മൻ സ്വദേശിയായ സ്റ്റെഫാൻ ഷീസ്സ്ൽ ആണ്. ആദ്യമായാണ് ഒരു വിദേശിക്ക് ആശ്രമത്തിൽ നിന്നും ദീക്ഷ നൽകുന്നത്. ഇതോടെ 86 പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘം 106 പേരാകും. ഇത്തവണ ദീക്ഷ ലഭിക്കുന്നവരിൽ കണ്ണൂരിലെ പാനൂർ സ്വദേശിയായ മനോജ്കുമാർ. സി.പി. പോലീസ് സേനയിലെ അംഗമാണ്. വിജയദശമി ദിനത്തിൽ ബ്രഹ്മചാരി-ബ്രഹ്മചാരിണി സംഘത്തിൽ ചേരുന്നവരിൽ അഞ്ചു പേർ കേരളത്തിന് പുറത്തുനിന്നുള്ളവരാണ്.

1984 ഒക്ടോബര്‍ നാലിനാണ് ശാന്തിഗിരിയിൽ പ്രഥമസന്ന്യാസദീക്ഷാ കർമ്മം നടന്നത്. 31 പേർക്കാണ് നവജ്യോതിശ്രീകരുണാകരഗുരു അന്ന് ദീക്ഷ നൽകിയത്. ‘ഗുരുധർമ്മപ്രകാശസഭ’ എന്നാണ് ശാന്തിഗിരിയിലെ സന്ന്യാസ സംഘത്തിന് ഗുരു കല്പിച്ച പേര്. തുടർന്ന് എല്ലാവർഷവും വിജയദശമി ദിനത്തിൽ സന്ന്യാസദീക്ഷാ വാർഷികം സമുചിതമായി ആഘോഷിക്കുന്നു. ദീക്ഷയോടൊപ്പം വസ്ത്രവും പുതിയ നാമവും നൽകും. പേരിനൊപ്പം പുരുഷൻമാർക്ക് ‘ജ്ഞാന തപസ്വി’ എന്നും സ്ത്രീകൾക്ക് ‘ജ്ഞാന തപസ്വിനി’ എന്നുമാണ് നാമകരണം ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ 26ന് ആരംഭിച്ച പ്രാർത്ഥനാസങ്കൽപങ്ങൾക്കും സത്സംഗത്തിനും വാർഷിക ദിനത്തിൽ സമാപനമാകും. അന്നേദിവസം രാവിലെ 6 മണിയുടെ ആരാധനയോടെ ചടങ്ങുകൾ ആരംഭിക്കും. 7 ന് താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും നിയുക്തരായവരുടേയും പ്രത്യേക പുഷ്പാജ്ഞലി നടക്കും. 12 മണിയുടെ ആരാധനയ്ക്ക് ശേഷം ദീക്ഷാവാർഷികം ചടങ്ങുകളും സമ്മേളനവും നടക്കും. ആത്മീയ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങുകളിൽ സംബന്ധിക്കും. ഉച്ചയ്ക്ക് ഗുരുപൂജയും വിവിധ സമർപ്പണങ്ങളും നടക്കും.വൈകുന്നേരം 6 ന് ആരാധനയ്ക്ക് ശേഷം പുഷ്പസമർപ്പണവും തുടർന്ന് ദീപപ്രദക്ഷിണവും ഉണ്ടാകും. ആശ്രമം സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസെഷൻ ഇൻ-ചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സീനിയർ ജനറൽ മാനേജർമാരായ ഡി.പ്രദീപ്കുമാർ,ടി.കെ.ഉണ്ണികൃഷ്ണപ്രസാദ്, എ.ജി.എം പത്മകുമാർ. എസ് എന്നിവർ പങ്കെടുത്തു.

പ്രാർത്ഥനാസങ്കൽപ്പങ്ങളുടെ ഒൻപതാം ദിനമായ ഇന്ന് (ഒക്ടോബർ 4 ചൊവ്വ) രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പസമർപ്പണം നടന്നു. രാവിലെ 10 ന് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ സ്വാമി ജനനന്മ ജ്ഞാന തപസ്വി, ജനനി പ്രമീള ജ്ഞാന തപസ്വിനി, ജനനി മംഗള ജ്ഞാന തപസ്വിനി എന്നിവർ ആശ്രമ ജീവിതവുമായ ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെയ്ക്കും. 11.30ന് കോട്ടയം ദർശന അക്കാഡമി ഡയറക്ടർ ഫാ.ജിനു മച്ചുകുഴി സി.എം.ഐ ആത്മീയ പ്രഭാഷണം നടത്തും. വൈകിട്ട് 4 ന് നടക്കുന്ന സൈബർ അവയർനസ്സ് പ്രോഗ്രാമിൽ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ എസ്.പി. ഇ.എസ്.ബിജുമോൻ അംഗങ്ങൾക്ക് ക്ലാസെടുക്കും. വൈകിട്ട് 6 ന് ആരാധനയ്ക്കും പുഷ്പസമർപ്പണത്തിനും ശേഷം രാത്രി 8 ന് നടക്കുന്ന സത്സംഗത്തിൽ സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി സംസാരിക്കും. സത്സംഗ പരമ്പരയുടെ സമാപനദിനമായ ഇന്ന് രാത്രി 8.30 ന് ഗുരുവിന്റെ ഉദ്യാനത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ പ്രഭാഷണവും ഉണ്ടാകും.

Related Articles

Back to top button