HealthLatestTech

കോവിഡ് കാലത്തെ ഹൃദ്രോഗം; ആപ്പിൾ വാച്ചിലെ ഇസിജി ഒരു ജീവൻ രക്ഷിച്ചു!

“Manju”

കേരളത്തിൽ കോവിഡ് ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും പേടിച്ച് ആശുപത്രിയിൽ പോകാതിരിക്കുന്നവരാണ് മിക്കവരും. വാച്ചിലെ ഇസിജി വിലപ്പെട്ട ഒരു ജീവൻ രക്ഷപ്പെടുത്തിയ ഒരു കഥയാണ് ഡോക്ടർ ജ്യോതിദേവ് കേശവദേവ് വിവരിക്കുന്നത്.

പ്രേംകുമാർ സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് എനിക്ക് സന്ദേശം അയയ്ക്കുന്നത്. കയറ്റം കയറുമ്പോൾ ക്ഷീണവും അസ്വസ്ഥതയും. പ്രമേഹത്തിന് ചികിത്സയിലാണ്.

ഞാൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഉപയോഗിക്കുന്നത് ആപ്പിൾ ഫോൺ ആണ് എന്നും ഞാൻ മനസ്സിലാക്കി. പുതിയ ആപ്പിൾ വാച്ച് ആണ് എങ്കിൽ അതിൽ ഒരു ഇസിജി അയച്ചു തരാമോ എന്നു ചോദിച്ചു.

ആപ്പിൾ വാച്ചിലെ ഇസിജി സൗജന്യ സേവനം ആണ്. അദ്ദേഹത്തിന്റെ മറുപടി ഉടനെ വന്നു. ‘ഞാൻ പുതിയ ആപ്പിൾ വാച്ച് ഇന്ന് തന്നെ വാങ്ങാം; ഞാൻ ഇസിജി അയച്ചുതരാം.’

മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം വാച്ച് സ്വായത്തമാക്കി. വാച്ചിൽ ഇസിജി എടുക്കേണ്ടത് എങ്ങനെ എന്നും അത് ഫോണിൽ നിന്ന് എങ്ങനെയാണ് പി ഡി എഫ് ആയി എനിക്ക് അയച്ചു തരേണ്ടതെന്നും വിശദീകരിക്കുകയും ഒരു വിഡിയോ അയച്ചു കൊടുക്കുകയും ചെയ്തു.

മണിക്കൂറുകൾക്കുള്ളിൽ ലീഡ് വൺ ഇ സി ജി എനിക്ക് ലഭിച്ചു. അത് നോർമൽ ആയിരുന്നു.

കഥ ഇവിടെ തീരുന്നില്ല;

പിറ്റേദിവസം കയറ്റം കയറുമ്പോൾ അസ്വസ്ഥത തോന്നിയ സമയത്ത് പെട്ടെന്ന് വിരൽത്തുമ്പിലെ മാന്ത്രിക സ്പർശത്താൽ സെക്കന്റുകൾക്കകം രണ്ടാമത് ഇ സി ജി കൂടി രേഖപ്പെടുത്തി എനിക്ക് അയച്ചുതന്നു. ഒപ്പം വിശദീകരണവും ഉണ്ടായിരുന്നു. ഞാൻ ഒന്നു ഞെട്ടി. അതിൽ ഹൃദ്രോഗത്തിന്റെ വ്യക്തമായ വ്യതിയാനങ്ങൾ ഉണ്ടായിരുന്നു. അനന്തപുരിയിലെ കാർഡിയോളജിസ്റ്റ് എന്റെ സുഹൃത്തായ ആനന്ദ് പിള്ളയ്ക്കും ഞാനത് അയച്ചുകൊടുത്തു. നിമിഷങ്ങൾക്കുള്ളിൽ മറുപടിയും വന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ സാങ്കേതികവിദ്യ കൊറോണ കാലത്ത് വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയാൽ പ്രമേഹം, രക്തസമ്മർദം തുടങ്ങി അനേകം രോഗങ്ങൾക്ക് ടെലിമെഡിസിൻ, റിമോട്ട് മോണിറ്ററിങ് എന്നിവയിലൂടെ രോഗികൾക്ക് ബന്ധപ്പെട്ട് സംശയനിവാരണം നടത്തുവാൻ കഴിയും.

ഭൂരിപക്ഷവും ആശങ്കകൾ മാത്രമായിരിക്കും; പക്ഷേ യഥാർത്ഥത്തിൽ ചികിത്സ വേണ്ട സാഹചര്യങ്ങൾ നിർണയിക്കാതെ പോയാൽ നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകൾ ആയിരിക്കും. ഞാൻ മേൽവിവരിച്ച ആപ്പിൾ വാച്ച് സാധാരണക്കാരന് താങ്ങാനാവാത്ത സാങ്കേതികവിദ്യ ആയിരിക്കാം; പക്ഷേ പ്രമേഹ വിദൂര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന കണക്ട്ടറ്റ് ഗ്ലൂക്കോസ് മീറ്റേഴ്സ്, സി ജി എം ഉപാധികൾ പലതും ശരാശരി 1000 രൂപ മാത്രം വില മതിക്കുന്നതാണ്. ഇത് ഇവിടെ പറയുവാൻ കാരണം അനിയന്ത്രിതമായ പ്രമേഹം കോവിഡ് മരണങ്ങളുടെ പ്രധാന കാരണമായതുകൊണ്ടാണ്.

ആപ്പിൾ വാച്ചിലെ ഇസിജി ഹൃദയാഘാതം കണ്ടുപിടിക്കാനുള്ളതല്ല, സമ്മതിച്ചു. പക്ഷേ, ഈ അടിയന്തിര ഘട്ടത്തിൽ ഒരു ജീവൻ രക്ഷിക്കുവാൻ അത് സഹായിക്കുകയാണെങ്കിൽ എന്തുകൊണ്ടായിക്കൂടാ?

Related Articles

Back to top button