KeralaLatest

സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ ഭാര്യ റാണി ജോണ്‍സണ്‍ മാസ്റ്ററിന്റെ ചരമവാര്‍ഷികത്തില്‍ മനസ്സ് തുറക്കുന്നു

“Manju”

ജോലിത്തിരക്കുകള്‍ ഇല്ലാത്ത സമയത്തൊക്കെ ചേട്ടന്‍ വീട്ടില്‍ തന്നെയുണ്ടാകുമായിരുന്നു. ആ സമയങ്ങളൊക്കെ ഞങ്ങള്‍ നാലുപേരും ഒരുമിച്ചാണ് ചിലവഴിക്കുക. എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കും. വീട്ടിലെ കാര്യങ്ങളൊക്കെ ഒരുമിച്ചു ചെയ്യും. അങ്ങനെയായിരുന്നു ആ ദിനങ്ങള്‍. ഞങ്ങള്‍ എല്ലാവരും തമ്മില്‍ വളരെ സൗഹൃദമായിരുന്നു. മോളു ഡാഡിയും ഏറെ നേരം ഒരുമിച്ചിരുന്ന് പല കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു. മോന്‍ അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു.

എങ്കിലും ഡാഡി എവിടെ പോയാലും ഒപ്പം അവനും പോകുമായിരുന്നു. ഡാഡിക്കൊപ്പമുള്ള ഓരോ യാത്രയും അവന് ഒരുപാട് ഇഷ്ടമായിരുന്നു. ചേട്ടന്‍ ബാങ്കിലേക്ക് പോകാന്‍ ഇറങ്ങിയാലും അവനും കൂടെ പോകാന്‍ തയ്യാറെടുക്കും. അപ്പോള്‍ ചേട്ടന്‍ പറയും എടാ ഞാന്‍ ബാങ്കിലേക്കാണ് പോകുന്നതെന്ന്. എന്നാലും ഞാനും വരാം ഡാഡി എന്നു പറഞ്ഞ് അവനും പോകും. പിന്നെ അവന്‍ ഒറ്റയ്ക്ക് എവിടെയും പോയിരുന്നില്ല. കൂടുതലും എന്റെ കൂടെയോ ചേട്ടന്റെ കൂടെയോ ആയിരിക്കും. അതെല്ലാം സന്തോഷം നിറഞ്ഞ കാലമായിരുന്നു.

ചേട്ടന്‍ സംഗീതം നല്‍കിയതില്‍ എനിക്കിഷ്ടപ്പെട്ട ഒരുപാട് പാട്ടുകളുണ്ട്. അതില്‍ ‘എന്റെ മണ്‍വീണയില്‍’ എന്ന ഗാനം എനിക്കേറെ പ്രിയപ്പെട്ടതാണ്. ആ പാട്ട് ചേട്ടനും ഒരുപാട് ഇഷ്ടമായിരുന്നു. അക്കാര്യം എന്നോട് ഇടയ്ക്കിടെ പറയുകയും ചെയ്തിരുന്നു. ഓരോ പാട്ടിന്റെയും റെക്കോര്‍ഡിങ് കഴിഞ്ഞു വന്നാല്‍ വണ്ടിയില്‍ തന്നെയിരുന്ന് ചേട്ടന്‍ റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കിയ ആ പാട്ട് പല തവണ കേള്‍ക്കുമായിരുന്നു. പിറ്റേ ദിവസം നേരം വെളുക്കുന്നതു വരെ ചേട്ടന്‍ അത് ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരിക്കും.

അതിനു ശേഷം പക്ഷേ, അദ്ദേഹം അങ്ങനെയിരുന്ന് കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ചേട്ടന്‍ സ്വന്തം സംഗീതജീവിതത്തില്‍ വളരെ സംതൃപ്തനായിരുന്നു. അപ്രതീക്ഷിതമായി ആദ്യ ദേശീയ പുരസ്കാരം ലഭിച്ചപ്പോഴൊക്കെ അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു.

ആ നിമിഷങ്ങളൊന്നും മറക്കാന്‍ സാധിക്കില്ല. അന്നൊക്കെ വിവിധയിടങ്ങളില്‍ നിന്നുമായി പലരും വിളിക്കുകയും പ്രശംസയറിയിക്കുകയും ചെയ്തിരുന്നു. രണ്ടാം തവണ ദേശീയ പുരസ്കാരം തേടിയെത്തിയപ്പോഴും ചേട്ടന്‍ ഒരുപാട് സന്തോഷിച്ചു.

