IndiaInternationalLatest

വഴിതെറ്റിപ്പോയ മൂന്ന് ചൈനക്കാര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ക്കിടയിലും സ്നേഹത്തിന്റെയും നന്മയുടെയും വെള്ളിവെളിച്ചമായി മാറിയ ഇന്ത്യന്‍ സൈന്യത്തിനെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ. ഭക്ഷണവും തണുപ്പകറ്റാന്‍ വസ്ത്രവുമായി വഴിതെറ്റിപ്പോയ മൂന്ന് ചൈനീസുകാര്‍ക്കാണ് ഇന്ത്യന്‍ സേന സഹായഹസ്തം നീട്ടിയത്. നോര്‍ത്ത് സിക്കിമിലെ പീഠഭൂമിക്കു സമീപം 17,500 അടി ഉയരത്തില്‍ വഴിയറിയാതെ നിന്ന ഒരു സ്ത്രീ അടങ്ങിയ മൂന്നംഗ സംഘത്തെ രക്ഷപെടുത്തിയ സേന അവര്‍ക്ക് വേണ്ട സഹായം നല്‍കുകയായിരുന്നു.
‘വളരെ കുറഞ്ഞ താപനിലയില്‍ ഒരു സ്ത്രീ അടക്കം മൂന്നു ചൈനീസുകാര്‍ അകപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞ ഉടനെ അപകടം മനസ്സിലാക്കി ഇന്ത്യന്‍ സേന അവിടേക്ക് ഓടിയെത്തി. അവര്‍ക്ക് വേണ്ട ഓക്‌സിജന്‍ അടക്കമുള്ള വൈദ്യസഹായങ്ങളും ഭക്ഷണവും തണുത്തുറഞ്ഞ കാലവസ്ഥയോടു പൊരുതാനുതകുന്ന വസ്ത്രങ്ങളും നല്‍കി.’ സേന ഔദ്യോഗിക വിശദീകരണത്തില്‍ രേഖപ്പെടുത്തി. മൂന്നു പേരെ സഹായിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറും ഭക്ഷണവുമായി പോകുന്ന സൈനികരുടെ ചിത്രങ്ങളും വിഡിയോയും പ്രചരിച്ചിരുന്നു. അവരുടെ കാര്‍ ശരിയാക്കാനും സൈനികര്‍ സഹായിച്ചു. കൂടാതെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും സൈനികര്‍ ശ്രദ്ധിച്ചു. സൈനികര്‍ക്ക് നന്ദി അറിയിച്ചാണ് ചൈനീസ് പൗരന്മാര്‍ യാത്രയായത്. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം ചൈനീസ് സേന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു ദിവസങ്ങള്‍ക്കിപ്പുറമാണ് ഈ സംഭവം.

Related Articles

Back to top button