InternationalLatest

അമേരിക്കയിൽ മരണം 200,000 കവിഞ്ഞു, കാരണം കൊറോണ മാത്രമല്ല !

“Manju”

2020ല്‍ ആദ്യത്തെ ഏഴ് മാസങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞെന്ന് കണക്കുകള്‍. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായ അമേരിക്കയില്‍ കോവിഡ് ഇല്ലായിരുന്നെങ്കിലും മരണനിരക്ക് ഇക്കൊല്ലം അധികമാണെന്നാണ് സിഡിസി (സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍) ഡേറ്റ പറയുന്നത്. ജൂലൈ മാസം വരെയുള്ള കണക്കില്‍ കോവിഡ് മരണങ്ങളെ ഒഴിവാക്കിയാല്‍ പോലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ എട്ട് ശതമാനത്തിലേറെ മരണങ്ങളുണ്ടായെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിന് കാരണമെന്താണ്?

ഓരോ മരണസര്‍ട്ടിഫിക്കറ്റിനൊപ്പവും മരണത്തിലേക്ക് നയിച്ച മൂന്ന് കാരണങ്ങള്‍ കൂടി ആരോഗ്യ വകുപ്പിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് രേഖപ്പെടുത്തി വെക്കാറുണ്ട്. ഇതുപ്രകാരം ഏറ്റവും കൂടുതല്‍ അമേരിക്കക്കാരുടെ മരണത്തിന് കാരണമാകുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളാണ്. രണ്ടാം സ്ഥാനത്ത് അര്‍ബുദമാണുള്ളത്. 2020ല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം അപ്രതീക്ഷിതമായി പടര്‍ന്നുപിടിച്ച കോവിഡ് 19 മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിട്ടുണ്ട്.

അമേരിക്കയിലെ പൗരന്മാരുടെ മരണകാരണങ്ങള്‍ മാത്രമല്ല മരണത്തിന്റെ സാധ്യതാ നിരക്കും സിഡിസി കണക്കുകൂട്ടുന്നുണ്ട്. ഈ പ്രവചനം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രണ്ട് തവണയാണ് ഉയര്‍ന്നിട്ടുള്ളത്. 2017-18ല്‍ അമേരിക്കയില്‍ പടര്‍ന്നു പിടിച്ച ഫ്‌ളുവിന്റെ കാലത്തായിരുന്നു ആദ്യത്തേത്. രണ്ടാമത്തെ ഉയര്‍ന്ന മരണനിരക്കിന് ഇപ്പോള്‍ കോവിഡ് 19നും കാരണമായി.

2017 ഡിസംബറിലും 2018 ജനുവരിയിലുമായിരുന്ന ഫ്‌ളു അമേരിക്കയില്‍ വ്യാപകമായി പടര്‍ന്നത്. ഇക്കാലയളവില്‍ ഏതാണ്ട് 61,000ത്തിലേറെ അമേരിക്കക്കാരാണ് ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് മരിച്ചത്. എന്നാല്‍, ഈ ദുരന്തത്തെ നിഷ്പ്രഭമാക്കും വിധമാണ് കോവിഡ് 19 അമേരിക്കയെ ബാധിച്ചിരിക്കുന്നത്. 2020ലെ ആദ്യ രണ്ട് മാസങ്ങള്‍ പ്രതീക്ഷിച്ചതിലും കുറവ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. എന്നാല്‍, മാര്‍ച്ച് മാസത്തോടെ കോവിഡ് രൂക്ഷമാവുകയും മരണം കുതിച്ചുയരുകയുമായിരുന്നു. പ്രതീക്ഷിത മരണനിരക്കിന് താഴേക്ക് ഇപ്പോഴും അമേരിക്കയിലെ മരണങ്ങള്‍ എത്തിയിട്ടില്ലെന്നും സിഡിസി ഗ്രാഫ് കാണിച്ചുതരുന്നു.

ഓഗസ്റ്റ് ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 1,48,754 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് മരണങ്ങളെ ഒഴിവാക്കിയാല്‍ പോലും ഓഗസ്റ്റ് വരെ പ്രതീക്ഷിച്ചതിനേക്കാള്‍ 16000ത്തിലേറെ മരണങ്ങള്‍ അമേരിക്കയിലുണ്ടായിട്ടുണ്ട്. കോവിഡ് 19 മരണങ്ങള്‍ കണക്കുകൂട്ടുന്നതില്‍ വന്ന പിഴവാകാം ഇതിന്റെ കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Back to top button