KeralaLatestMalappuram

പ്രളയവും കോവിഡും ചതിച്ചു… മണ്‍പാത്രനിര്‍മ്മാതാക്കള്‍ വന്‍ പ്രതിസന്ധിയിലേക്ക്

“Manju”

ശൈലേഷ് കുമാര്‍ കന്മനം

മഞ്ചേരി:ഓണക്കാലങ്ങളിൽ സർക്കാരിന്റെ വിപണനമേളയിലെ നിറ സാന്നിധ്യമായിരുന്ന വിഭാഗമാണ് മൺപാത്ര കച്ചവടക്കാർ. കഴിഞ്ഞ തവണ പ്രളയത്തിലും ഇത്തവണ കൊവിഡ് പ്രതിസന്ധിയിലും പെട്ട് ആടിയുലഞ്ഞ കിടക്കുകയാണ് ഇവരുടെ കർമ്മരംഗം. അന്നന്നത്തെ അന്നത്തിനു വേണ്ടിയുള്ള അദ്ധ്വാനഫലമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ മൺപാത്രക്കുട്ട തലയിൽ ചുമന്ന് നീങ്ങുന്നവർക്ക് ഇപ്രാവശ്യം ഓണസമൃദ്ധിയുടെ നിറമാർന്ന വർണ്ണക്കൂട്ടുകളൊന്നും ഹൃദയത്തിൽ സൂക്ഷിക്കാനാവുന്നില്ല. സർക്കാറിന്റെ ഐ ആർ ഡി പി വിപണനമേള ഇത്തവണ ഇല്ലാത്തതിനാൽ മൺപാത്രങ്ങൾ വഴിയരികിൽ വച്ച് വിൽക്കുകയാണ് മൺകരകൗശല നിർമ്മാതാക്കൾ. രണ്ട് പതിറ്റാണ്ടോളമായി ഐആർഡിപി മേളയിൽ നിറഞ്ഞു നിന്നിരുന്ന ഈ മൺപാത്ര കച്ചവടക്കാർ, ഓണക്കച്ചവട മോഹവുമായി ഇപ്രാവശ്യവും പാത്രങ്ങളോടൊപ്പം, തൃക്കാക്കര അപ്പന്റെ രൂപങ്ങളുമായി എത്തിയിട്ടുണ്ടെങ്കിലും വിപണ മേളയില്ലാത്തതു കൊണ്ട്കച്ചവടം പെരുവഴിയിൽ വെച്ചാക്കി.

പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, ആനക്കയം, പെരിമ്പലം, തുവ്വൂർ, അരീക്കോട് തുടങ്ങി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ കുലത്തൊഴിൽ ആയി മൺപാത്രം നിർമിക്കുന്ന ഒട്ടേറെപ്പേർ മേളകളിൽ പാത്രങ്ങളുമായി എത്താറുണ്ടായിരുന്നു. കഴിഞ്ഞ തവണ പ്രളയം ചതിച്ചു. ഇത്തവണ സീസൺ പ്രതീക്ഷിച്ച് പാത്രങ്ങൾ ഉണ്ടാക്കി. കോവി‍‍ഡ് കാരണം വിപണി ഇല്ലാത്തതിനാൽ പലരും ഉണ്ടാക്കിയ പാത്രങ്ങൾ ആലകളിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. അധ്വാനത്തിന്റെ പ്രതിഫലം പാത്രങ്ങൾ വിറ്റാൽ കിട്ടില്ല. പാരമ്പര്യമായി ചെയ്യുന്ന തൊഴിൽ അന്യം വരാതിരിക്കാൻ ഓണക്കാലം ആകുമ്പോൾ തലച്ചുമടായും മറ്റും കുടുംബം പോറ്റാൻ വഴി കണ്ടെത്തുകയാണ് ഇവരിൽ പലരും. എങ്കിലും ആവശ്യക്കാർ തേടി എത്തും എന്നതാണ് ഇവരുടെ ഓണക്കാല പ്രതീക്ഷ.

Related Articles

Back to top button