മക്കള്‍ക്കു രണ്ടു പേര്‍ക്കും സംഗീതം വളരെ ഇഷ്ടമായിരുന്നു. എങ്കിലും മോള്‍ക്കായിരുന്നു കുറച്ചധികം താത്പര്യം. മോന് ബൈക്ക് റേസിങ് ആയിരുന്നു പ്രിയം. എങ്കിലും ഓഫീസില്‍ വച്ച്‌ അവന്‍ പാട്ടുകള്‍ പാടുമായിരുന്നു എന്ന് അവന്റെ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. സ്കൂള്‍ കാലഘട്ടത്തില്‍ സംഗീതപരിപാടികളിലൊക്കെ മോന്‍ പങ്കെടുക്കുമായിരുന്നു. മോള്‍ക്ക് സംഗീതത്തോടുള്ള താത്പര്യം കണ്ടപ്പോള്‍ ചേട്ടന്‍ അവളോടു പറഞ്ഞു നല്ല കഴിവുണ്ടെങ്കില്‍ മാത്രമേ സംഗീതമേഖലയിലേക്ക് കടന്നു വരാവൂ എന്ന്.

അല്ലെങ്കില്‍ പഠനം തുടരണം എന്നായിരുന്നു ചേട്ടന്‍ മോള്‍ക്കു നല്‍കിയ സ്നേഹോപദേശം. പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചതിനു ശേഷമാണ് മോള്‍ സംഗീതത്തിലേയ്ക്കു കടന്നു വന്നത്. അവള്‍ ചിട്ടപ്പെടുത്തിയ ‘ഇളം വെയില്‍ കൊണ്ടു നാം’ എന്ന പാട്ട് അടുത്ത കാലത്ത് റിലീസ് ചെയ്തിരുന്നു.

ഒരു ദിവസം ഓഫിസില്‍ നിന്ന് വീട്ടിലെത്തിയ ശേഷം അര്‍ധരാത്രിയിലാണ് അവള്‍ എന്നെ വിളിച്ച്‌ ആ പാട്ട് ചിട്ടപ്പെടുത്തിയതിനെക്കുറിച്ച്‌ പറഞ്ഞത്. എന്നിട്ട് പല തവണ അവള്‍ അത് പാടിക്കേള്‍പ്പിച്ചു. എനിക്കത് ഒരുപാട് ഇഷ്ടമാവുകയും ചെയ്തു. അതിന്റെ റെക്കോര്‍ഡിങ്ങിനു തയ്യാറെടുക്കുന്നതിനിടയിലാണ് അവളും യാത്രയായത്.

ചേട്ടനു പിന്നാലെ മക്കളും യാത്രയായപ്പോള്‍ എനിക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആ ദുരന്തങ്ങളില്‍ നിന്നൊക്കെ കരകയറാന്‍ എന്നെ പ്രാപ്തയാക്കിയത് എന്റെ ദൈവവിശ്വാസവും പ്രാര്‍ഥനാ ജീവിതവും തന്നെയാണ്. പ്രാര്‍ഥനയിലൂടെ ലഭിച്ച ശക്തി കൊണ്ടാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്. അല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നു എന്നതിനെക്കുറിച്ച്‌ അറിയില്ല.

ഒരുപക്ഷേ അവര്‍ക്കൊപ്പം ഞാനും ഒരു ഫോട്ടോ മാത്രമായി അവശേഷിക്കുമായിരുന്നു. അതല്ലെങ്കില്‍ എന്റെ ജീവിതം മാനസികാശുപത്രിയുടെ ചുവരുകള്‍ക്കുള്ളില്‍ അവസാനിക്കുമായിരുന്നു. അത്ര വലിയ ആഘാതമായിരുന്നു ചേട്ടന്റെയും മക്കളുടെയും വിയോഗം എന്നില്‍ ഏല്‍പ്പിച്ചത്. എന്റെ ഓര്‍മയില്‍ എപ്പോഴും അവര്‍ മാത്രമാണുള്ളത്.

അവരുടെ ഓര്‍മയ്ക്കായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചേട്ടന്റെയും മക്കളുടെയും ഓര്‍മ ദിനങ്ങളില്‍ മറ്റുള്ളവര്‍ക്കായി ചെറിയ സഹായങ്ങള്‍ എത്തിച്ചു കൊടുക്കാറുണ്ട്. കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

Related Articles

Back to top button